ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് സഞ്ചരിക്കാന്‍ ചാര്‍ട്ടേഡ് വിമാനം! രാജസ്ഥാനിലെ ഉദയ്പൂരില്‍ 5100 പേര്‍ക്ക് അന്നദാനം; മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ വിവാഹം അംബാനി കുടുംബം ആഘോഷമാക്കുന്നതിങ്ങനെ

അംബാനി കുടുംബത്തിലെ വിവാഹമാണ് ഇപ്പോള്‍ ഉന്നതരുടെയിടയില്‍ ചര്‍ച്ചാ വിഷയം. രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനി- നിത അംബാനി ദമ്പതികളുടെ മകള്‍ ഇഷയും ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹമാണ് നടക്കാനിരിക്കുന്നത്. വിവാഹത്തിന് മുന്നോടിയായി അവര്‍ ചെയ്യുന്ന ഓരോന്നും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.

ഡിസംബര്‍ 12നാണ് മുകേഷ് അംബാനി-നിത അംബാനി ദമ്പതിമാരുടെ മകള്‍ ഇഷയും ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹത്തിന് മുന്നോടിയായി ഇരുവരുടെയും പ്രീ-വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് തുടക്കമായി. 5100 പേര്‍ക്ക് അന്നദാനം നല്‍കികൊണ്ടാണ് ഇഷ അംബാനി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.

ഡിസംബര്‍ ഏഴ് മുതല്‍ 10 വരെ തിയതികളില്‍ രാജസ്ഥാനിലെ ഉദയ്പൂരിലുള്ള 5100 പേര്‍ക്കാവും അംബാനിയും കുടുംബവും മൂന്ന് നേരം അന്നദാനം നല്‍കുക. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കാണിത്. ഇഷയുടെ ഭാവി വരന്‍ ആനന്ദ് പിരാമലും അന്നദാനം നടത്തുന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു.

രാജസ്ഥാനിലെ ഉദയ്പൂരിലാണ് ഇഷയുടെ വിവാഹം നടക്കുന്നത്. മൂന്ന് ദിവസം നീളുന്നതാണ് വിവാഹാഘോഷം. ചടങ്ങിലേക്ക് അതിഥികള്‍ക്ക് എത്താനായി 100 ചാര്‍ട്ടേഡ് വിമാനങ്ങള്‍ ബുക്ക് ചെയ്തിരിക്കുന്നു. വിവാഹത്തോട് അനുബന്ധിച്ച് നടക്കുന്ന സംഗീത നിശക്ക് കോഴുപ്പേകുന്നത് ലോകപ്രശസ്ത പോപ് ഗായിക ബിയോണ്‍സായിരിക്കും. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

യു.എസ് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനും ഭാര്യ ഹിലരിയും ചടങ്ങിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും കോടീശ്വര പുത്രിയുടെ വിവാഹവുമായി ബന്ധപ്പെട്ട് കൂടുതല്‍ വാര്‍ത്തകള്‍ ഇനിയും പുറത്തു വരുമെന്നുള്ള പ്രതീക്ഷയിലാണ് അംബാനി കുടുംബത്തെ ഇഷ്ടപ്പെടുന്നവര്‍.

Related posts