അനിയത്തിപ്രാവിന് വയസ് 20! ട്രെയ്‌ലര്‍ പുറത്തിറക്കി ആരാധകന്‍; നന്ദിയര്‍പ്പിച്ച് ചാക്കോച്ചന്‍; ട്രെയ്‌ലര്‍ കാണാം

മലയാളത്തിലെ ഏക്കാലത്തെയും മികച്ച റൊമാന്റിക്ക് ബ്ലോക്ക്ബസ്റ്റര്‍ അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് ഇന്ന് ഇരുപത് വര്‍ഷം. 1997ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിക്കൊണ്ടാണ് ഒരു ആരാധകന്‍ ഇക്കാര്യം ഏവരേയും ഓര്‍മ്മിപ്പിച്ചത്. ട്രെയ്‌ലര്‍ ശ്രദ്ധയില്‍പ്പെട്ട ചിത്രത്തിലെ നായകന്‍ കുഞ്ചാക്കോ ബോബന്‍ ട്രെയ്‌ലര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്യുകയും അനിയത്തിപ്രാവിനേക്കുറിച്ചുള്ള തന്റെ നല്ല ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയും ചെയ്തു. കുഞ്ചാക്കോ ബോബന്‍ എന്ന യുവ പ്രതിഭയുടെ നായക അരങ്ങേറ്റം കൂടി ആയിരുന്നു ഈ ചിത്രം.

ഒരു പുതുമുഖ നടന് ലഭിക്കുന്നതിലും ഉപരി ആയിട്ടുള്ള ഒരു വരവേല്‍പ്പാണ് കുഞ്ചാക്കോ ബോബന്‍ എന്ന മലയാളത്തിന്റെ സ്വന്തം ചാക്കോച്ചന് അനിയത്തിപ്രാവിലൂടെ ലഭിച്ചത്. ചാക്കോച്ചനൊപ്പം മലയാള സിനിമയ്ക്കും സിനിമ പ്രേക്ഷകര്‍ക്കും പുതിയ ഒരു നായികയെ കൂടി ലഭിച്ചു ശാലിനി. മലയാളത്തില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച ശാലിനിയുടെ ആദ്യ നായിക അരങ്ങേറ്റം അനിയത്തിപ്രാവില്‍ ചാക്കോച്ചന്റെ നായിക ആയിട്ടായിരുന്നു. സിനിമയുടെ വന്‍വിജയത്തിന് ശേഷം ചാക്കോച്ചന്‍ ശാലിനി ജോഡികള്‍ തരംഗമായി. അനിയത്തിപ്രാവ് 20 വര്‍ഷം തികയുന്ന ഈ വേളയില്‍ കുഞ്ചാക്കോ ബോബന്‍ എന്ന നടന്‍ മലയാളസിനിമയില്‍ സജീവമായിട്ട് 20 വര്‍ഷം തികയുന്നു എന്ന പ്രത്യേകതയുമുണ്ട്.

Related posts