പിതാവ് നിലത്തെറിഞ്ഞ ഒന്നരവയസുകാരന് രക്ഷയായത് കെഎസ്ഇബി ഡ്രൈവറുടെ സമയോചിത ഇടപെടല്‍, വിനോദിന്റെ ഇരട്ടക്കുട്ടികള്‍ മരിച്ചതിലും ദുരൂഹത, പത്തനംത്തിട്ട സംഭവത്തില്‍ ദുരൂഹതകളേറെ

പത്തനംത്തിട്ട മൂഴിയാര്‍ വനത്തിലെ ആദിവാസി യുവാവ് ഒന്നര വയസുള്ള മകനെ നിലത്തെറിഞ്ഞു ഗുരുതരമായി പരിക്കേല്പിച്ചു. സംഭവവുമായി ബന്ധപ്പെട്ടു മൂഴിയാര്‍ നാല്പതേക്കര്‍ വനവാസി കോളനിയിലെ താമസക്കാരനായ വിനോദ് മൂഴിയാര്‍ പോലീസ് നിരീക്ഷണത്തില്‍. ശനിയാഴ്ച രാത്രി ഏഴോടെ മൂഴിയാറിലെത്തിയ കെഎസ്ഇബിയുടെ വാഹനത്തിന്റെ ഡ്രൈവറാണ് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചത്. ഭാര്യ സുധയുമായുള്ള വഴക്കിനിടെ വിനോദ് ഒന്നര വയസുള്ള മകനെ ബലമായി പിടിച്ചു വാങ്ങി റോഡിലെറിയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

സംഭവം കണ്ട് സ്ഥലത്തെത്തിയ കെഎസ്ഇബിയുടെ വാഹനത്തിലെ ഡ്രൈവര്‍ കുട്ടിയെ എടുത്തു പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ പ്രാഥമിക ചികിത്സ നല്‍കി. തലയോട്ടിക്കു പൊട്ടല്‍ ഉണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പുലര്‍ച്ചെ 2.30ഓടെ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റിയതായി ട്രൈബല്‍ പ്രമോട്ടറായ അനിത പറഞ്ഞു. ഇതിനിടെ വിനോദിനെ മൂഴിയാര്‍ പോലീസ് പിടികൂടി. ഇയാള്‍ വിഷം കഴിച്ചിട്ടുണ്ടെന്ന സംശയത്തെതുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇയാള്‍ നിരീക്ഷണത്തിലാണ്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നു ഭാര്യ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്പ് ഇവരുടെ ഇരട്ടക്കുട്ടികള്‍ മരിച്ചതിലും ഇപ്പോള്‍ ദുരൂഹത ഉയരുന്നുണ്ട്.

കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമാണ്. എടുത്തെറിഞ്ഞതു മൂലമുണ്ടായ വീഴ്ചയില്‍, തലയ്ക്കുള്ളില്‍ മുറിവുണ്ട്. ഇടത് കൈ ഒടിഞ്ഞു. കുഞ്ഞിനെ വീണ്ടും ഇന്നു രാവിലെ സ്‌കാനിംഗിനു വിധേയമാക്കിയ ശേഷം ചികിത്സ തുടരും. പോഷകാഹാരക്കുറവുള്ള കുട്ടിയെന്ന നിലയിലും പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടെന്ന് ഐസിഎച്ച് ആര്‍എംഒ ഡോ.കെ.പി. ജയപ്രകാശ് പറഞ്ഞു.

Related posts