അമിത്ഷായുടെ വാക്കുകള്‍ തര്‍ജ്ജിമ ചെയ്തപ്പോള്‍ മാറിപ്പോയതാണ്! മുഖ്യമന്ത്രിയുടെ വാക്കുകള്‍ പക്ഷേ തരംതാണ രീതിയിലായിപ്പോയി; അമിത്ഷായെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ജനങ്ങള്‍ സര്‍ക്കാരിനെ വലിച്ച് താഴെ ഇടുമെന്നാണ് ഷാ പറഞ്ഞതെന്നും കണ്ണന്താനം പറഞ്ഞു.

ജനങ്ങളുടെ വികാരം മനസ്സിലാക്കിയില്ലെങ്കില്‍ വലിച്ച് താഴെയിടുമെന്നാണ് അമിത് ഷാ പറഞ്ഞതെന്നും തര്‍ജ്ജമ ചെയ്തപ്പോള്‍ ചില വാക്കുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറിയതാണെന്നും കണ്ണന്താനം പറഞ്ഞു.

‘അമിത് ഷായെ മുഖ്യമന്ത്രി തടിയനെന്ന് വിളിച്ചത് വ്യക്തിപരമായ അധിക്ഷേപമാണെന്നും അദ്ദേഹം പറഞ്ഞു. ‘മുഖ്യമന്ത്രിയുടെ വാക്കുകള്‍ വ്യക്തിപരമായ അധിക്ഷേപമാണ്. തരംതാണ രീതിയിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. അമിത് ഷാ ജനാധിപത്യപരമായ തെരഞ്ഞെടുപ്പിനെ നയിച്ച ആളാണ്. അദ്ദേഹം ബുദ്ധി ഉപയോഗിച്ച് ഇവിടെ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത്,’ കണ്ണന്താനം പറഞ്ഞു.

തടിയെ കുറിച്ച് മറ്റ് ഏതെങ്കിലും രാജ്യത്താണ് ഇങ്ങനെ പറഞ്ഞതെങ്കില്‍ മാനനഷ്ടക്കേസ് ആയിട്ടുണ്ടാകും. ഞങ്ങള്‍ക്ക് മസില്‍ പവറുണ്ടെന്നും അടിച്ചമര്‍ത്തുമെന്നുമാണ് അദ്ദേഹം പറഞ്ഞതിന്റെ അര്‍ത്ഥം,’ കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

അതേസമയം സുപ്രീംകോടതി വിധി നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലെ എന്ന ചോദ്യത്തിന് കണ്ണന്താനം പ്രതികരിച്ചില്ല. അമിത് ഷാ കോടതിയലക്ഷ്യമല്ലെ നടത്തിയത് എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞില്ല.

കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ അമിത്ഷാ സര്‍ക്കാരിനെതിരെ ഇത്തരത്തില്‍ പ്രസംഗിച്ചത്. അയ്യപ്പ ഭക്തന്മാരെ അടിച്ചമര്‍ത്തുന്ന ഈ സമീപനം തീക്കളിയാണ്. സുപ്രീം കോടതിയുടെ നിരവധി വിധികളുണ്ട്. ആ വിധികളൊന്നും നടപ്പിലാക്കാന്‍ കാണിക്കാത്ത ആവേശം ശബരിമലയുടെ കാര്യത്തില്‍ കാണിക്കുന്നതെന്തിനാണെന്നും അമിത് ഷാ പറഞ്ഞിരുന്നു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ പിന്തുണയ്ക്കുന്ന സമീപനമായിരുന്നു ദേശീയ തലത്തില്‍ ബി.ജെ.പി നേരത്തെ സ്വീകരിച്ചത്. എന്നാല്‍ വിധിയ്‌ക്കെതിരെ കേരളത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ ബി.ജെ.പി നിലപാട് മാറ്റുകയായിരുന്നു.

Related posts