എല്ലാ കാര്യങ്ങളും ആധാറുമായി ലിങ്ക് ചെയ്യുന്നത് തിയറിയില്‍ നല്ലതാണെന്ന് തോന്നും! പക്ഷേ അത് വളരെ അപകടകരമാണ്; ആധാര്‍ സുരക്ഷിതമല്ലെന്ന് സൈബര്‍ വിദഗ്ധന്റെ വെളിപ്പെടുത്തല്‍

ആധാറിലെ വിവരങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തുമ്പോള്‍ പുതിയ വെളിപ്പെടുത്തലുമായി സൈബര്‍ വിദഗ്ധന്‍ രംഗത്ത്. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വലിയ നടപടികളൊന്നുമുണ്ടായിട്ടില്ലെന്നാണ് സൈബര്‍ നിയമ, ഫോറന്‍സിക് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. പാനുമായും മറ്റും ആധാര്‍ ലിങ്ക് ചെയ്യണമെന്ന സര്‍ക്കാര്‍ നിബന്ധന വളരെ അപകടകരമാണെന്നും സൈബര്‍ സുരക്ഷാ സ്ഥാപനമായ പ്രിവോയന്‍സ് സൈബര്‍ ഫോറന്‍സിക്സിന്റെ സ്ഥാപക പങ്കാളി സൗരഭ് അത്താവാലെ മുന്നറിയിപ്പു നല്‍കുന്നു.

പാനുമായും ആധാറുമായും ബാങ്ക് അക്കൗണ്ടുമായുമെല്ലാം ആധാര്‍ ലിങ്ക് ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ബന്ധം ഏറ്റവും അപകടകരമാണെന്നും സൗരഭ് അത്താവാലെ പറഞ്ഞു. സൈബര്‍ രംഗത്ത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വലിയതോതിലുണ്ട്. ഈ പ്രശ്നം ഇതുവരെ പരിഹരിച്ചിട്ടില്ല. അദ്ദേഹം വ്യക്തമാക്കി. ആധാര്‍ സമ്പ്രദായം തന്നെ സുരക്ഷിതമല്ലെന്നിരിക്കെ ആധാറുമായി എല്ലാം ലിങ്ക് ചെയ്യുന്നത് വളരെ അപകടകരമെന്നാണ് അദ്ദേഹം പറയുന്നത്.

‘എല്ലാ കാര്യങ്ങളും ആധാറുമായി ലിങ്ക് ചെയ്യുന്നത് തിയറിയില്‍ നല്ലതാണെന്ന് തോന്നും. പക്ഷേ അത് വളരെ അപകടകരമാണ്. കാരണം ആധാര്‍ തന്നെ സുരക്ഷിതമല്ല.’ അദ്ദേഹം പറയുന്നു. വെറും 500 രൂപയ്ക്ക് ലക്ഷക്കണക്കിനാളുകളുടെ ആധാര്‍ എങ്ങനെ ചോര്‍ത്താമെന്ന കാര്യം അത്താവാലെ വിശദീകരിച്ചത് ഇങ്ങനെയാണ്- ഹാക്കര്‍, പോര്‍ട്ടല്‍ ആക്സസ് ചെയ്യാന്‍ ശ്രമിക്കും. അത് സാധ്യമാകാനുള്ള സാധ്യതയേറെയാണ്.

ഒരുതവണ സുരക്ഷ വീഴ്ചയുണ്ടാക്കിയാല്‍ അദ്ദേഹത്തിന് ആധാര്‍ വിവരങ്ങള്‍ ലഭ്യമാകും. തങ്ങളുടെ എതിരാളികളുടെ കസ്റ്റമേഴ്സിനെ ചൂഷണം ചെയ്യാന്‍ ആഗ്രഹിക്കുന്ന ബാങ്കുകളും കമ്പനികളും ഈ വിവരങ്ങള്‍ക്ക് ഏറെ വിലകല്‍പ്പിക്കുന്നുണ്ട്.’ സാങ്കേതിക വിദ്യയില്‍ വിദഗ്ധരായ ജഡ്ജിമാരടങ്ങിയ പ്രത്യേക സൈബര്‍ കോടതികളും കര്‍ശന നിയമങ്ങളും നമുക്ക് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

 

Related posts