അമിതവണ്ണം കുറയ്ക്കാം

sthree2016nov25va1അമിതവണ്ണക്കാരില്‍ ജീവിതാവസാനം വരെ അതൊരു ശാപമായി തുടരുന്നു. ജീവിത സാഹചര്യങ്ങളടക്കം പല ഘടകങ്ങളും ഒരു വ്യക്തിയെ പൊണ്ണത്തടിയുടെയും കുടവയറിന്റെയും ഉടമയാക്കും. നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്ന് ആവശ്യമായതിലും അധികം ഊര്‍ജം ശരീരത്തില്‍ എത്തിച്ചേരുമ്പോള്‍ അവ കൊഴുപ്പുകളായി ശരീരത്തില്‍ അടിഞ്ഞുകൂടുന്നു.

ഒരു വ്യക്തിയുടെ സാമ്പത്തിക സാമൂഹിക ചുറ്റുപാടുകള്‍, പ്രായം, ലിംഗഭേദം, ശരീരഘടന, കുടുംബപാരമ്പര്യം, മാനസികാവസ്ഥ, പരിസ്ഥിതിഘടകങ്ങള്‍ എന്നിവയെല്ലാം തന്നെ ശരീരത്തില്‍ എത്തുന്ന ഊര്‍ജത്തിന്റെയും ശരീരത്തില്‍ നിന്നും ചെലവാകുന്ന ഊര്‍ജത്തിന്റെയും സന്തുലനാവസ്ഥയില്‍ വ്യതിയാനം വരുത്തുന്ന പ്രധാന ഘടകങ്ങളാണ്.

കൊഴുപ്പ് കുറയ്ക്കാം

അമിതമായി കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞുകൂടുന്നതിന്റെ ഫലമായിട്ടാണ് പൊണ്ണത്തടിയും കുടവയറും ഉണ്ടാകുന്നത്. കലോറി മൂല്യം കൂടുതലുള്ള ആഹാരങ്ങളുടെ ഉപയോഗവും വ്യായാമക്കുറവും അമിത വണ്ണക്കാരുടെയും കുടവയറുള്ളവരുടെയും തോത് ക്രമാതീതമായി വര്‍ധിക്കുന്നതിന് കാരണമായി.

പ്രായം കൂടുന്നതിനനുസരിച്ച് പേശികള്‍ ദുര്‍ബലമാകുകയോ, ക്ഷയിക്കുകയോ ചെയ്യുന്നു. അത് ശരീരത്തിനുള്ള ഊര്‍ജത്തിന്റെ ആവശ്യകതയെ കുറയ്ക്കുന്നു. എന്നാല്‍ മിക്കപ്പോഴും ഇത്തരക്കാര്‍ ഊര്‍ജം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നവരാണ്.

പുരുഷന്മാര്‍ക്കാണ് സ്ത്രീകളെക്കാള്‍ കൂടുതല്‍ പേശികള്‍ ഉള്ളത്. മറ്റു ശരീരകോശങ്ങളെക്കാള്‍ പേശികളാണ് അധികം ഊര്‍ജത്തെ ചെലവഴിക്കുന്നത്. അതുകൊണ്ടുതന്നെ പ്രവൃത്തികള്‍ ഒന്നും ചെയ്യാതെയിരിക്കുന്ന അവസ്ഥയില്‍പ്പോലും പുരുഷന്മാരുടെ ശരീരത്തില്‍ നിന്നും കൂടുതല്‍ ഊര്‍ജം നഷ്ടപ്പെടുന്നു. ഒരേ അളവിലുള്ള ഊര്‍ജം അടങ്ങിയിരിക്കുന്ന ഭക്ഷണം കഴിക്കുന്ന പുരുഷന്മാരേക്കാളും സ്ത്രീകളില്‍ അമിത വണ്ണവും കുടവയറും കൂടുതലായി കണ്ടുവരുന്നു. സ്ത്രീകളില്‍ ഓരോ ഗര്‍ഭധാരണത്തോടും പ്രസവത്തോടുമനുബന്ധിച്ച് ശരാശരി മൂന്നു മുതല്‍ ആറു കിലോ വരെ ശരീരഭാരം വര്‍ധിക്കാറുണ്ട്.

