ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്കുശേഷം രാജമൗലി ഒരുക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ബോളിവുഡ് സുന്ദരി ആലിയ ഭട്ട്. ആർ ആർ ആർ എന്നാണ് രാജമൗലിയുടെ പുതിയ ചിത്രത്തിന്റെ പേര്. സ്വാതന്ത്ര്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ കഥയാണ് രാജമൗലി പറയുന്നത്.
രാം ചരണ്‍, അജയ് ദേവ്ഗണ്, സമുദ്രക്കനി, ജൂനിയർ എൻടി ആർ തുടങ്ങി വൻതാരനിര അണിനിരക്കുന്ന ചിത്രത്തിൽ നായികയായെത്തുന്നത് ബോളിവുഡിന്റെ മിന്നും താരങ്ങളിലൊരാളായ ആലിയ ഭട്ടാണ്. വിവിധ ഭാഷകളിലായാണ് ചിത്രമൊരുക്കുന്നത്.
ഇതാദ്യമായാണ് ആലിയ ഭട്ട് തെന്നിന്ത്യൻ സിനിമയുമായി സഹകരിക്കുന്നത്. സാമന്തയായിരിക്കും ചിത്രത്തിൽ നായികയായി എത്തുന്നതെന്ന തരത്തിലുള്ള റിപ്പോർട്ടുകളായിരുന്നു പ്രചരിച്ചിരുന്നത്. അവസാനനിമിഷമാണ് ചിത്രത്തിലെ നായികയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
ഈ ചിത്രത്തിൽ അഭിനയിക്കുന്നതിനായി ആലിയ ഭട്ടിന് 10 കോടിയാണ് പ്രതിഫലമായി നൽകുന്നതെന്നാണ് വിവരം. ബോളിവുഡിൽ ഏഴുകോടിയാണ് ആലിയയുടെ പ്രതിഫലം. ആർ ആർ ആറിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ആലിയയും സ്ഥിരീകരണം നടത്തിയിട്ടുണ്ട്.
പുതിയ സിനിമയുടെ കാര്യത്തിൽ താൻ എക്സൈറ്റഡാണെന്നാണ് താരം കുറിച്ചിട്ടുള്ളത്. ബാഹുബലി സംവിധായകനൊപ്പം പ്രവർത്തിക്കുന്നതിൽ സന്തോഷവതിയാണ് താനെന്നും താരം വ്യക്തമാക്കിയിരുന്നു. സിനിമയ്ക്കായുള്ള തയാറെടുപ്പിലാണ് താനെന്നും തന്റെ റോളുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ സംസാരിക്കാൻ ഇപ്പോൾ അനുവാദമില്ലെന്നും താരം പറഞ്ഞിരുന്നു.
രാജമൗലി സാറിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ സംതൃപ്തയാണ്. ഇതാദ്യമായാണ് സൗത്ത് ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്നത്. അതിന്റെ സന്തോഷവും തനിക്കുണ്ടെന്നും താരം പറയുന്നു.
400 കോടി മുതൽമുടക്കിലാണ് ചിത്രമൊരുക്കുന്നത്. ബോളിവുഡിലേയും തമിഴിലേയും പ്രമുഖ താരങ്ങളും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. 2020 ജൂലൈ 30നാണ് ചിത്രം റിലീസ് ചെയ്യുകയെന്നുള്ള വിവരവും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.