ജോക്കോവിച്ചിനു പിന്നാലെ മുറെയും വീണു; വീണ്ടുമൊരു നദാല്‍-ഫെഡറര്‍ പോരാട്ടം പ്രതീക്ഷിച്ച് ആരാധകര്‍

NADALമെല്‍ബണ്‍: ഇത്തവണയും മുറേയ്ക്ക് അതിനായില്ല. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വീണ്ടും മുറേയ്്ക്ക് കിട്ടാക്കനിയായി . ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ അഞ്ചു പ്രാവശ്യം ഫൈനലിലെത്തിയ മുറേ ആയിരുന്നില്ല ഇത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പ്രീ-ക്വാര്‍ട്ടറില്‍ തോറ്റ് ലോക ഒന്നാം നമ്പര്‍ ആന്‍ഡി മുറേ പുറത്താകുമ്പോള്‍ റോഡ് ലേവര്‍ അരീനയില്‍ തടിച്ചുകൂടിയ ആരാധകര്‍ ഒന്നടങ്കം പറഞ്ഞത് ഇതാവണം. ലോക 50-ാം നമ്പര്‍ താരം മീഷാ സ്വരേവാണ് ആന്‍ഡി മുറെയ്ക്ക് മടക്ക ടിക്കറ്റ് നല്‍കിയത്.7-5, 5-7, 6-2, 6-4 എന്ന സ്‌കോറിനായിരുന്നു ജര്‍മന്‍ താരത്തിന്റെ വിജയം. ആദ്യ സെറ്റില്‍തന്നെ മുറേയുടെ സെര്‍വ് ബ്രേക്ക് ചെയ്ത സ്വരേവ് 7-5ന് സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റ് ഇതേ സ്‌കോറിന് സ്വന്തമാക്കി മുറേ തിരിച്ചുവന്നെങ്കിലും മൂന്നും നാലും സെറ്റുകളില്‍ തുടര്‍ച്ചായി മുറേയുടെ സെര്‍വുകള്‍ ബ്രേക്ക് ചെയ്ത സ്വരേവ് വിജയം പിടിച്ചെടുക്കുകയായിരുന്നു.

ആറു പ്രാവശ്യം ചാമ്പ്യനായ സെര്‍ബിയയുടെ ലോകരണ്ടാം നമ്പര്‍ നൊവാക് ജോക്കോവിച്ച് നേരത്തെ പുറത്തായിരുന്നു. ഇപ്പോള്‍ മുറേയും. കഴിഞ്ഞ രണ്ടു ഫൈനലുകളില്‍ ഏറ്റുമുട്ടിയ ഇവരുടെ ഹാട്രികം പോരാട്ടം കാണാനുള്ള ഭാഗ്യമാണ് ആരാധകര്‍ക്ക് നഷ്ടമായത്. രണ്ടു പ്രാവശ്യവും വിജയം സെര്‍ബ് താരത്തിന്റെ കൂടെ നിന്നു.

ലോക റാങ്കിംഗില്‍ ആദ്യ രണ്ടു സ്ഥാനക്കാര്‍ പുറത്തായതോടെ ആരാധകരുടെ ശ്രദ്ധ ഇതിഹാസ താരങ്ങളായ
റോജര്‍ ഫെഡററിലും റാഫേല്‍ നദാലിലുമാണ്. 2014ലെ ചാമ്പ്യന്‍ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയും കിരീടത്തില്‍ കണ്ണുവയ്ക്കുന്നുണ്ട്. മുറെയെ വീഴ്ത്തി ക്വാര്‍ട്ടറില്‍ കടന്ന മീഷാ സ്വരേവിന്റെ സഹോദരന്‍ അലക്‌സാണ്ടര്‍ സ്വരേവിനെ പരാജയപ്പെടുത്തിയാണ് നദാല്‍ പ്രീക്വാര്‍ട്ടറില്‍ കടന്നതെന്നത് യാദൃശ്ചികമായി. വീണ്ടുമൊരു നദാല്‍-ഫെഡറര്‍ പോരാട്ടത്തിനു കളമൊരുങ്ങുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്.

Related posts