ആഫ്രിക്കന്‍ ഒച്ച് പെരുകുന്നു ! ജനം മസ്തിഷ്‌കജ്വര ഭീതിയില്‍; ഒച്ച് ജനജീവിതത്തിന് ഭീഷണിയാകുന്നതിങ്ങനെ…

ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം കോട്ടയത്ത് വ്യാപകമാകുന്നു. പള്ളിക്കത്തോട് ഇളമ്പള്ളി നിവാസികളാണ് ഇപ്പോള്‍ ഒച്ചിന്റെ ശല്യം സഹിക്കാനാകാതെ വലയുന്നത്.

വീടിന്റെ ഭിത്തിയിലും മതിലിലും ചെടിയിലും പറ്റം ചേര്‍ന്നിരിക്കുന്ന ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇവയെ നിയന്ത്രിക്കാന്‍ കഴിയാതെ ജനങ്ങള്‍ പൊറുതിമുട്ടുകയാണ്.

മണല്‍, സിമന്റ്, കോണ്‍ക്രീറ്റുവരെ ഇവയുടെ ഭക്ഷണമെനുവിലുണ്ട്. കിണറ്റില്‍ വീണാലോ കുടിവെള്ളത്തിനും നിറവ്യത്യാസം.

എന്ത് ചെയ്യണമെന്നറിയാതെ നാട്ടുകാര്‍ വ്യാകുലപ്പെടുകയാണ്. പ്രധാനമായും പള്ളിക്കത്തോട് ഇളമ്പള്ളിയിലാണ് ഇവയുടെ ശല്യമേറിയത്.

ഇളമ്പള്ളിയോട് ചേര്‍ന്നുള്ള എലിക്കുളം-വാഴൂര്‍ പഞ്ചായത്തുകളിലും ഒച്ചുകളെത്തിത്തുടങ്ങിയെന്ന് നാട്ടുകാര്‍ പറയുന്നു.

കറിയുപ്പ് വിതറി കൊല്ലാനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ അമിതമായ ഉപ്പിന്റെ ഉപയോഗം മണ്ണിന്റെ രാസഘടനയില്‍ മാറ്റം ഉണ്ടാക്കി കൃഷിക്ക് അനുയോജ്യമല്ലാതാക്കുമോയെന്നാണ് നാട്ടുകാര്‍ക്ക് ഭയം.

ഈ ഒച്ചിന്റെ വിസര്‍ജ്യത്തിലൂടെ മസ്തിഷ്‌കജ്വരം പടരുമെന്നും ആളുകള്‍ ഭയക്കുന്നു.ശല്യം വര്‍ധിച്ചതിനാല്‍ കുമരകം കൃഷിവിജ്ഞാനകേന്ദ്രം മേധാവി ജി. ജയലക്ഷ്മിയുടെ നേതൃത്വത്തില്‍ ഒരു സംഘം പ്രദേശത്തെത്തി, ആഫ്രിക്കന്‍ ഒച്ചിനെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ട്.

ഇവയെ നശിപ്പിക്കുന്നത് അത്ര എളുപ്പമല്ലെന്നതാണ് വാസ്തവം.പ്രതികൂലാവസ്ഥയില്‍, മൂന്നുവര്‍ഷം വരെ തോടിനുള്ളില്‍ സമാധിയിരിക്കാന്‍ കഴിവുണ്ട്.

വര്‍ഷത്തില്‍ അഞ്ചുമുതല്‍ ആറ് തവണ മുട്ടകള്‍ ഇടും. ഓരോ പ്രാവശ്യവും 800-900 മുട്ടകളിടും. 90 ശതമാനം മുട്ടകള്‍ വിരിയാറുമുണ്ട്.

അക്കാറ്റിന ഫുലിക്ക എന്ന ശാസ്ത്രനാമമുള്ള ആഫ്രിക്കന്‍ ഒച്ച് അഥവാ രാക്ഷസ ഒച്ച് പകല്‍ മണ്ണില്‍ ഊഴ്ന്നിറങ്ങി ഒളിച്ചിരിക്കും. രാത്രിയിലാണ് ഇവ ഇരതേടി പുറത്തിറങ്ങുന്നത്.

Related posts

Leave a Comment