ഇവിടെയാണ് ഞാന്‍ വീണു പോയത്; ഇവിടെ നിന്നുമാണ് മരണത്തെ തോല്‍പ്പിച്ച് ഞാന്‍ മടങ്ങിയെത്തിയത്; അമിതാഭ് ബച്ചന്‍ പറയുന്നത്

അമിതാഭ് ബച്ചന്‍ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും നായകനാണ്. അല്ലെങ്കില്‍ പുനീത് ഇസാറിന്റെ ഇടിയില്‍ ബിഗ്ബി എന്നന്നേക്കുമായി പരലോകം പൂകിയേനേ. പരിക്കേറ്റ് ആശുപത്രിയിലെത്തിയപ്പോള്‍ മരിച്ചു എന്നു തന്നെയാണ് ഡോക്ടര്‍മാര്‍ ആദ്യം വിധിയെഴുതിയതും. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്കൊടുവിലാണ് ബിഗ് ബി ജീവിതത്തിലേയ്ക്ക് അവിശ്വസനീയമായി തിരിച്ചുവന്നത്. ശരിക്കും ഒരു സിനിമാസ്റ്റൈല്‍ തിരിച്ചുവരവ്.

1983ല്‍ പുറത്തിറങ്ങിയ കൂലിയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. പുനിത് ഇസാറിന്റെ ഇടിയേറ്റ് വീണ ബച്ചന്റെ അടിവയറ്റിലാണ് മേശയിലിടിച്ച് ഗുരുതരമായി പരിക്കേറ്റത്. ക്ലിനിക്കലി ഡെഡ് എന്നാണ് ഏതാനും നിമിഷനേരത്തേയ്ക്ക് ഡോക്ടര്‍മാര്‍ പറഞ്ഞത്. പിന്നീട് ആഴ്ചകളോളം കോമയിലായിലുമായി. വര്‍ഷങ്ങള്‍ക്കുശേഷം ആ കറുത്ത ഓര്‍മ പുതുക്കിയിരിക്കുകയാണ് ബച്ചന്‍. കൂലിയിലെ ആ സ്റ്റണ്ട് സീനിന്റെ ഒരു സ്റ്റില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ബച്ചന്‍ അന്നത്തെ അനുഭവം പങ്കുവച്ചത്.

കൂലിയിലെ ആ ഇടിയില്‍ ഞാന്‍ വീണുപോയി. മരണത്തിന്റെ വക്കിലെത്തി പിന്നെ എഴുന്നേറ്റു. അതിനെ അതിജീവിച്ചു. എവിടെയാണ് നിര്‍ത്തിയത് അവിടേയ്ക്ക് തിരിച്ചുവന്നു. എന്നെ വീഴ്ത്തിയ ഇടിയെ ഇടിച്ചുവീഴ്ത്തിക്കൊണ്ടു തന്നെ. എഴുന്നേല്‍ക്കൂ, പോരാടു. ഒരിക്കലും വിട്ടുകൊടുക്കരുത്-ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു. മന്‍മോഹന്‍ ദേശായിയുടെ കൂലിയില്‍ ഇഖ്ബാല്‍ അസ്ലം ഖാന്‍ എന്ന ചുമട്ടുതൊഴിലാളിയായാണ് ബച്ചന്‍ വേഷമിട്ടത്. ബാംഗ്ലൂര്‍ സര്‍വകലാശാല കാമ്പസില്‍ നടന്ന ചിത്രീകരണത്തിനിടെ ജൂലായ് 26നാണ് ബച്ചന് പരിക്കേറ്റത്. 200 പേര്‍ ദാനം ചെയ്ത 60 കുപ്പി രക്തം കയറ്റിയാണ് ബച്ചന്‍ രക്ഷപ്പെട്ടത്. രക്തം ദാനം ചെയ്തരില്‍ ഒരാള്‍ക്ക് ഹെപ്പിറ്റൈറ്റിസ് ബി ബാധിച്ചിരുന്നു. ഇയാളുടെ രക്തം സ്വീകരിച്ചതു വഴി ബച്ചന് സിറോസിസ് ബാധിക്കുകയും കരളിന്റെ എഴുപത്തിയഞ്ച് ശതമാനത്തോളം നശിച്ചുപോവുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹെപ്പിറ്റൈറ്റിസ് ബി വാക്സിന്റെ പ്രചരണത്തിനുവേണ്ടി ബച്ചന്‍ ഇറങ്ങിത്തുടങ്ങിയത്.

1983 ജനുവരിയിലാണ് പിന്നീട് ബച്ചന്‍ ഷൂട്ടിങ്ങിന് തിരിച്ചെത്തിയത്. പരിക്ക് കാരണം ചിത്രത്തിന്റെ ക്ലൈമാക്സ് മാറ്റുകയായിരുന്നു മന്‍മോഹന്‍ ദേശായി. ആദ്യത്തെ തിരക്കഥയില്‍ കാദര്‍ ഖാന്‍ ബച്ചന്റെ കഥാപാത്രത്തെ വെടിവെക്കുന്നുണ്ടായിരുന്നു. എന്നാല്‍, പിന്നീട് നായകന്‍ ശസ്ത്രക്രിയക്കുശേഷം തിരിച്ചുവരുന്നതായി മാറ്റിയെടുക്കുകയായിരുന്നു. എന്തായാലും അതൊരു ഒന്നൊന്നര തിരിച്ചുവരവായിപ്പോയെന്നതിന് കാലം സാക്ഷി.

Related posts