നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ യാത്രക്കാരനു കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മര്‍ദനം; യാത്രക്കാരന്‍ അബോധാവസ്ഥയില്‍ ആശുപത്രിയില്‍

airportകൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മര്‍ദിച്ചതായി പരാതി. പുത്തന്‍വേലിക്കര സ്വദേശിക്കാണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ തലയ്ക്കു പരിക്കേറ്റ യാത്രക്കാരനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ എട്ടോടെ ദുബായിയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മര്‍ദനമേറ്റതെന്ന് പറയപ്പെടുന്നത്.

യാത്രക്കാരന്റെ ബാഗ് എടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകുകയും അയാള്‍ മദ്യപിച്ചെന്നാരോപിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മര്‍ദിച്ചെന്നുമാണ് വിവരം. യാത്രക്കാരന്‍ മദ്യപിച്ചെന്നാരോപിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിച്ചുതള്ളിയെന്നു കാണിച്ച് ദൃക്‌സാക്ഷികള്‍ സിയാല്‍ ടെര്‍മിനല്‍ മാനേജര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.  വീഴ്ച്ചയില്‍ യാത്രക്കാരനു പരിക്കേറ്റെന്നും, രക്തം വാര്‍ന്ന് ബോധരഹിതനായി നിലത്തുകിടക്കുകയായിരുന്നെന്നും ദൃക്‌സാക്ഷികളുടെ പരാതിയില്‍ പറയുന്നു.

Related posts