ഡയലോഗ് തെറ്റിച്ചപ്പോള്‍ പ്രകാശ് രാജ് ദേഷ്യപ്പെട്ടു! കരഞ്ഞുകൊണ്ട് അനുപമ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി; പ്രചരിക്കുന്ന ആ തമാശകള്‍ക്ക് വിരാമമിട്ട് അനുപമ പരമേശ്വരന്റെ മറുപടി

പ്രേമം എന്ന സിനിമയെക്കുറിച്ച് പറയുമ്പോള്‍ തന്നെ മലയാളികളുടെ മനസിലേയ്ക്ക് ഓടിയെത്തുന്ന മുഖമാണ്, മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചുരുണ്ടമുടിക്കാരി അനുപമ പരമേശ്വരന്റേത്. പ്രേമത്തിലൂടെ പ്രശസ്തയായ നടി പിന്നീട് തെന്നിന്ത്യയില്‍ സജീവ സാന്നിധ്യമാവുകയായിരുന്നു. എന്നാല്‍ സിനിമാലോകത്ത് പതിവുള്ളതുപോലെ അടുത്ത ദിവസങ്ങളിലായി അനുപമയെ ചുറ്റിപ്പറ്റിയും ഒരു വാര്‍ത്ത പ്രചരിച്ചു.

‘ഹലോ ഗുരു പ്രേമശോകം’ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അനുപമയെ മുതിര്‍ന്ന നടനായ പ്രകാശ് രാജ് വഴക്കു പറഞ്ഞെന്നും നടി പൊട്ടിക്കരഞ്ഞ് സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയെന്നുമായിരുന്നു വാര്‍ത്തകള്‍. പ്രകാശ് രാജുമൊത്തുള്ള ഒരു രംഗത്തില്‍ അനുപമ ഡയലോഗ് ആവര്‍ത്തിച്ച് തെറ്റിച്ചെന്നും ഇതോടെ നടന് ദേഷ്യം വന്നെന്നുമാണ് വാര്‍ത്തയില്‍ വിശദീകരിച്ചിരുന്നത്.

നിയന്ത്രണം വിട്ടതോടെ പ്രകാശ് രാജ് അനുപമയോട് ക്ഷുഭിതനായി. ഇതോടെ സകലധൈര്യവും ചോര്‍ന്ന അനുപമ പൊട്ടിക്കരഞ്ഞുകൊണ്ട് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി. പ്രകാശ് രാജ് പറഞ്ഞുകൊടുത്ത ചില അഭിനയപാഠങ്ങളും അനുപമയെ നേരത്തെ ദേഷ്യം പിടിപ്പിച്ചിരുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

സംഭവം സിനിമാലോകത്തും ചര്‍ച്ചയായതോടെ വിവാദം അവസാനിപ്പിച്ച് അനുപമ തന്നെ രംഗത്തു വന്നു. പ്രകാശ് രാജുമൊത്തുളള സെല്‍ഫി പോസ്റ്റ് ചെയ്താണ് അനുപമ വാര്‍ത്തകള്‍ക്ക് വിരാമമിട്ടത്. ‘ആ തമാശകള്‍’ എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. അനുപമയുടെ ചിത്രത്തോടുകൂടിയ മറുപടി പുറത്തുവന്നതോടെ ആരാധകരുടെ ആശയക്കുഴപ്പത്തിന് പരിഹാരമായിരിക്കുകയാണ്.

Related posts