മൂന്നു വയസുള്ള കുട്ടിക്കൊപ്പം ഒറ്റയ്‌ക്കൊരു വീട്ടില്‍ താമസം, ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ നാട്ടുകാരനായ യുവാവുമായി അടുപ്പം തുടങ്ങി, ആ ബന്ധത്തിലുണ്ടായ കുട്ടിയെ കൊലപ്പെടുത്തിയ അഞ്ജനയ്ക്ക് വിനയായത് ഡോക്ടറുടെ സംശയം

നവജാത ശിശുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് അമ്മയ്‌ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നൂറനാട് ഇടപ്പോണ്‍ കളരിക്കല്‍ വടക്കേതില്‍ അഞ്ജന (36)ക്കെതിരേയാണ് നൂറനാട് പോലീസ് കേസെടുത്തത്. അമിത രക്തസ്രാവവുമായി ആശുപത്രിയിലെത്തിയ യുവതിയുടെ ബാഗില്‍നിന്നാണു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയില്‍ പോകാതെ കഴിഞ്ഞ ദിവസം രാവിലെ പത്തിനു വീട്ടിലായിരുന്നു അഞ്ജനയുടെ പ്രസവം.

രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ആശാ വര്‍ക്കറെ വിവരമറിയിച്ചു. ഇവര്‍ യുവതിയെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടറുടെ പരിശോധനയില്‍ ഇവര്‍ പ്രസവിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഇവരുടെ പക്കലുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. അവശനിലയിലായ ഇവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിവാഹമോചിതയും മൂന്നര വയസുള്ള കുട്ടിയുടെ അമ്മയുമായ അഞ്ജന അവിഹിത ബന്ധം പുറത്തറിയാതിരിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസിന് മൊഴി നല്‍കി. മാവേലിക്കര ജില്ലാ അശുപത്രിയില്‍ കഴിയുന്ന യുവതിക്കെതിരെ നൂറനാട് പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. അഞ്ജനയ്ക്കു മൂന്നു വയസുള്ള ഒരു മകന്‍ കൂടിയുണ്ട്.

ഡോക്ടര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തുകയായിരുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന നിഗമനത്തിലാണു പോലീസ്. കുഞ്ഞിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. റിപ്പോര്‍ട്ട് കിട്ടിയ ശേഷം അന്വേഷണം ഊര്‍ജിതമാക്കുമെന്നു പോലീസ് പറഞ്ഞു.

Related posts