അമേരിക്ക നടുങ്ങി: ലാസ് വെഗാസ് വെടിവയ്പ്പിൽ മരണം 50 ആയി

ലാസ് വെഗാസ്: അമേരിക്കയിലെ ലാസ് വെഗാസിലുണ്ടായ വെടിവയ്പ്പിൽ മരണം 50 ആയി. 200ലധികം പേർക്കു പരിക്കേറ്റു. മൻഡേലെ ബേ കാസിനോയിലാണ് വെടിവയ്പ്പുണ്ടായത്. കാസിനോയുടെ 32-ാം നിലയിലാണ് വെടിവയ്പുണ്ടായതെന്നും രണ്ടു പേർ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

ലാസ് വെഗാസിൽ ജാസൺ അൽഡീന്‍റെ നേതൃത്വത്തിൽ സംഗീതപരിപാടി നടന്നു കൊണ്ടിരിക്കെയായിരുന്നു വെടിവയ്പ്പ്. പരിപാടി ആസ്വദിക്കാനായി നിരവധി ആളുകൾ സ്ഥലത്തുണ്ടായിരുന്നു. ഇതാണ് അപകടത്തിന്‍റെ തീവ്രത വർധിപ്പിക്കാൻ കാരണമായത്.

അതേസമയം പോലീസ് നടത്തിയ വെടിവയ്പ്പിൽ അക്രമം നടത്തിയ ഒരാൾ കൊല്ലപ്പെട്ടു. ആക്രമിക്കൊപ്പമുണ്ടായിരുന്ന യുവതി ഹോട്ടലിൽ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൂചന. ഇതേതുടർന്നു പ്രദേശത്തുനിന്നു പോലീസ് ആളുകളെ പൂർണമായും ഒഴിപ്പിച്ചു. യുവതിക്കായുള്ള തെരച്ചിൽ പോലീസ് ഉൗർജിതമാക്കി.

ദേശിക സമയം ഞായറാഴ്ച രാത്രി 10.30 നായിരുന്നു സംഭവം. മാൻഡേലെ ബേ കാസിനോയുടെ സമീപപ്രദേശങ്ങളിൽനിന്ന് ആളുകൾ ഒഴിഞ്ഞു പോകണമെന്ന് പോലീസ് നിർദേശം നൽകിയിരുന്നു. പോലീസ് മുന്നറിയിപ്പിനെ തുടർന്നു ലാസ് വെഗാസ് മക്കാരൻ വിമാനത്താവളം വഴിയുള്ള വിമാനങ്ങൾ വഴിതിരിച്ചു വിടുകയാണ്.

Related posts