ഇന്ത്യൻ ക്രിക്കറ്റ് ടീമിലെയും പഞ്ചാബ് കിംഗ്സിലെയും ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിംഗ് പ്രണയത്തിലാണോ എന്ന ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവം. തന്റെ സ്നാപ്ചാറ്റിൽ അർഷ്ദീപ് പങ്കുവച്ച ഒരു ചിത്രമാണ് ആരാധകർക്കിടയിൽ ഈ സംശയങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഹിന്ദി, പഞ്ചാബി നടിയും മോഡലുമായ സംറീൻ കൗറാണ് അർഷ്ദീപിന്റെ ജീവിതത്തിലെ ആ ‘മിസ്റ്ററി ഗേൾ’ എന്നാണ് ആരാധകരുടെ കണ്ടെത്തൽ.
അർഷ്ദീപ് സിംഗ് തന്റെ സ്നാപ്ചാറ്റ് സ്റ്റോറിയിൽ പങ്കുവച്ച ചിത്രത്തിൽ ഒരു യുവതിയുടെ കൈ കോർത്തു പിടിച്ചിരിക്കുന്നതാണു കണ്ടത്. എന്നാൽ യുവതിയുടെ മുഖം ചിത്രത്തിൽ വ്യക്തമായിരുന്നില്ല. എങ്കിലും ആരാധകർ ചിത്രത്തിലെ സൂചനകൾ വച്ച് ആളെ കണ്ടെത്തിക്കഴിഞ്ഞു.
ചിത്രത്തിൽ കാണുന്ന യുവതിയുടെ കൈയിലെ ടാറ്റൂവും മോതിരവും നടി സംറീൻ കൗറിന്റേതിനു സമാനമാണെന്നാണ് സോഷ്യൽ മീഡിയയിലെ വാദം. ഇതിനുപുറമെ ഈ ഐപിഎൽ സീസണിൽ പഞ്ചാബ് കിംഗ്സിന്റെ മത്സരങ്ങൾ കാണാൻ സംറീൻ സ്ഥിരമായി സ്റ്റേഡിയത്തിൽ എത്തുന്നതും ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു.
ബോളിവുഡ്, പഞ്ചാബി സിനിമാ, സംഗീത ലോകത്തെ താരമാണ് സംറീൻ കൗർ. ജമ്മു കശ്മീർ സ്വദേശിയായ സംറീൻ 2018ലെ ഫെമിന മിസ് ഇന്ത്യ ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു. രൺവീർ സിംഗ് നായകനായ 83 എന്ന സിനിമയിലൂടെയാണ് സംറീൻ ശ്രദ്ധിക്കപ്പെടുന്നത്.
നെയ്ൽ പോളിഷ്, സർദാർജി 2 എന്നീ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. ബാവ്ല, യാര തേരെ വർഗ തുടങ്ങി നിരവധി ഹിറ്റ് പഞ്ചാബി മ്യൂസിക് വീഡിയോകളിൽ സംറീൻ അഭിനയിച്ചിട്ടുണ്ട്. അതേസമയം പ്രണയവാർത്തകളെക്കുറിച്ച് അർഷ്ദീപ് സിംഗോ സംറീൻ കൗറോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്തായാലും ഈ പുതിയ സെലിബ്രിറ്റി ജോഡികളുടെ പിന്നാലെയാണ് പപ്പരാസികളും ആരാധകരും.
