കോവിഡ് വാക്‌സിനെതിരേ വിവാദ പ്രസ്താവനയുമായി അഖിലേഷ് യാദവ് ! രാജ്യത്ത് നല്‍കാന്‍ പോകുന്നത് ‘ബിജെപി വാക്‌സിന്‍’എന്നും ഇത് സ്വീകരിക്കില്ലെന്നും യുപി മുന്‍ മുഖ്യമന്ത്രി; അഖിലേഷിനെതിരേ വ്യാപക പ്രതിഷേധം…

കോവിഡ് വാക്‌സിനെതിരേ വിവാദ പ്രസ്താവനയുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. രാജ്യത്തെ എല്ലാവര്‍ക്കും നല്‍കാന്‍ പോകുന്നത് ‘ബിജെപി വാക്സിന്‍’ ആണെന്നും ബിജെപിയുടെ വാക്സിനെ വിശ്വസിക്കാനാവില്ലെന്നും അതിനാല്‍ താന്‍ ഇപ്പോള്‍ വാക്സിന്‍ സ്വീകരിക്കുന്നില്ലെന്നുമാണ് അഖിലേഷ് പറഞ്ഞത്.

ഓക്സ്ഫഡ് സര്‍വകലാശാല നിര്‍മിച്ച കൊവിഡ് വാക്സിന് വെള്ളിയാഴ്ച അനുമതി നല്‍കിയതിനു പിന്നാലെയാണ് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന. ‘ഇപ്പോള്‍ വാക്സിന്‍ സ്വീകരിക്കുന്നില്ല.

എങ്ങനെയാണ് ബി.ജെ.പിയുടെ വാക്സിനെ വിശ്വസിക്കാനാവുക ? ഞങ്ങളുടെ സര്‍ക്കാര്‍ രൂപവത്കരിക്കുമ്പോള്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ ല്യമാക്കും. ബിജെപിയുടെ വാക്സിന്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല’ അഖിലേഷ് പറഞ്ഞു.

അതേസമയം അഖിലേഷിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തുവന്നു. രാജ്യത്തെ ഡോക്ടര്‍മാരെയും ശാസ്ത്രജ്ഞരെയും അപമാനിക്കുന്നതിന് തുല്യമാണ് അഖിലേഷിന്റെ വാക്കുകള്‍.

അദ്ദേഹം മാപ്പ് പറയണമെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഉള്‍പ്പെടെയുള്ളവരും അഖിലേഷിന്റെ പ്രസ്താവനയ്‌ക്കെതിരേ രംഗത്തു വന്നിട്ടുണ്ട്.

വാക്‌സിന് അംഗീകാരം നല്‍കിയതിനു പിന്നാലെ വാക്‌സിന്‍ വിതരണ റിഹേഴ്‌സല്‍(ഡ്രൈ റണ്‍) ശനിയാഴ്ച ആരംഭിച്ചിരുന്നു. ഇത് പൂര്‍ണവിജയമായാല്‍ കുത്തിവയ്പ് ബുധനാഴ്ച ആരംഭിക്കുമെന്നാണു സൂചന.

അതേസമയം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യയില്‍ അനുമതി നല്‍കി. ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക്ക് നിര്മിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനാണ് കോവാക്സിന്‍. 10 മില്യണ്‍ ഡോസുകള്‍ ഇതിനകം തയ്യാറായിക്കഴിഞ്ഞു.

Related posts

Leave a Comment