പ്രതിപക്ഷത്തിന്റെ അവസാന അവസരമായിരിക്കും അടുത്ത പൊതുതെരഞ്ഞെടുപ്പ്! മുന്‍ കേന്ദ്ര മന്ത്രിയും പ്രമുഖ പത്രപ്രവര്‍ത്തകനുമായ അരുണ്‍ ഷൂരിയുടെ വാക്കുകള്‍ ശ്രദ്ധേയമാവുന്നു

ഇന്ത്യയില്‍ നരേന്ദ്ര മോദി വീണ്ടും വിജയിച്ചാല്‍ നീതിപൂര്‍വ തെരഞ്ഞെടുപ്പിനും ജനാധിപത്യ അവകാശങ്ങള്‍ക്കും ഇനി സാധ്യതയുണ്ടാവില്ലെന്നും പ്രതിപക്ഷത്തിന്റെ അവസാന അവസരമാണ് 2019 ലെ പൊതുതെരഞ്ഞെടുപ്പെന്നുമുള്ള മുന്‍ കേന്ദ്ര മന്ത്രിയും പ്രമുഖ പത്രപ്രവര്‍ത്തകനുമായ അരുണ്‍ ഷൂരിയുടെ വാക്കുകള്‍ ശ്രദ്ധേയമാവുന്നു.

എല്ലാ മണ്ഡലത്തിലും ബിജെപിയ്ക്കെതിരെ ഒറ്റ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പ്രതിപക്ഷം പ്രതിജ്ഞാബദ്ധമാകണമെന്നും ഒരഭിമുഖത്തില്‍ ഷൂരി പറഞ്ഞതാണ് ശ്രദ്ധേയമായിരിക്കുന്നത്. മോദി ഏറ്റവും ജനപ്രിയനായ നേതാവാണെന്നും പ്രതിപക്ഷത്തിന് ബദല്‍ മുന്നോട്ട് വയ്ക്കാനാവില്ലെന്നുമുള്ള വാദം വെറും കെട്ടുകഥയാണെന്നും ഒരു മാധ്യമം പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ അദ്ദേഹം സമര്‍ത്ഥിച്ചു.

ഇതൊരു പുതിയ സാഹചര്യമാണെന്ന് പറഞ്ഞ അദ്ദേഹം, മോദി ജയിച്ചാല്‍ പ്രതിപക്ഷ നേതാക്കളെ ഒന്നൊന്നായി അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പും നല്‍കി.

മോദി പരാജയപ്പെട്ടാല്‍ പഴയ പ്രതിച്ഛായ പോയവര്‍ തിരിച്ചു വരില്ലേ എന്ന ശ്രോതാവിന്റെ സംശയത്തിന് ഒരു ഉറുദു കവിതയായിരുന്നു മറുപടി. നൗക കാറ്റില്‍ പെടുമെന്ന് ഭയന്ന് പുറപ്പെടാതിരുന്നപ്പോള്‍ നമ്മള്‍ തീരത്തു മുങ്ങിമരിക്കുകയായിരുന്നു. പുതിയ സര്‍ക്കാര്‍ പുതിയ പ്രശ്‌നങ്ങള്‍ കൊണ്ടുവന്നേക്കാം, അതും നേരിടേണ്ടി വരും. ജിഗ്‌നേഷ് മേവാനി, കനയ്യ കുമാര്‍, അല്‍പേഷ് താക്കൂര്‍, ഹര്‍ദിക് പട്ടേല്‍ പോലെയുള്ള പുതിയൊരു നേതൃത്വം ഇന്ത്യയില്‍ ഉടലെടുക്കുന്നുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദി സര്‍ക്കാര്‍ താരതമ്യേന അഴിമതി രഹിതമായിരുന്നുവെന്ന ധാരണയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം വിശദമായി റഫാല്‍ അഴിമതിയെക്കുറിച്ചു പറഞ്ഞു. അത് സര്‍ക്കാര്‍ വെള്ള പൂശാന്‍ ശ്രമിക്കുകയാണ്.

ഇന്ത്യന്‍ മാധ്യമങ്ങള്‍ അത് അന്വേഷിക്കുന്നതിലും പരാജയപ്പെട്ടു. ”അഴിമതി എന്നാല്‍ പണം കൈമാറുന്നത് മാത്രമല്ല. അതിനു ഒരുപാട് രീതികളുണ്ട്. നീതിയുടെ, തത്വശാസ്ത്രത്തിന്റെ, ചരിത്രത്തിന്റെ, സമൂഹത്തിന്റെ ഒക്കെ അഴിമതി” അദ്ദേഹം പറഞ്ഞു.

Related posts