ആല്‍പ്‌സില്‍ നിന്നു കണ്ടെടുത്ത മൃതശരീരങ്ങളില്‍ അരനൂറ്റാണ്ടു മുമ്പ് വിമാനാപകടത്തില്‍ മരിച്ച മഹാശാസ്ത്രജ്ഞന്‍ ഹോമി. ജെ. ഭാഭയുടെ ശരീരവും ?

ഫ്രാന്‍സ്: ആല്‍പ്‌സ് പര്‍വതനിരയിലെ മോണ്ട് ബ്ലാങ്കില്‍ നിന്നും കണ്ടെടുത്ത മനുഷ്യശരീര അവശിഷ്ടങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഇന്ത്യയുടെ ആണവപദ്ധതികളുടെ പിതാവായ ഹോമി ജെ ഭാഭയും 11 മലയാളികളമടക്കം 117 പേര്‍ മരിച്ച 1966ലെ എയര്‍ഇന്ത്യാ വിമാനപകടത്തില്‍ ഇനിയും ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. ജര്‍മ്മനിയില്‍ നിന്ന് കപ്പല്‍ കൊണ്ടുവരാനായി പോയ 11 മലയാളികളാണ് അന്ന് അപകടത്തില്‍ മരിച്ചത്. മദ്രാസിലെ സൗത്ത് ഇന്ത്യ ഷിപ്പിങ് കോര്‍പറേഷനിലെ ഉദ്യോഗസ്ഥരായിരുന്നു ഇവര്‍.

വിയന്നയില്‍ നടക്കുന്ന രാജ്യാന്തര അറ്റോമിക് എനര്‍ജി ഏജന്‍സി യോഗത്തില്‍ പങ്കെടുക്കാനായിട്ടാണ് അന്ന് ഹോമി ഭാഭ പുറപ്പെട്ടത്. ഭാഭയെ വധിക്കാന്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ വിമാനം ബോംബ് വച്ച് തകര്‍ക്കുകയായിരുന്നുവെന്ന് പിന്നീട് ഒരു സിഐഎ ചാരന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പൈലറ്റിന്റെ ഭാഗത്തുണ്ടായ പിഴവാണ് അപകടത്തിനിടയാക്കിയതെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ വിമാനാപകടത്തിന്റെ ബാക്കി പത്രമാണ് ഇപ്പോള്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ എന്നാണ് നിഗമനം.

വിമാനാപകട അവശിഷ്ടങ്ങളില്‍ ഗവേഷണം നടത്തുന്ന ഡാനിയല്‍ റോച്ചെ ബോസ്‌റ്റോണ്‍ എന്ന ഗവേഷകന്‍ ആല്‍പ്‌സ് പര്‍വ്വത നിരയിലെ മോബ്ലാ മഞ്ഞുമലയില്‍ നടത്തിയ തിരച്ചിലിലാണ് ഒരു കൈയും കാലിന്റെ മുകള്‍ഭാഗവും കണ്ടെത്തിയത്. ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് തന്റെ ജീവിതത്തിലെ ആദ്യ അനുഭവമാണെന്ന് റോച്ചെ പറയുന്നു. ഇതോടൊപ്പം വിമാനത്തിന്റെ നാലു ജെറ്റ് എന്‍ജിനുകളിലൊന്നും കണ്ടെടുത്തിട്ടുണ്ട്.

മോബ്ലാ ഭാഗത്ത് രണ്ട് പ്രധാന വിമാന അപകടങ്ങള്‍ നടന്നിട്ടുണ്ട്. രണ്ടിലുമായി 150ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു. 1966ലെ ദുരന്തത്തിന് പുറമെ 1950ല്‍ എയര്‍ ഇന്ത്യ ജെറ്റ് വിമാനം ആല്‍പ്‌സ് പര്‍വതനിരയില്‍ തകര്‍ന്നുവീണ് 48 പേര്‍ കൊല്ലപ്പെട്ടിരുന്നു. കണ്ടെടുത്ത അവശിഷ്ടങ്ങള്‍ 1966ലെ അപകടത്തില്‍പ്പെട്ട യാത്രക്കാരുടേതാകാനാണ് സാധ്യതയെന്ന് റോച്ചെ പറഞ്ഞു. ഹെലികോപ്റ്റര്‍ വഴി പര്‍വതത്തില്‍ നിന്ന് താഴെ എത്തിച്ച അവശിഷ്ടങ്ങള്‍ വിദഗ്ധര്‍ പരിശോധിക്കും. മൃതാവശിഷ്ടങ്ങളില്‍ ഭാഭയുടെ ശരീരാവശിഷ്ടമുണ്ടെങ്കില്‍ അരനൂറ്റാണ്ടായി ഉന്നയിക്കപ്പെടുന്ന ഒരു ചോദ്യത്തിനാണ് ഉത്തരം ലഭിക്കുക.

 

Related posts