അമിതവണ്ണത്തിനുള്ള കാരണങ്ങള്‍

പല രോഗാവസ്ഥകളും പല ഔഷധങ്ങളുടെയും ഉപയോഗവും അമിതവണ്ണത്തിനു കാരണമാകാറുണ്ട്. വിഷാദരോഗം, തൈറോയിഡ് ഗ്രസ്ഥിയുടെ പ്രവര്‍ത്തന വൈകല്യങ്ങള്‍, സ്ത്രീകളില്‍ കാണപ്പെടുന്ന പോളിസിസ്റ്റിക് ഓവറി രോഗം (പിസിഒഡി), സ്റ്റിറോയിഡുകള്‍ കലര്‍ന്ന ഔഷധങ്ങള്‍, ഗര്‍ഭനിരോധനത്തിനുപയോഗിക്കുന്ന ഗുളികകള്‍ എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്.

ശരീരത്തില്‍ കൊഴുപ്പ് അടങ്ങിയിരിക്കുന്ന കോശങ്ങളുടെ വിന്യാസം അമിതവണ്ണത്തിനു കാരണമാകുന്നു. തുടയിലും ഇടുപ്പ് എല്ലിന്റെ ഭാഗത്തും അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് കോശങ്ങളേക്കാള്‍ വയറിലും അരക്കെട്ടിനു ചുറ്റു ഭാഗത്തുമായി കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന കോശങ്ങള്‍ അപകടകാരികളാണ് എന്നു കരുതപ്പെടുന്നു.

മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലങ്ങളും ജീവിത സാഹചര്യങ്ങളും അമിതവണ്ണത്തിന് ഇടയാക്കുന്നു. എന്നാല്‍ കരളിനും അടിവയറിനും ചുറ്റുമായി അടിഞ്ഞുകൂടുന്ന കൊഴുപ്പുകളെക്കുറിച്ചു നാം ബോധവാന്മാരല്ല എന്നത് വളരെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.

പരിഹാര മാര്‍ഗങ്ങള്‍

ആഹാരത്തിലെ കലോറി മൂല്യം കുറയ്ക്കുകയും കൃത്യമായി വ്യായാമം ചെയ്യുകയുമാണ് അമിതവണ്ണവും കുടവയറും കുറയുന്നതിനായി ചെയ്യാവുന്ന പ്രായോഗികവും സുരക്ഷിതവുമായ മാര്‍ഗങ്ങള്‍.

ആഹാരത്തില്‍ ശ്രദ്ധിക്കാം

ശരീരത്തില്‍ ഉപാപചയ പ്രവര്‍ത്തനങ്ങളെ (മെറ്റബോളിസം) മെച്ചപ്പെടുത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നതുവഴി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതരം ഭക്ഷണ പദാര്‍ഥങ്ങളാണ് കഴിക്കേണ്ടത്. നെഗറ്റീവ് കലോറി ആഹാരസാധനങ്ങള്‍ എന്നാണ് ഇവയെ അറിയപ്പെടുന്നത്. ഇവയുടെ കൃത്യമായ ഉപയോഗം കൊഴുപ്പിനെ ദഹിപ്പിച്ചുകളയാന്‍ ശരീരത്തിനുള്ള കഴിവിനെ വര്‍ധിപ്പിക്കുന്നു എന്നതാണ് ഇവയുടെ പ്രധാന ഗുണം.

ഇത്തരം ആഹാര സാധനങ്ങളില്‍ പ്രഥമസ്ഥാനം വെളുത്തുള്ളിക്കാണ്. ഉപാപചയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നതിനോടൊപ്പം, ശരീരത്തില്‍ കൊഴുപ്പ് ഉത്പാദിപ്പിക്കുന്നതിനും അടിഞ്ഞു കൂടുന്നതിനുമുള്ള ശേഷിയേ കുറയ്ക്കുന്നതിനും ദൈനംദിന പ്രവൃത്തികളിലൂടെ ശരീരത്തില്‍ നിന്നും നഷ്ടമാകുന്ന ഊര്‍ജത്തെ ക്രമീകരിക്കുന്നതിനും വെളുത്തുള്ളിക്ക് കഴിവുണ്ട്.

ഉപാപചയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നതില്‍ ഏറ്റവും പ്രാധാന്യമുള്ള വിറ്റാമിന്‍ സി കൂടുതലായി അടങ്ങിയിട്ടുള്ള നാരങ്ങാ, ഓറഞ്ച്, മുന്തിരി എന്നിവയും അമിത വണ്ണത്തെ തടയുന്നതില്‍ ഒരു പരിധി വരെ സഹായകമാണ്.

