വായു മലിനീകരണത്തിന്റെ ദൂഷ്യഫലം പുകവലിക്കു തുല്യം; തുടര്‍ച്ചയായി മലിന വായു ശ്വസിക്കുന്നയാളില്‍ ഹൃദ്രോഗസാധ്യത കൂടുതലെന്ന് പഠന റിപ്പോര്‍ട്ട്

pkd-factoryകൊച്ചി: ഇന്ത്യയില്‍ ഹൃദ്രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ നഗരവത്കരണം മുഖ്യ പങ്കുവഹിക്കുന്നതായി സെന്റര്‍ ഓഫ് ക്രോണിക് ഡിസീസ് കണ്‍ട്രോള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ദൊരൈരാജ് പ്രഭാകരന്‍.  കൊച്ചിയില്‍ നടന്ന കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ(സിഎസ്‌ഐ) വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുഎച്ച്ഒ) പരിമിതപ്പെടുത്തിയിട്ടുള്ള വായുമലിനീകരണത്തിന്റെ അളവിനേക്കാള്‍ കൂടുതലാണ് ഇന്ത്യയിലെ മലിനവായുവിന്റെ അളവ്. തുടര്‍ച്ചയായി മലിനമായ വായു ശ്വസിക്കുന്നയാളില്‍ ഹൃദ്രോഗസാധ്യത വളരെ കൂടുതലാണെന്നും ഇതു പുകവലിക്കു തുല്യമാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതായും ഡോ. ദൊരൈരാജ് ചൂണ്ടിക്കാട്ടി.

രാജ്യത്തെ കാര്‍ഡിയോളജിസ്റ്റുകളുടെ എണ്ണം പരിമിതമാണെന്നതാണു ഹൃദ്രോഗ ചികിത്സാ രംഗത്തെ വെല്ലുവിളി. എന്നാല്‍, സാധാരണ ഡോക്ടര്‍മാര്‍ക്കു രോഗികളിലെ ഉയര്‍ന്ന അളവിലുള്ള ബിപി, ഷുഗര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയവ ചികിത്സയിലൂടെ നിയന്ത്രിച്ചാല്‍ ഹൃദ്രോഗ ബാധിതരുടെ എണ്ണം കുറയ്ക്കാന്‍ സാധിക്കും.

യോഗ പോലുള്ള വ്യായാമങ്ങള്‍ ഹൃദ്രോഗ ചികിത്സയ്ക്കു വിധേയരായവര്‍ക്കു സാധാരണജീവിതം സാധ്യമാക്കുന്നതില്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാലു ദിവസം നീണ്ടുനിന്ന സിഎസ്‌ഐ കോണ്‍ഫറന്‍സ്  സമാപിച്ചു.

Related posts