എല്ലാം തമാശയാക്കാതെ മലയാളി കുറച്ചുകൂടി ഉയര്‍ന്ന നിലവാരത്തില്‍ ചിന്തിക്കണം! തൊഴിലില്ലാത്ത മലയാളി യുവാക്കളുടെ നിരാശയാണ് ട്രോളായി മാറുന്നത്; പരിഹാസം പരിഗണിക്കുക പോലും ചെയ്യുന്നില്ലെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

ചുരുങ്ങിയ ഇടവേളകളില്‍ മലയാളി ട്രോളന്മാരുടെ കടന്നാക്രമണങ്ങള്‍ക്ക് വിധേയനാവുന്ന വ്യക്തിയാണ് അല്‍ഫോന്‍സ് കണ്ണന്താനം. അദ്ദേഹം ചെയ്യുന്നതെന്തായാലും ട്രോളന്മാരുടെ കണ്ണില്‍ പെട്ടാല്‍ ട്രോളൊഴുക്ക് തുടങ്ങുകയായി. പലപ്പോഴും ട്രോളാവുന്ന വിഷയത്തില്‍ അദ്ദേഹം നല്‍കുന്ന വിശദീകരണം വീണ്ടും അബദ്ധമായിട്ടുണ്ട്.

എറണാകുളത്ത് സ്ഥാനാര്‍ത്ഥിയായിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും അദ്ദേഹത്തിനെതിരെയുള്ള ആക്രമണം കൂടുതലാണ്. ഈ സാഹചര്യത്തില്‍ മലയാളിയുടെ ഈ സ്വഭാവം അത്ര നല്ലതല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അല്‍ഫോന്‍സ് കണ്ണന്താനം. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എല്ലാം തമാശയാക്കാതെ മലയാളി കുറച്ചു കൂടി ഉയര്‍ന്ന നിലവാരത്തില്‍ ചിന്തിക്കണമെന്നാണ് അദ്ദേഹം പ്രധാനമായും പറഞ്ഞത്. തൊഴിലില്ലാത്ത മലയാളി യുവാക്കളുടെ നിരാശയില്‍ നിന്നാണ് ട്രോളുകള്‍ ഉണ്ടാകുന്നതെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന കാര്യങ്ങളെ പോലും പരിഹസിച്ച് ട്രോളുകളിറങ്ങിയതോടെയാണ് ട്രോളന്‍മാര്‍ക്കെതിരെ കണ്ണന്താനത്തിന്റെ വിമര്‍ശനം. പ്രളയകാലത്ത് ദുരതിശ്വാസ ക്യാംപില്‍ പോയതിനെയും അതിര്‍ത്തിയില്‍ മരിച്ച സൈനികന്റെ വീട്ടില്‍ പോയതിനെയുമൊക്കെ ട്രോളന്‍മാര്‍ തമാശയാക്കിയത് എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു.

ചോരയും ജീവിതവും കൊടുത്ത് ചെയ്യുന്നതാണ് ഇതൊക്കെ.. ഹു കെയേര്‍സ്…. go and fly kites എന്നു പറയുന്നത് ഇടതും വലതും ഭരിച്ച് കുളമാക്കിയ കേരളത്തിലെ യുവാക്കളുടെ നിരാശയാണ് ട്രോളുകളുടെ പ്രധാനകാരണം. രാവിലെ ആരെ വധിക്കുമെന്നോര്‍ത്താണ് ട്രോളന്‍മാര്‍ എണീറ്റു വരുന്നതെന്നും കണ്ണന്താനം പരിഹസിച്ചു. എന്നാല്‍ ഈ ട്രോളുകളൊന്നും താന്‍ കാണാറില്ലെന്നും ഇതൊന്നും തന്നെ ബാധിക്കില്ലെന്നും കണ്ണന്താനം പറഞ്ഞു. ഇതൊന്നും കാണാറില്ല… സോഷ്യല്‍ മീഡിയ അക്കൌണ്ട് ഡിറ്റെയില്‍സ് പോലും അറിയില്ല.

Related posts