പെരുമ്പാവൂര്‍: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങുന്നു. തെരഞ്ഞെടുപ്പ്, പെരുന്നാള്‍, വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കല്‍ എന്നിവയുടെ പശ്ചാത്തലത്തിലാണു തൊഴിലാളികള്‍ വലിയ തോതില്‍ തങ്ങളുടെ നാടുകളിലേക്കു തിരിക്കുന്നത്.
തൊഴിലാളികള്‍ നാടുകളിലേക്കു മടങ്ങുന്നത് കേരളത്തിലെ നിര്‍മാണ മേഖലയിലും ഹോട്ടല്‍, കൃഷി, വ്യവസായ മേഖലകളിലും പ്രതിസന്ധിയുണ്ടാക്കിയെന്നു തൊഴിലുടമകള്‍ പറയുന്നു. പലയിടത്തും കെട്ടിട നിര്‍മാണ ജോലികള്‍ പാതിവഴിയില്‍ നിലയ്ക്കുന്ന അവസ്ഥയാണ്.
മാര്‍ച്ച് മാസമായതിനാല്‍ പൊതുമരാമത്തിന്റേയും മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെയും നിര്‍മാണ ജോലികളും സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട കരാറുകാരും ബുദ്ധിമുട്ടിലായിട്ടുണ്ട്. തൊഴിലാളിക്ഷാമം മൂലം ജോലികള്‍ മുടങ്ങുന്ന സ്ഥിതിയാണെന്നു കരാറുകാരും പറയുന്നു.
പെരുമ്പാവൂര്‍ മേഖലയില്‍ മാത്രം ഒരു ലക്ഷത്തിലധികം ഇതരസംസ്ഥാനക്കാര്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക വിവരങ്ങള്‍പ്രകാരം എണ്ണം ഇതിലും കൂടും. പ്ലൈവുഡ് വ്യവസായത്തിന്റെ പ്രധാന മേഖലയായ പെരുമ്പാവൂരില്‍ ഇതരസംസ്ഥാനക്കാരുടെ കൊഴിഞ്ഞുപോക്ക് ആ വ്യവസായത്തെ സാരമായി ബാധിക്കുന്നുണ്ട്. പലയിടങ്ങളിലും പ്രതിദിന ഉല്പാദനം പകുതിയായി കുറഞ്ഞു. വിവിധ കൃഷികളില്‍ വിളവെടുപ്പിനും മറ്റു ജോലികള്‍ക്കും ആളെ കിട്ടാനില്ലാത്ത അവസ്ഥയുണ്ട്.
അതേസമയം പശ്ചിമബംഗാളിലും വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും തൊഴിലാളികള്‍ക്ക് മാന്യമായ തൊഴില്‍ സാഹചര്യമൊരുക്കുന്നതില്‍ സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന ശ്രദ്ധയും കേരളത്തില്‍ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കിന് ഇടയാക്കുന്നുണ്ടെന്നും വ്യവസായികള്‍ ചൂണ്ടിക്കാട്ടുന്നു.
- ഷിജു തോപ്പിലാന്‍
