ഈ മാന്യന്റെ ചോദ്യത്തിന് ആര്‍ക്കെങ്കിലും മറുപടി കൊടുക്കാന്‍ സാധിക്കുമോ? ഫോട്ടോഷൂട്ട് കോസ്റ്റിയൂമിന്റെ ചിത്രത്തിന് അശ്ലീല കമന്റിട്ട വ്യക്തിയോട് ഗായിക അമൃത സുരേഷിന്റെ പ്രതികരണം

സ്ത്രീകളെ അസഭ്യം പറയുന്നതിനും അശ്ലീലച്ചുവയോടെ സംസാരിക്കുന്നതിനുമുള്ള അവസരവും വേദിയുമായാണ് പല ഞരമ്പുരോഗികളും ഇന്ന് സോഷ്യല്‍മീഡിയയെ കണ്ടുവരുന്നത്. ഒട്ടുമിക്ക സ്ത്രീകളും സമൂഹമാധ്യമങ്ങളിലൂടെ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെങ്കിലും സിനിമാ മേഖലയില്‍ നിന്നുള്‍പ്പെടെയുള്ള സെലിബ്രിറ്റികളാണ് പലപ്പോഴും ഇത്തരം സംഭവങ്ങള്‍ തുറന്നു പറയാന്‍ തയാറാവുന്നത്.

മലയാളത്തില്‍ നിന്നുതന്നെ നിരവധി സ്ത്രീകള്‍ സമൂഹമാധ്യമങ്ങളിലൂടെ തങ്ങള്‍ നേരിടേണ്ടി വന്ന ചൂഷണങ്ങള്‍ ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ട്. ഗായികയും മോഡലും സംഗീതസംവിധായകയുമായ അമൃത സുരേഷാണ് ഏറ്റവും ഒടുവില്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്.

അമൃത കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഒരു ഫോട്ടോഷൂട്ടിനായി നടത്തിയ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോഷൂട്ട് ചിത്രത്തിന്റെയും ഉപയോഗിച്ച കോസ്റ്റ്യൂമിന്റെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത അമൃതയോട് ‘അടിവസ്ത്രമെവിടെ’ എന്ന് ഒരാള്‍ സ്വകാര്യ സന്ദേശത്തിലൂടെ ചോദിച്ചു.

അമൃത ഈ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കു വച്ചു. ‘എനിക്ക് ഇന്നു ലഭിച്ച ഒരു സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടാണിത്. ആര്‍ക്കെങ്കിലും ഈ മാന്യന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കാമോ ? നാണക്കേട്’ എന്ന ക്യാപ്ഷനോടെയാണ് അമൃത സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തത്. ഇതിനു താഴെ അമൃതയ്ക്ക് പിന്തുണയുമായി അനവധിയാളുകളാണ് എത്തുന്നത്. സന്ദേശമയച്ചയാളെ കണക്കിന് വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തുന്നുണ്ട്.

നടിയും അവതാരകയുമായ മീരാ നന്ദനും ബാലതാരം നന്ദന വര്‍മ്മയും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയ വഴി തങ്ങളോട് അശ്ലീലം പറഞ്ഞവരുടെ സ്‌ക്രീന്‍ഷോട്ടുകള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.

Related posts