എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകന്‍ ! മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരാളാണ് അനിലേട്ടന്‍; ബിനീഷ് ബാസ്റ്റിനും അനില്‍ രാധാകൃഷ്ണ മേനോനും തമ്മിലുള്ള പഴയ വീഡിയോ ക്ലിപ് പുറത്ത്…

നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍ അപമാനിച്ച വിഷയം കത്തിപ്പടരുകയാണ്. ഈ അവസരത്തില്‍ ഇരുവരുമൊന്നിച്ചുള്ള ഒരു പഴയ വീഡിയോ ക്ലിപ്പ് ചര്‍ച്ചയാകുകയാണ്. വീഡിയോയില്‍ അനില്‍ രാധാകൃഷ്ണമേനോനെക്കുറിച്ച് ബാസ്റ്റിന്‍ പറയുന്നതിങ്ങനെ…

”എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകനാണ് അനിലേട്ടന്‍. ഞാന്‍ ഒരുപാട് സംവിധായകര്‍ക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ ആരും എന്നെ കണ്ടാല്‍ സംസാരിക്കാറില്ല. എന്നാല്‍ അനിലേട്ടന്‍ അങ്ങനെയല്ല.

മമ്മൂക്ക ഉണ്ടെങ്കിലും ലാലേട്ടന്‍ ഉണ്ടെങ്കിലും അവരോട് സംസാരിക്കുന്ന പോലെയാണ് അനിലേട്ടന്‍ എന്നോട് സംസാരിക്കുന്നത്. മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരാളാണ് അനിലേട്ടന്‍. പുകഴ്ത്തി പറയുന്നതല്ല, എനിക്ക് അദ്ദേഹം ചാന്‍സ് തന്നില്ലെങ്കിലും പ്രശ്നമില്ല” ബിനീഷ് ബാസ്റ്റിന്‍ പറയുന്നു.

മെഡിക്കല്‍ കോളജിലെ കോളജ് ഡേയ്ക്ക് അതിഥിയായെത്തിയ ബിനിഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് അനില്‍ രാധാകൃഷ്ണമേനോന്‍ പറയുകയായിരുന്നു. തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ പറഞ്ഞുവെന്നും അതിനാല്‍ പരിപാടി കഴിഞ്ഞ് വന്നാല്‍ മതിയെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടതായും ബിനീഷ് വെളിപ്പെടുത്തി.

ഇതേത്തുടര്‍ന്ന് പരിപാടി നടക്കുന്നതിനിടെ അനില്‍ രാധാകൃഷ്ണ മേനോന്‍ പ്രസംഗിക്കുന്ന സമയത്ത് വേദിയിലെത്തിയ ബിനീഷ് നിലത്തിരുന്ന് പ്രതിഷേധിച്ച് രണ്ടുവാക്ക് സംസാരിച്ചാണ് പോയത്. സംഭവത്തില്‍ വിശദീകരണവുമായി അനില്‍ രാധകൃഷ്ണ മേനോന്‍ രംഗത്ത് വന്നു.

ബിനീഷിനോട് മാപ്പ് ചോദിച്ച സംവിധായകന്‍, ബിനീഷ് ആയതുകൊണ്ടല്ല, പരിപാടിയില്‍ താനല്ലാതെ മറ്റാരെങ്കിലും ഉണ്ടെങ്കില്‍ തന്നെ ഒഴിവാക്കണമെന്ന് സംഘാടകരോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞു.

Related posts