ഇത് ഭയങ്കര മറ്റേപ്പണി ആയിപ്പോയി ! ഈ അമിക്കസ് ക്യൂറി അമേരിക്കന്‍ ഏജന്റാണ്;നവോത്ഥാനത്തെ പുറകോട്ടടിക്കാനുമുളള സാമ്രാജ്യത്വ ഗൂഢാലോചനയുടെ ദുര്‍ഭഗ സന്തതിയാണ് ഈ റിപ്പോര്‍ട്ട്;എംഎം മണിയെ ട്രോളി അഡ്വ. ജയശങ്കര്‍

കേരളത്തില്‍ മഹാപ്രളയം ഉണ്ടായതിനു കാരണം ഡാം തുറന്നുവിട്ടതാണെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ സിപിഎമ്മും സര്‍ക്കാരും പ്രതിരോധത്തിലായിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് മന്ത്രി എംഎം മണിയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. എ ജയശങ്കര്‍. പ്രളയകാലത്ത് ആദ്യം ഡാം തുറക്കില്ലെന്നും പിന്നീട് ഡാം തുറന്നപ്പോള്‍ പത്രക്കാരെ പറ്റിക്കാനാണ് ഡാം തുറക്കില്ലെന്ന് പറഞ്ഞതെന്നും വൈദ്യുതി മന്ത്രി പറഞ്ഞിരുന്നു.

പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്നും ഇത് സംമ്പന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നുമാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് അടുത്ത കാലത്താണ് അമിക്കസ് ക്യൂറിയുടെ ഒലത്തിയ റിപ്പോര്‍ട്ട് വരുന്നതെന്നും നമുക്കു വേണ്ടി നാം സൃഷ്ടിച്ച നമ്മുടെ സ്വന്തം പ്രളയത്തെ കുറിച്ച് റിപ്പോര്‍ട്ട് മാത്രമല്ല ജുഡീഷ്യല്‍ അന്വേഷണവും നടത്തണമെന്നും ജയശങ്കറുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

അഡ്വ.ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം :

ഇത് ഭയങ്കര മറ്റേപ്പണി ആയിപ്പോയി! ഈ തെരഞ്ഞെടുപ്പ് അടുത്ത കാലത്താണ് അമിക്കസ് ക്യൂറിയുടെ ഒലത്തിയ റിപ്പോര്‍ട്ട്. അതും നമുക്കു വേണ്ടി നാം സൃഷ്ടിച്ച നമ്മുടെ സ്വന്തം പ്രളയത്തെ കുറിച്ച്. അതും പോരാ, ഇനി ജുഡീഷ്യല്‍ അന്വേഷണവും നടത്തണം പോലും!

അമിക്കസ് ക്യൂറി അമേരിക്കന്‍ ഏജന്റാണ്. കേരളത്തിലെ ഇടതുപക്ഷ പുരോഗമന മതേതര സര്‍ക്കാരിനെ അട്ടിമറിക്കാനും അതുവഴി നവോത്ഥാനത്തെ പുറകോട്ടടിക്കാനുമുളള സാമ്രാജ്യത്വ ഗൂഢാലോചനയുടെ ദുര്‍ഭഗ സന്തതിയാണ് ഈ റിപ്പോര്‍ട്ട്.അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ വര്‍ഗ ബഹുജന സംഘടനകളും സാംസ്‌കാരിക നായകരും ഉടന്‍ രംഗത്തു വരും.
അമിക്കസ് ക്യൂറി അറബിക്കടലില്‍.

Related posts