കാന്‍സര്‍ ബാധിത കൂടിയായിരുന്ന ക്ലാരയുടെ രോഗം വഷളായി! തനിക്ക് ഭര്‍ത്താവിനെ നഷ്ടപ്പെടുന്ന അവസ്ഥയായി; രോഗിയായ കുഞ്ഞിന്റെ ചികിത്സ മുടങ്ങി; യൂബര്‍ ടാക്‌സി വിവാദത്തില്‍ തങ്ങള്‍ തീര്‍ത്തും നിസ്സഹായരായിരുന്നെന്ന് ഏയ്ഞ്ചല്‍ മേരി

യൂബര്‍ ടാക്‌സി വിളിച്ച സീരിയല്‍ നടി ഉള്‍പ്പെട്ട മൂന്നംഗ സംഘം ചേര്‍ന്ന് ഡ്രൈവറെ ആക്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ സ്ത്രീകള്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത.് ബുക്ക് ചെയ്ത പ്രകാരം ടാക്‌സിയുമായി സ്ത്രീകള്‍ പറഞ്ഞ സ്ഥലത്തെത്തിയ ഡ്രൈവറെ വാഹനത്തില്‍ ഇരുന്നിരുന്ന യാത്രക്കാരനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനിടെ സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചവശനാക്കി എന്നതായിരുന്നു കേസ്. മൂന്നംഗ സംഘം ഡ്രൈവറെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോയും സോഷ്യല്‍മീഡിയകളില്‍ വൈറലായിരുന്നു.

യൂബര്‍ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു എന്നപേരില്‍ സമൂഹമാധ്യമങ്ങളില്‍ ഈ സ്ത്രീകള്‍ക്കെതിരെ ആക്രമണം തുടരവെ ആരോപണ വിധേയരില്‍ ഒരാളായ ഏയ്ഞ്ചല്‍ മേരി പ്രതിരോധം മാത്രമായിരുന്നു ആ അവസരത്തില്‍ തങ്ങള്‍ക്ക് ആശ്രയമെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കവെയാണ് ഏയ്ഞ്ചല്‍ മേരിയുടെ പ്രതികരണം. റൈഡര്‍ പൂളിങ്ങിനെക്കുറിച്ച് തങ്ങളില്‍ ആര്‍ക്കും അറിയില്ലായിരുന്നെന്ന് ഏയ്ഞ്ചല്‍ വ്യക്തമാക്കുന്നു.

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ ബന്ധു ക്ലാര ഷിബിനും സുഹൃത്ത് ഷീജ അഫ്സലും ഒപ്പമുണ്ടായിരുന്നു. നടിയായ എനിക്ക് ഷൂട്ടിംഗിന് തൃപ്പൂണിത്തുറയില്‍ പോകണമായിരുന്നു. ഷീജയാണ് യൂബര്‍ ബുക്ക് ചെയ്യാമെന്ന് പറഞ്ഞത്. സിറ്റിയില്‍ ഏറ്റവും സുരക്ഷിതം ഇത്തരം കാബുകളാണെന്ന് വിശ്വാസമായിരുന്നു ഞങ്ങള്‍ക്ക്. എന്നാല്‍ റൈഡര്‍ പൂളിംഗ് സംവിധാനത്തേക്കുറിച്ച് ഞങ്ങള്‍ക്ക് ആര്‍ക്കും അറിയില്ലായിരുന്നു. യൂബര്‍ പുതിയതായി തുടങ്ങിയതാണ് ഈ സംവിധാനം. കാബ് എത്തിയപ്പോള്‍ പിന്‍സീറ്റില്‍ ഒരാള്‍ ഇരിക്കുന്നത് കണ്ടെന്നും ഇതേക്കുറിച്ച് ഡ്രൈവറോട് ചോദിച്ചപ്പോള്‍ മുതലാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നും ഏയ്ഞ്ചല്‍ പറയുന്നു. പുറകില്‍ ഒരാള്‍ ഇരിക്കുന്നതിനേക്കുറിച്ച് ഡ്രൈവറോട് ചോദിച്ചു. അവഹേളിക്കുന്ന തരത്തിലായിരുന്നു അയാളുടെ മറുപടി. ‘കാബ് വേണം താനും പൂളിങ്ങിനേക്കുറിച്ച് അറിവുമില്ലേ’ എന്ന മട്ടിലായിരുന്നു ഉത്തരം. കാര്യം വ്യക്തമാകാന്‍ വേണ്ടി ‘നിങ്ങളുടെ മുന്‍പത്തെ ഓട്ടത്തിലെ യാത്രക്കാരനാണോ ഇയാള്‍, അടുത്തു വല്ലതും ഇറങ്ങുമോ എന്നെല്ലാം ചോദിച്ചു. ഡ്രൈവര്‍ ഉത്തരം നല്‍കിയില്ല. യാത്രക്കാരനോട് മുന്‍സീറ്റിലേക്ക് മാറി ഇരിക്കാമോ എന്ന് ചോദിച്ചപ്പോള്‍ ഡ്രൈവര്‍ അസഭ്യം കലര്‍ന്ന ഒരു കമന്റ് പാസാക്കി.

