ഇത്രയും നാള്‍ കാണിച്ച അബദ്ധം ഇനിയുണ്ടാവില്ല! കടുത്ത മുന്നറിയിപ്പുമായി അമേരിക്കയും ഉത്തരകൊറിയയും; ലോകം യുദ്ധത്തിലേയ്ക്ക് തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍

പരസ്പരം വെല്ലുവിളിച്ച് മുന്നോട്ടു നീങ്ങിയ അമേരിക്കയും നോര്‍ത്തുകൊറിയയും നേരിട്ടുള്ള യുദ്ധമാരംഭിക്കാന്‍ ഇനി അധികസമയം വേണ്ടി വരില്ലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ അഗ്‌നിയും വിദ്വേഷവും കാണാന്‍ കാത്തിരിക്കുകയെന്നാണ് നോര്‍ത്തുകൊറിയയ്ക്കുള്ള കടുത്ത മുന്നറിയിപ്പായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്രയും നാള്‍ കാണിച്ച അബദ്ധം ഇനി അമേരിക്ക ആവര്‍ത്തിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ അമേരിക്ക കൈയോങ്ങും മുമ്പ് അടിച്ച് വീഴ്ത്തുമെന്നാണ് ഇതിനുള്ള മറുപടിയായി ഉത്തര കൊറിയന്‍ പ്രസിഡന്റും സ്വേച്ഛാധിപതിയുമായ കിം ജോംഗ് ഉന്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ലോകം യുദ്ധത്തിലേക്കെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

അമേരിക്കയുടെ പസിഫിക്ക് ടെറിട്ടെറിയായ ഗുവാമില്‍ മിസൈല്‍ ആക്രമണം നടത്തുന്ന കാര്യം തങ്ങള്‍ ഗൗരവമായി ആലോചിച്ച് വരുന്നുവെന്നാണ് ഉത്തരകൊറിയ മുന്നറിയിപ്പേകുന്നത്. ഇവിടെ ആക്രമണം നടത്തുന്നതിനുള്ള പരിശീലനം ഉടന്‍ ആരംഭിക്കുമെന്നാണ് രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ഏജന്‍സിയായ കെസിഎന്‍എയിലൂടെ കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയുടെ വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ കിം ഒരു തീരുമാനമെടുത്താല്‍ ഉടന്‍ നടപടിയാരംഭിക്കുമെന്നും ആര്‍മി വക്താവ് പറയുന്നു. ആന്‍ഡേര്‍സന്‍ എയര്‍ ഫോഴസ്‌ബേസ്, നേവല്‍ ബേസ് ഗുവാം എന്നിവ ഇവിടെയാണ് നിലകൊള്ളുന്നത്.

യുഎസ് തങ്ങള്‍ക്ക് നേരെ പ്രകോപനമുണ്ടാക്കുന്നുവെന്ന സൂചനകള്‍ ലഭിച്ചാല്‍ തങ്ങള്‍ യുഎസിന് നേരെ മുന്‍കൂട്ടി ആക്രമണങ്ങള്‍ ആരംഭിക്കുമെന്നാണ് മറ്റൊരു പ്രസ്താവനയിലൂട മറ്റൊരു മിലിട്ടറി വക്താവ് ഭീഷണി മുഴക്കിയിരിക്കുന്നത്. അമേരിക്ക സൈനികാക്രമണം നടത്തിയാല്‍ അതിനുള്ള മറുപടിയായി വാഷിംഗ്ടണെ കടുത്ത പാഠം പഠിപ്പിക്കാന്‍ തങ്ങള്‍ തയ്യാറായിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്യോന്‍ഗ്യാന്‍ഗ് ഭീഷണിപ്പെടുത്തിയിരുന്നു. അമേരിക്കയ്ക്ക് നേരെ സൈനിക നടപടി ആരംഭിക്കുമെന്ന ഭീഷണി ഇനി അധികകാലം കേട്ടിരിക്കില്ലെന്നും അത് തുടരുകയാണെങ്കില്‍ ഉത്തര കൊറിയയെ ആക്രമിക്കുമെന്ന് തന്നെയാണ് ട്രംപ് കടുത്ത താക്കീതേകിയിരിക്കുന്നത്.

അതിനാല്‍ തങ്ങള്‍ക്ക് നേരെ യാതൊരു തരത്തിലുമുള്ള ഭീഷണിയും മുഴക്കാതിരിക്കുന്നതാണ് ഉത്തരകൊറിയക്ക് നല്ലതെന്നും ട്രംപ് റിപ്പോര്‍ട്ടര്‍മാരോട് വ്യക്തമാക്കിയിരുന്നു. കിമ്മിന്റെ പുതിയ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഓരോ ചലനവും സൂക്ഷ്മമായി നീരീക്ഷിക്കുകയാണ് അമേരിക്ക ചെയ്യുന്നതെന്നും ഇന്നലെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ പ്രേരണയ്ക്ക് വഴങ്ങി യുഎന്‍ അതിന്റെ അധികാരം ദുര്‍വിനിയോഗം ചെയ്താണ് തങ്ങള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതെന്ന് കഴിഞ്ഞ ദിവസം കിം ആരോപിച്ചിരുന്നു. അടുത്തിടെ നോര്‍ത്തുകൊറിയ നടത്തിയ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണം അമേരിക്കയെ കടുത്ത പ്രകോപനത്തിലാക്കിയിരിക്കുകയാണ്. ലോകം മുഴുവന്‍ എതിര്‍ത്തിട്ടും തങ്ങളുടെ മിസൈല്‍ ആണവപരീക്ഷണങ്ങളില്‍ നിന്നും പിന്മാറില്ലെന്ന കടുത്ത നിലപാടാണ് കിം പുലര്‍ത്തി വരുന്നത്. ഏതായാലും ഒരു യുദ്ധം നേരിടാന്‍ തയാറാവേണ്ടിയിരിക്കുന്നു ലോകം മുഴുവന്‍.

 

 

Related posts