മകരവിളക്ക് സുരക്ഷ ശക്തമാക്കും, ചൊവ്വാഴ്ച മുതല്‍ രണ്ട് എസ്ഒമാര്‍

makaravilakkuശബരിമല: മകരവിളക്കുമായി ബന്ധപ്പെട്ട തിരക്ക് നിയന്ത്രിക്കാന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കും. സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെതുടര്‍ന്നാണിത്. ഇതിന്റെ ഭാഗമായി സന്നിധാനത്ത് ഉന്നത പോലീസുദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.ചൊവ്വാഴ്ച മുതല്‍ സന്നിധാനത്ത് ഒരു പോലീസ് സ്‌പെഷല്‍ ഓഫീസറെ കൂടി നിയോഗിക്കും. നിലവിലെ എസ്ഒ എസ്. സുരേന്ദ്രനുപുറമെ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമീഷണര്‍ ഡോ. അരുള്‍ ആര്‍. ബി. കൃഷ്ണയെയാണ് നിയോഗിക്കുക. ഇതോടെ ഉത്സവസമയത്ത് രണ്ട് എസ്ഒമാരുണ്ടാകും.

ഇതിനുപുറമെ ഐജിയുടെ സാന്നിധ്യം മുഴുവന്‍ സമയവും സന്നിധാനത്തുണ്ടാകും. തിരക്ക് നിയന്ത്രണത്തില്‍ പ്രാവീണ്യം നേടിയവരും ശബരിമലയില്‍ സേവനം അനുഷ്ഠിച്ച് മുന്‍ പരിചയമുള്ളവരുമായ മുതിര്‍ന്ന അഞ്ച് ഡിവൈഎസ്പിമാര്‍, 12 സിഐമാര്‍, 24 എസ്‌ഐമാര്‍ എന്നിവരടക്കം പുതുതായി 300 പേരെ നിയോഗിക്കും. ചുരുങ്ങിയത് ഒരു മിനിറ്റില്‍ 80 പേരെ പതിനെട്ടാംപടി കയറ്റിവിടാനാണ് നിര്‍ദേശം. പമ്പയില്‍ കുറഞ്ഞത് 11 സെഗ്മെന്റുകളായി തിരിച്ചായിരിക്കും തീര്‍ഥാടകരെ മല കയറ്റിവിടുക. ഇവിടെയും ദ്രുതകര്‍മസേന, ദേശീയ ദുരന്ത നിവാരണസേന എന്നിവയുടെ സേനാംഗങ്ങളെയും നിയോഗിക്കും. ഐജി മനോജ് എബ്രഹാം പമ്പയില്‍ സുരക്ഷാ ക്രമീകരണത്തിന് നേതൃത്വം നല്‍കും. 200 പേരെ കൂടുതലായി സുരക്ഷയ്ക്കായി നിയോഗിക്കും.

പമ്പ സന്നിധാനം പാതയിലെ ശരംകുത്തിയിലുള്ള ക്യൂ കോംപ്ലക്‌സുകളില്‍ ആറെണ്ണം പൂര്‍ണമായും വിനിയോഗിക്കും. ലഘുഭക്ഷണവും കുടിവെള്ളവും മുടക്കമില്ലാതെ ലഭ്യമാക്കാന്‍ നടപടി വേണമെന്ന് ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടു. ക്യൂ കോംപ്ലക്‌സുകള്‍ ഉപയോഗപ്പെടുത്തുക വഴി അവസാനഘട്ടത്തിലെ തിക്കും തിരക്കും നിയന്ത്രിക്കാനാകുമെന്നാണ് പോലീസ് കരുതുന്നത്. ഇക്കുറി സന്നിധാനത്ത് വടക്കേ നട വഴിയുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തും. 1150 മീറ്റര്‍ നീളത്തില്‍ ക്യൂ ക്രമീകരിക്കും. വടക്കേ നട മുതല്‍ ബെയ്‌ലിപാലം വരെയായിരിക്കും ക്യൂ.

ഇവിടെ ഡിവൈഎസ്പിമാരുടെയും സിഐമാരുടെയും പ്രത്യേകം സംഘം തന്നെയുണ്ടാകും. നിലയ്ക്കലില്‍ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.പുല്‍മേട്ടില്‍ ഇടുക്കി ജില്ലാ പോലീസ് മേധാവിയും എരുമേലിയില്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയുമാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല വഹിക്കുന്നത്.

Related posts