സെക്യൂരിറ്റി ഗാര്‍ഡിന്റെയടുക്കല്‍ പരാതി പറയാന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍ ഷഫീഖാണ് ബലപ്രയോഗം ആരംഭിച്ചതെന്നും യുവതി വെളിപ്പെടുത്തി. സെക്യൂരിറ്റി ഗാര്‍ഡിന്റെ അടുത്തെത്തി പരാതി പറഞ്ഞ്പ്പോള്‍ ഷെഫീഖ് എന്റെ കൈയില്‍ കടന്നു പിടിച്ചു. ഇതു കണ്ട ക്ലാര അയാളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. ഉടന്‍ തന്നെ അയാള്‍ ക്ലാരയെ കഴുത്തില്‍ പിടിച്ച് പിന്നിലേക്ക് തള്ളി. ക്ലാര ടാറിട്ട റോഡില്‍ തലയിടിച്ച് വീണു. ഞാന്‍ അവളെ പിടിച്ചെഴുന്നേല്‍പിച്ചു. ഈ സമയം മുഴുവന്‍ ഷഫീഖ് അസഭ്യവര്‍ഷം തുടരുകയായിരുന്നു. ബഹളം കേട്ട് പുറത്തിറങ്ങി വന്ന ഷീജ ഡ്രൈവറോട് അസഭ്യവര്‍ഷം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അയാള്‍ കൂട്ടാക്കിയില്ല. സംഭവം ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്റെ ഫോണ്‍ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞു പൊട്ടിച്ചു. പ്രതിരോധം മാത്രമായിരുന്നു പിന്നീട് ഞങ്ങള്‍ക്ക് ആശ്രയം. ഈ രംഗങ്ങള്‍ മുതലാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയത്. ഞങ്ങള്‍ മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് പ്രതിരോധിച്ചപ്പോള്‍ അയാളുടെ തലയ്ക്ക് മുറിവ് പറ്റിയെന്നത് വാസ്തവമാണ്.

പോലീസ് എത്തി തങ്ങളെ എയിഡ് പോസ്റ്റിലേക്ക് കൊണ്ടുപോയെന്നും അവിടെ വെച്ച് അര്‍ബുദ ബാധിതയായ ക്ലാരയ്ക്ക് അപസ്മാരം ഉണ്ടായെന്നും ഏയ്ഞ്ചല്‍ പറയുന്നു. രോഗം വഷളാകുന്നതിന്റെ ലക്ഷണായിരുന്നു അത്. അവള്‍ തന്റെ കൈകളിലേക്ക് കുഴഞ്ഞുവീണു. ഏറെ നേരം കഴിഞ്ഞാണ് തങ്ങളെ മെഡിക്കല്‍ ചെക്കപ്പിന് കൊണ്ടുപോയത്. അഡ്മിറ്റ് ചെയ്യരുതെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍ അനുവദിച്ചില്ല. ഇതിനിടെ എത്തിയ ക്ലാരയുടെ ഭര്‍ത്താവിനോട് പോലീസ് മോശമായി പെരുമാറി. ഈ സമയത്തിനുള്ളില്‍ ഷെഫീഖ് പോലീസില്‍ പരാതി നല്‍കിയിരുന്നെന്നും ഏയ്ഞ്ചല്‍ വ്യക്തമാക്കുന്നു.

സംഘര്‍ഷത്തിനിടെ വാരിയെല്ലിന് പരുക്കേറ്റ ഏയ്ഞ്ചല്‍ ചികിത്സയിലാണ്. ക്ലാരയുടെ ഗര്‍ഭപാത്രത്തിന് ചവിട്ടേറ്റു. ബ്രെയിന്‍ ട്യൂമറിന് ചികിത്സ തേടിയിരുന്ന ക്ലാര ലേക് ഷോര്‍ ആശുപത്രിയില്‍ ഗര്‍ഭപാത്രത്തില്‍ നിന്നുള്ള രക്തസ്രാവത്തിന് ചികിത്സയിലാണെന്ന് ഏയ്ഞ്ചല്‍ ചൂണ്ടിക്കാട്ടുന്നു. 12 വയസുള്ള മകനുമൊത്ത് കൊച്ചിയില്‍ ഒറ്റയ്ക്കാണ് ഏയ്ഞ്ചല്‍ താമസിക്കുന്നത്. ഒരു പരസ്യകമ്പനിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ജോലിയുമായി ബന്ധപ്പെട്ട് ഗള്‍ഫിലാണ്. നാലാം വയസില്‍ നേരിട്ട ഒരു അപകടത്തെത്തുടര്‍ന്ന് മകന് വളര്‍ച്ചയ്ക്ക് തകരാറുണ്ട്. മകന് അടിയന്തിരമായി ശസത്രക്രിയ നടത്തുന്നതിന് വേണ്ടിയുള്ള ആവശ്യങ്ങള്‍ക്കായി ഓടി നടക്കുന്നതിനിടെയാണ് സംഭവങ്ങള്‍ അരങ്ങേറുന്നത്. ‘മദ്യപിച്ച മൂന്ന് സ്ത്രീകള്‍ നടത്തുന്ന തെരുക്കൂത്ത്’ എന്ന പേരിലുള്ള യുട്യൂബ് വീഡിയോ ഇപ്പോഴും ധാരാളം ആളുകള്‍ ആഘോഷിക്കുകയാണ്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തിയതോടെ തങ്ങള്‍ മൂന്ന് പേരുടെയും ജീവിതം മാറിമറിഞ്ഞെന്ന് ഏയ്ഞ്ചല്‍ പറയുന്നു. ആരോപണങ്ങള്‍ വിശ്വസിച്ച് ഏയ്ഞ്ചലിന്റെ ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണ്. താന്‍ ഭര്‍ത്താവിനെ കുറ്റപ്പെടുത്തില്ലെന്നും ഭര്‍ത്താവിന്റെ കാതില്‍ അത്രയും മോശമായ കഥകള്‍ ആകും എത്തുന്നതെന്നും ഏയ്ഞ്ചല്‍ കൂട്ടിച്ചേര്‍ക്കുന്നു.

 

Related posts