നാരിന്റെ അംശം കൂടുതലായി അടങ്ങിയിട്ടുള്ള പഴങ്ങളായ ബ്ലൂബെറി, ബ്ലാക് ബെറി, സ്‌ട്രോബറി എന്നിവയുടെയും ധാന്യങ്ങളുടെയും ഉപയോഗം ശരീരത്തിലെ കൊഴുപ്പിനെ ആഗിരണം ചെയ്ത് പുറംതള്ളുന്നതിനോടൊപ്പം തന്നെ, ശാരീരിക പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുന്നതിനും ആവശ്യമായ ഊര്‍ജ്ജം നിലനിര്‍ത്തുന്നതിനും ഇന്‍സുലിന്റെ അളവിനെ നിയന്ത്രിച്ച് ശരീരത്തില്‍ കൊഴുപ്പ് അടിയുന്നതിനെ തടയുന്നതിനും സഹായിക്കുന്നു.

നോണ്‍വെജിറ്റേറിയന്‍ ആഹാരങ്ങള്‍ ഉപയോഗിക്കണമെന്ന് നിര്‍ബന്ധമുള്ളവരില്‍ പ്രായേണ കൊഴുപ്പിന്റെ അളവ് കുറഞ്ഞ മത്സ്യങ്ങള്‍, കോഴിയിറച്ചി എന്നിവ ഉപയോഗിക്കുന്നതായിരിക്കും അഭികാമ്യം. ബ്രോയിലര്‍ കോഴി ഇറച്ചിക്കുപകരം നാടന്‍ കോഴി ഉപയോഗിച്ചാല്‍ ശരീരത്തിലേക്ക് ആവശ്യമില്ലാത്ത ഹോര്‍മോണുകള്‍ എത്തിച്ചേരുന്നതിനെ തടയാനാകും.

വ്യായാമത്തിന്റെ ആവശ്യകത

നീന്തല്‍, സൈക്കിള്‍ സവാരി, സ്കിംപ്പിംഗ,് പ്രഭാതസവാരി, മറ്റു വിവിധയിനം കായിക വിനോദങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെടുന്നത് അമിത വണ്ണത്തെയും കൊഴുപ്പിനെയും നിയന്ത്രിച്ച് ശരീരത്തിന് ആരോഗ്യത്തെ പ്രധാനം ചെയ്യാന്‍ വളരെയധികം സഹായകമാണ്.

പ്രതിവിധികള്‍

കഷായങ്ങള്‍, സിറപ്പുകള്‍, ലേഹ്യങ്ങള്‍, തൈലങ്ങള്‍ എന്നീ രൂപത്തില്‍ വിപണിയില്‍ സുലഭമായ പല ആയുര്‍വേദ ഔഷധകൂട്ടുകള്‍ക്കും ശരീരത്തിലെ അമിതമായ കൊഴുപ്പിനെയും അമിതവണ്ണത്തെയും കുറയ്ക്കാന്‍ കഴിയും. പരസ്യത്തെ മാത്രം ആശ്രയിച്ച് ഇത്തരം ഔഷധങ്ങള്‍ വാങ്ങി ഉപയോഗിക്കാതെ, ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇവ ഉപയോഗിക്കുന്നതായിരിക്കും ഉത്തമം. ഔഷധ ചൂര്‍ണങ്ങള്‍ ഉപയോഗിച്ച് ശരീരത്തില്‍ മേല്‍പ്പോട്ട് അമര്‍ത്തി തിരുമുന്ന ചികിത്സ (ഉദ്വര്‍ത്തനം) പൊടിക്കിഴി എന്നിവ കൊഴുപ്പ് അടിഞ്ഞു കൂടി ഉണ്ടാകുന്ന അമിതവണ്ണം കുറയ്ക്കുന്നതിന് ആയുര്‍വേദ ചികിത്സയില്‍ ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ്.

ഡോ.ആര്‍ രവീന്ദ്രന്‍ ബിഎഎംഎസ്
അസി.സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ദി ആര്യവൈദ്യ ഫാര്‍മസി (കോയമ്പത്തൂര്‍) ലിമിറ്റഡ് ബ്രാഞ്ച്, സിഎംഎസ് കോളജ് റോഡ്, കോട്ടയം.

Related posts