കരുവന്നൂര്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമോ ? മലപ്പുറം എആര്‍ നഗര്‍ സഹകരണബാങ്കിലും കോടികളുടെ ക്രമക്കേട് നടന്നെന്ന് വെളിപ്പെടുത്തല്‍…

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് മലയാളികളെയാകെ ഞെട്ടിക്കുമ്പോള്‍ സമാനമായ തട്ടിപ്പിന്റെ വിവരങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് പുറത്തു വരുന്നത്.

മലപ്പുറം ഏആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേട് നടന്നതായുള്ള മുന്‍ ജീവനക്കാരുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ആദായനികുതി വകുപ്പും ബാങ്കില്‍ വീഴ്ച കണ്ടെത്തിയിരുന്നു. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്നും തിരിമറി നടത്തിയ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായും മുന്‍ സെക്രട്ടറിയും ബാങ്ക് അഡ്മിനിസ്‌ട്രേറ്ററുമായ വി.കെ.ഹരികുമാര്‍ പറഞ്ഞു.

ഒട്ടേറെ വ്യാജ മേല്‍വിലാസങ്ങളില്‍ അക്കൗണ്ട് ആരംഭിച്ച് കോടികള്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് മുന്‍ കുന്നുംപുറം ബ്രാഞ്ച് മാനേജരായിരുന്ന കെ.പ്രസാദ് പറയുന്നത്.

വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് നടക്കുന്ന അനധികൃത സാമ്പത്തിക ഇടപാടുകളുടെ ഭാഗമായി താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പ്രസാദ് വ്യക്തമാക്കുന്നു.

സ്വര്‍ണപണയത്തിന്റെ പേരില്‍ തിരിമറികള്‍ നടത്തിയതും അന്നത്തെ സെക്രട്ടറിയുടെ അറിവോടെയായിരുന്നുവെന്നാണ് പ്രസാദിന്റെ ആരോപണം.

തിരിമറികള്‍ പുറത്തായതോടെ മൂന്നു ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി. ക്രമക്കേട് നടത്തിയതിന്റെ പേരിലാണ് ജീവനക്കാരെ പിരിച്ചുവിടുന്നത് അടക്കമുള്ള നടപടി സ്വീകരിച്ചതെന്നും സാമ്പത്തിക തിരിമറിയുമായി തനിക്ക് ബന്ധമില്ലെന്നുമുള്ള വാദമുഖമാണ് വി.കെ.ഹരികുമാര്‍ മുന്നോട്ടു വയ്ക്കുന്നത്.

കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്ത എആര്‍ നഗര്‍ സര്‍വീസ് സഹകരണബാങ്കിലെ ഒട്ടേറെ അക്കൗണ്ടുകള്‍ യഥാര്‍ഥ രേഖകള്‍ ഹാജരാക്കുന്നതു വരെ ആദായനികുതി മരവിപ്പിച്ചു.

Related posts

Leave a Comment