ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി അ​റ​സ്റ്റി​ല്‍;  വിവരങ്ങൾ ശേഖരിക്കുന്നതിനു പിന്നിലെ വൻ തട്ടിപ്പിങ്ങനെ…

കാ​സ​ര്‍​ഗോ​ഡ്: നൂ​റു​ക​ണ​ക്കി​ന് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച അ​ന്ത​ര്‍​സം​സ്ഥാ​ന സം​ഘ​ത്തി​ലെ ക​ണ്ണി കാ​സ​ര്‍​ഗോ​ഡ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പാ​ല​ക്കാ​ട് ചെ​ര്‍​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി ഷ​റ​ഫു​ദ്ദീ(29)​നാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ കൈ​യി​ല്‍ നി​ന്ന് 13 വീ​തം എ​ടി​എം കാ​ര്‍​ഡു​ക​ളും പാ​സ്ബു​ക്കു​ക​ളും ര​ണ്ട് സിം ​കാ​ര്‍​ഡു​ക​ളും നി​ര​വ​ധി പി​ന്‍ ന​മ്പ​റു​ക​ളും ക​ണ്ടെ​ടു​ത്തു.

മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി അ​ബ്ദു​ല്‍ റാ​സി​ഖി​ന്‍റെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ഷ​റ​ഫു​ദ്ദീ​നെ വ​ല​യി​ല്‍ കു​രു​ക്കി​യ​ത്. ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഷ​റ​ഫു​ദ്ദീ​ന്‍ ഓ​ണ്‍​ലൈ​ന്‍ മാ​ര്‍​ക്ക​റ്റിം​ഗി​ലൂ​ടെ പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്നു പ​റ​ഞ്ഞാ​ണ് റാ​സി​ഖി​നെ സ്വാ​ധീ​നി​ച്ച​ത്. ഇ​തി​നാ​യി റാ​സി​ഖ് സ്വ​ന്തം പേ​രി​ല്‍ പു​തി​യൊ​രു മൊ​ബൈ​ല്‍ സിം​കാ​ര്‍​ഡ് എ​ടു​ക്കു​ക​യും മം​ഗ​ളൂ​രു​വി​ലെ ഒ​രു ബാ​ങ്കി​ല്‍ അ​ക്കൗ​ണ്ട് തു​റ​ക്കു​ക​യും ചെ​യ്തു.

അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും പാ​സ്ബു​ക്കും എ​ടി​എം കാ​ര്‍​ഡും സി​മ്മും ഷ​റ​ഫു​ദ്ദീ​ന് കൈ​മാ​റി. പ്ര​തി​ഫ​ല​മാ​യി 3000 രൂ​പ ഷ​റ​ഫു​ദ്ദീ​ന്‍ ന​ല്കു​ക​യും ചെ​യ്തു. നാ​ളു​ക​ള്‍ ക​ഴി​ഞ്ഞി​ട്ടും ഇ​വ ഉ​പ​യോ​ഗി​ച്ച് എ​ന്തു ബി​സി​ന​സാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് ഷ​റ​ഫു​ദ്ദീ​ന്‍ വ്യ​ക്ത​മാ​ക്കാ​തി​രു​ന്ന​തോ​ടെ ത​ന്‍റെ വി​വ​ര​ങ്ങ​ള്‍ അ​ന​ധി​കൃ​ത​മാ​യി എ​ന്തെ​ങ്കി​ലും കാ​ര്യ​ങ്ങ​ള്‍​ക്കാ​യി ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നു ഭ​യ​ന്ന റാ​സി​ഖ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കേ​ര​ള​ത്തി​ല്‍ നി​ന്നും അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ സം​ഘ​ങ്ങ​ള്‍​ക്ക് കൈ​മാ​റു​ന്ന സം​ഘ​ത്തി​ലെ അം​ഗ​മാ​ണ് ഷ​റ​ഫു​ദ്ദീ​നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. കേ​ര​ള​ത്തി​ല്‍ നി​ന്ന് നൂ​റു​ക​ണ​ക്കി​ന് അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന സൂ​ച​ന. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​തു​പോ​ലു​ള്ള കാ​ര്യ​ങ്ങ​ള്‍​ക്കാ​ണ് ഈ ​അ​ക്കൗ​ണ്ടു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

Related posts