കോട്ടയം: തെരഞ്ഞെടുപ്പ് തന്ത്രം മെനയാന്‍ ജില്ലകളില്‍ സിപിഎമ്മിനു മുതിര്‍ന്ന നേതാക്കള്‍ അടങ്ങുന്ന സെന്റര്‍ രൂപീകരിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗ തീരുമാന പ്രകാരമാണ് സെന്റര്‍ രൂപീകരിച്ചിരിക്കുന്നത്.
ജില്ലാ സെക്രട്ടറിയും ജില്ലയില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍, സംസ്ഥാന സെക്രട്ടേറിയേറ്റംഗങ്ങള്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍, ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളും ഉള്‍പ്പെടുന്നതാണ് സെന്റര്‍. ആദ്യമായാണ് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കും മുന്നൊരുക്കള്ക്കുമായി ജില്ലകള്‍ തോറും സിപിഎം സെന്റര്‍ രൂപീകരിക്കുന്നത്. മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി നിയോജക മണ്ഡലം കമ്മിറ്റികള്‍ രൂപീകരിക്കാറുണ്ടായിരുന്നു.
ഇത്തവണയും നിയോജക മണ്ഡലം കമ്മിറ്റികള്‍ നേരത്തെ തന്നെ രൂപീകരിച്ചിരുന്നു. പ്രായപരിധി പിന്നിട്ട മുതിര്‍ന്ന നേതാക്കളെ സെന്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ആലപ്പുഴയില്‍ ജി. സുധാകരന്, തിരുവനന്തപുരത്ത് ആനാവൂര്‍ നാഗപ്പന്, കൊല്ലത്ത് കെ.വരദരാജന്, കോട്ടയത്ത് വൈക്കം വിശ്വനും കെ.ജെ. തോമസും, ഇടുക്കിയില്‍ എം.എം.മണി, പത്തനംതിട്ടയില്‍ കെ.അനന്തഗോപന്‍, എറണാകുളത്ത് ഗോപി കോട്ടമുറിക്കല്‍, തൃശൂരില്‍ ബേബി ജോണ്‍, പാലക്കാട്ട് എ.കെ. ബാലന്, കാസര്‍ഗോഡ് പി. കരുണാകരന് എന്നിവര്‍ സെന്ററുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
