രാഹുൽ ഈശ്വറിന്‍റെ ജാമ്യം ചോദ്യം ചെയ്ത് പോലീസ് കോടതിയിലേക്ക്

കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വറിനെതിരേ വീണ്ടും പോലീസ് നീക്കം. രാഹുലിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സെഷൻസ് കോടതിയെ സമീപിക്കും. വിവാദ പരാമർശത്തിന്‍റെ പേരിൽ ഞായറാഴ്ച അറസ്റ്റിലായ രാഹുലിന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.

ജാമ്യം റദ്ദാക്കാൻ വിസമ്മതിച്ചാൽ വ്യവസ്ഥകൾ കർശനമാക്കണമെന്നാവും പ്രോസിക്യൂഷൻ ആവശ്യപ്പെടുക. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ രാഹുൽ പ്രവേശിക്കുന്നത് തടയണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും.

ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ടു തവണയാണ് രാഹുൽ അറസ്റ്റിലായത്. രണ്ടു തവണയും ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.

Related posts