എന്തുകൊണ്ടിത് നേരത്തെ പറഞ്ഞില്ല, ഇത്ര നാളുകള്‍ക്ക് ശേഷമാണോ പ്രതികരിക്കുന്നത്? ലൈംഗികാതിക്രമങ്ങളിലെ ഇരകളോടുള്ള സമൂഹത്തിന്റെ സ്ഥിരം ചോദ്യത്തിന് ഉത്തരവുമായി നടി ആഷ്‌ലി ജൂഡ്

സ്ത്രീകള്‍ക്കെതിരായ ലൈഗിക അതിക്രമങ്ങള്‍ക്കെതിരെ നടന്ന മീ ടൂ കാമ്പയിന് തുടക്കമിട്ടവരില്‍ ഒരാളാണ് നടി ആഷ്‌ലി ജുഡ്. ലൈംഗികമായ രീതിയില്‍ തങ്ങള്‍ക്കുണ്ടായിട്ടുള്ള മോശം അനുഭവം തുറന്നു പറഞ്ഞ് പ്രമുഖരടക്കമുള്ളവര്‍ രംഗത്തെത്തിയതോടെ കാമ്പയിന്‍ ആഗോള ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ലൈംഗിക പീഡനത്തിനിരയായ സ്ത്രീകളെ അധിക്ഷേപിക്കുന്ന സമൂഹത്തിന്റെ മറ്റൊരു പ്രവണതയ്‌ക്കെതിരെ ആഷ്‌ലി ശബ്ദമുയര്‍ത്തിയിരിക്കുന്നു.

ലൈംഗിക പീഡനത്തിനിരയായ സ്ത്രീകള്‍ പരാതിപ്പെട്ടാല്‍ ആദ്യം ചോദിക്കുന്നത്, എന്തുകൊണ്ട് ആദ്യം പരാതിയുമായി വന്നില്ല എന്നാണ്. ഇത്ര നാളുകള്‍ക്ക് ശേഷമാണോ പറയുന്നത്. സ്ത്രീയുടെ ഭാഗത്തും തെറ്റുണ്ട്, തുടങ്ങിയ നൂറുകൂട്ടം വാദങ്ങള്‍. അത്തരം ചോദ്യങ്ങള്‍ക്കുള്ള കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ആഷ്ലി.

സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഒരു കുറിപ്പിലൂടെയാണ് അവര്‍ തന്റെ ജീവിതാനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. പീഡിപ്പിക്കപ്പെട്ട വിവരം എന്തുകൊണ്ടാണ് അന്നുതന്നെ തുറന്നു പറയാതിരുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ക്രിസ്റ്റീന്‍ ഫോര്‍ഡിനോട് ചോദിച്ചതോടെയാണ് #WhyIDidntReport എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ തരംഗമായത്.

ഈ സംഭവത്തെത്തുടര്‍ന്നാണ് ഇരകളോട് സമൂഹം ആവര്‍ത്തിച്ചു ചോദിക്കുന്ന ഈ ചോദ്യത്തിന് തന്റെ ജീവിതാനുഭവം തുറന്നു പറഞ്ഞുകൊണ്ട് ആഷ്ലി മറുപടി നല്‍കിയതും.

ആദ്യമായി അത് സംഭവിക്കുമ്പോള്‍ എനിക്ക് ഏഴുവയസ്സ്. അതിനെക്കുറിച്ച് മുതിര്‍ന്ന വ്യക്തിയോട് പറഞ്ഞപ്പോള്‍ എനിക്ക് കിട്ടിയ മറുപടിയിതാണ്.” ഓഹ്! അയാള്‍ നല്ലൊരു മനുഷ്യനാണ് അയാള്‍ അങ്ങനെയൊന്നും ഉദ്ദേശിച്ചു കാണില്ല”.

പിന്നീട് 15-ാം വയസ്സില്‍ മാനഭംഗം ചെയ്യപ്പെട്ടപ്പോള്‍ അക്കാര്യം ഞാനെന്റെ ഡയറിയോടല്ലാതെ ആരോടും പറഞ്ഞില്ല. അതുവായിക്കാനിടയായ ഒരു മുതിര്‍ന്ന സ്ത്രീ പറഞ്ഞത്, പതിനഞ്ചാം വയസ്സില്‍ മുതിര്‍ന്ന ഒരാളുമായി ഞാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ്”. – #WhyIDidntReport എന്ന ഹാഷ്ടാഗിലൂടെ ആഷ്‌ലി പറയുന്നു.

Related posts