മോദിയുടെ ഭരണത്തില്‍ അച്ചാ ദിന്‍ വന്നത് അമിത് ഷായുടെ മകന്‍ ജയ് അമിത് ഷായ്ക്ക്! കമ്പനിയ്ക്കുവേണ്ടി അനധികൃതമായി ഇടപെട്ടതിന്റെ തെളിവുകള്‍ നിരത്തി ദേശീയ മാധ്യമം; മാനനഷ്ടക്കേസ് നല്‍കുമെന്ന് ജയ്‌യുടെ പ്രതികരണം

2014 ല്‍ വന്‍ അട്ടിമറി നടത്തി നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരത്തിലേറിയതിന്റെ ഗുണം കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്കും സ്വന്തക്കാര്‍ക്കും മാത്രമാണെന്ന് ഭരണം തുടങ്ങിയ നാളുകളില്‍ തന്നെ ചര്‍ച്ചയായിരുന്നു. കഴിഞ്ഞദിവസം ഫോര്‍ബ്സ് പുറത്തുവിട്ട അതിസമ്പന്നരുടെ പട്ടിക പുറത്തുവന്നപ്പോള്‍ ആ സംശയം സംശയമല്ലാതായി. ഇപ്പോഴിതാ മോദിയുടെ വിശ്വസ്തനും ബുദ്ധികേന്ദ്രവുമായ അമിത്ഷായുടെ മകനെതിരെ പുതിയ വിവാദം ഉയര്‍ന്നു കേള്‍ക്കുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജെയ് അമിത് ഷായുടെ കമ്പനി കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ലാഭം 16,000 ഇരട്ടിയാക്കി ഉയര്‍ത്തിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ദ വയര്‍ ന്യൂസ് വെബ്സൈറ്റ് പുറത്തുവിട്ട വിവരങ്ങള്‍ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിലുള്‍പ്പെടെ ചൂടേറിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

മോദി അധികാരമേല്‍ക്കുകയും അമിത് ഷാ ബിജെപിയുടെ ദേശീയ അധ്യക്ഷനായി ചുമതലയേല്‍ക്കുകയും ചെയ്തതിനു ശേഷം അമിത്ഷായുടെ മകന്‍ ജയ് അമിത് ഭായ് ഷായുടെ ഉടമസ്ഥയിലുള്ള കമ്പനിയുടെ ലാഭം 16,000 ഇരട്ടിയായി വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ സമര്‍പ്പിച്ച രേഖകള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ജെയ് ഷായുടെ കമ്പനിയായ ഷാസ് ടെംമ്പിള്‍ എന്റര്‍പ്രൈസ് പ്രൈവറ്റ് ലിമിറ്റഡ്, 2013-2014 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി രജിസ്റ്റാര്‍ ഓഫീസില്‍ നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടും അവിടെ സമര്‍പ്പിച്ച ബാലന്‍സ് ഷീറ്റിലും നല്‍കിയ കണക്കുകള്‍ പ്രകാരം 6,23,01,724 രൂപയുടെ നഷ്ടത്തിലായിരുന്നു. എന്നാല്‍ 2014ല്‍ മോദി അധികാരത്തിലെത്തിയ ആദ്യസാമ്പത്തികവര്‍ഷം 2014-2015 വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത് ഷാ കമ്പനിക്ക് ആ ഒരു വര്‍ഷം 18,728 രൂപ ലാഭം ലഭിച്ചുവെന്നാണ്. ആദ്യ വര്‍ഷം 18,728 രൂപ ലാഭമുണ്ടാക്കിയ കമ്പനി തൊട്ടടുത്തവര്‍ഷം പൂര്‍ത്തിയാക്കിയത് 80.5 കോടി ലാഭത്തിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

2015-16 സാമ്പത്തിക വര്‍ഷത്തില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരമാണ് കമ്പനി 80.5 കോടിയുടെ ലാഭം നേടിയിരിക്കുന്നത്. ഇതോടെ വരും ദിവസങ്ങളില്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാകാവുന്ന വിഷയമായി ഇത് മാറിയിരിക്കുകയാണ്. അമിത് ഷായുടെ ഭാര്യ സോന ഷായ്ക്കും കമ്പനി ഓഹരിയില്‍ ഉടമസ്ഥതയുണ്ട്. അതേസമയം, ഷാക്കെതിരായി എന്തെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ അപകീര്‍ത്തി കേസ് നല്‍കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മാണിക് ദോഗ്ര ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ മുഴുവന്‍ കളവാണെന്നും മാധ്യമസ്ഥാപനത്തിന്റെ പേരില്‍ 100 കോടി രൂപയുടെ നഷ്ടപരിഹാരമാവശ്യപ്പെട്ട് അഹമ്മദാബാദ് കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കുമെന്നും ജയ് അമിത് ഷാ പ്രതികരിച്ചു. സിവില്‍- ക്രിമിനല്‍ മാനനഷ്ടക്കേസുകള്‍ നല്‍കും. നിയമം അനുസരിച്ചുള്ളതാണെന്ന് തന്റെ ബിസിനസ്. എല്ലാ നിയമക്രമങ്ങളും അനുസരിച്ചും കുടുംബസ്വത്ത് പണയം വെച്ചുമാണ് വായ്പയെടുത്തത്. പലിശയടക്കം വായ്പ കൃത്യസമയത്ത് തിരിച്ചടച്ചുവെന്നും ജയ് ഷാ പറയുന്നു.

 

Related posts