കരളിനെ ബാധിക്കുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ്. കരൾവീക്കം എന്നും ഇത് അറിയപ്പെടുന്നു. മദ്യം, വൈറസ്, ചിലതരം മരുന്നുകൾ, വിഷ പദാർഥങ്ങൾ, മയക്കുമരുന്നുകളുടെ ഉപയോഗം, ചില രോഗങ്ങൾ, ദഹനപചന അവയവങ്ങളിലെ കുഴപ്പങ്ങൾ എന്നിവ കാരണമാണ് ഇത് ഉണ്ടാകുന്നത്. ഏറ്റവും സാധാരണയായി കാണുന്നത് വൈറസ് കാരണം ഉള്ളവയാണ്. ഇതിൽ ഒരു ലക്ഷണമായി മഞ്ഞപ്പിത്തവും കാണാം.
അക്യൂട്ട് & ക്രോണിക് ഹെപ്പറ്റൈറ്റിസ്
കരളിനെ ബാധിച്ച് ആറുമാസങ്ങൾക്കുള്ളിൽ ശരീരത്തിലെ സ്വാഭാവിക രോഗ പ്രതിരോധ പ്രവർത്തനം കാരണം പൂർണമായും ശമിക്കാവുന്ന രോഗമാണ് അക്യൂട്ട് ഹെപ്പറ്റൈറ്റിസ്.ആറു മാസങ്ങൾക്കു ശേഷവും തുടർന്നു നിൽക്കുന്നതിനെ ക്രോണിക് ഹെപ്പറ്റൈറ്റിസ് എന്നാണ് പറയുന്നത്.
രോഗം പകരുന്ന വഴികൾ
ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ പലതുണ്ടെങ്കിലും പകർച്ച സ്വഭാവത്തോടെ സാധാരണ കാണുന്നത് ഹെപ്പറ്റൈറ്റിസ് എ ആണ്. മനുഷ്യരിൽ നിന്നു മനുഷ്യരിലേക്ക് മലിനമായ ആഹാരം, വെള്ളം എന്നിവയിലൂടെ പകരാം. മഞ്ഞപ്പിത്തം ലക്ഷണമായി കാണുകയും ചെയ്യും.
രോഗബാധിതനായ വ്യക്തിയിൽ മഞ്ഞപ്പിത്തം കാണുന്നതിന് മൂന്നാഴ്ച മുമ്പ് മുതൽ മഞ്ഞപ്പിത്തം പ്രത്യക്ഷപ്പെട്ട് ഒന്നോ രണ്ടോ ആഴ്ച കൂടി വളരെ വലിയ അളവിൽ മലത്തിലൂടെ വൈറസ് പുറത്തേക്ക് വരും. രോഗപ്രതിരോധശേഷി കുറവുള്ളവരിലും കുട്ടികളിലും നാലഞ്ച് മാസം വരെ ഇത് നീണ്ടു നിന്നേക്കാം.
രോഗബാധിതരുടെ മലത്തിന്റെ സാന്നിധ്യമുള്ള കുടിവെള്ളം, കടൽ വെള്ളം, ഭക്ഷണമായി ഉപയോഗിക്കുന്ന ചിലതരം കടൽ ജീവികൾ, പച്ചയായും ശരിയായി പാകം ചെയ്യാതെയും ഉപയോഗിക്കുന്ന ആഹാര വസ്തുക്കൾ, മൂത്രം, മറ്റ് സ്രവങ്ങൾ എന്നിവയിലൂടെ രോഗം പകരുന്നു.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലും വ്യക്തി ശുചിത്വം കുറവുള്ളവർക്കും മയക്കുമരുന്നുകൾക്ക് അടിമപ്പെട്ടവർക്കും ഭക്ഷ്യനിർമാണ യൂണിറ്റുകളിൽ ഭക്ഷ്യവസ്തുക്കളും വെള്ളവും കൈകാര്യം ചെയ്യുന്നവർക്കും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും മാലിന്യ നിർമാർജന പ്രവർത്തനം നടത്തുന്നവർക്കും ആശുപത്രിയിൽ കിടന്നു ചികിത്സിക്കുന്നവർക്കും രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
(തുടരും)
വിവരങ്ങൾ – ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ – 9447963481