പൃഥ്വിരാജ് നായകനായ താന്തോന്നി എന്ന ചിത്രത്തിനു ശേഷം പതിനാറ് വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് സംവിധായകന് ജോര്‍ജ് വര്‍ഗീസ് തന്റെ പുതിയ ചിത്രമായ ഐസിയുവിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. ഫെബ്രുവരി അവസാനം തിയറ്ററിലെത്തിയ ഐസിയുവില്‍ ബിബിന്‍ ജോര്‍ജ്, മുരളി ഗോപി, ബാബുരാജ്. വിസ്മയ, മീരാ വാസുദേവ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സംവിധായകന് ജോര്‍ജ് വര്‍ഗീസിന്റെ ജീവിതകഥ വായിക്കാം.
സിനിമയെ പ്രണയിച്ച പഠനകാലം
പ്രീഡിഗ്രി പഠനകാലത്തു തന്നെ ജോര്‍ജ് വര്‍ഗീസിന്റെ മനസുനിറയെ സിനിമയായിരുന്നു. ഒന്നാം വര്‍ഷം പഠിക്കുന്ന സമയത്ത് ഒരു തിരക്കഥയുമായി സംവിധായകന് കമല്‍, നടന് ശ്രീനിവാസന് എന്നിവരെയൊക്കെ കാണിച്ചു. വെള്ളിത്തിരയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കണമെന്ന് വല്ലാതെ മോഹിച്ചു.
അക്കാലത്താണ് ജോര്‍ജ് വര്‍ഗീസിന്റെ ജന്മനാടായ മലപ്പുറം മഞ്ചേരിയില്‍ ഗസല്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത്. കൊണ്ടോട്ടിക്കാരനായ ടി.എ. റസാഖായിരുന്നു അതിന്റെ തിരക്കഥാകൃത്ത്. അദ്ദേഹവുമായി സൗഹൃദമുണ്ടായിരുന്ന ജോര്‍ജ് ഇടയ്ക്കിടെ റസാഖിനെ കാണാന്‍ ചെല്ലുമായിരുന്നു, അവിടെ വച്ചാണ് അദ്ദേഹത്തിന്റെ അനുജന് ടി.എ. ഷാഹിദിനെ പരിചയപ്പെടുന്നത്. അത് ജോര്‍ജിന്റെ ജീവിതത്തിലെ വഴിത്തിരിവായി.
മത്സരത്തിലൂടെ തുടക്കം
ടി.എ സാഹിദ് മത്സരം എന്ന സിനിമയ്ക്കായി തിരക്കഥയെഴുതിയപ്പോള്‍ ജോര്‍ജ് അതിന്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റായി. തുടര്‍ന്ന് ഷാഹിദിന്റെ പല സിനിമകളിലും ജോര്‍ജ് സ്ക്രിപ്റ്റ് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. മത്സരം സിനിമയുടെ സംവിധായകന് അനില്‍. സി മേനോന്റെ കൂടെ സഹസംവിധാകനായി. ഷാജി കൈലാസ്, പത്മകുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം സഹ സംവിധായകനായി പ്രവര്‍ത്തിക്കാനും ജോര്‍ജിനായി.
വാസ്തവം, കാക്കി എന്നീ സിനിമയില്‍ പൃഥ്വിരാജിനൊപ്പം പ്രവര്‍ത്തിച്ചു. കാക്കിയില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് താന്തോന്നിയില്‍ അഭിനയിക്കാനായി പൃഥ്വിരാജുമായി സംസാരിക്കുന്നത്. അദ്ദേഹം സമ്മതം മൂളിയതോടെ 2009 ല്‍ താന്തോന്നിയുടെ ഷൂട്ടിംഗ് തുടങ്ങി. 2010ലാണ് ചിത്രം റിലീസായത്.
ഞാന്‍ എവിടേയ്ക്കും മാറി നിന്നിട്ടില്ല
താന്തോന്നി ഇറങ്ങി 16 വര്‍ഷത്തിനുശേഷമാണ് ഐസിയു എത്തുന്നത്. 16 വര്‍ഷം വലിയൊരു കാലയളവാണ്. പക്ഷേ ഇക്കാലത്ത് ഞാന്‍ എവിടേയ്ക്കും മാറി നിന്നിട്ടില്ല. താന്തോന്നി കഴിഞ്ഞതിനുശേഷം ഓരോ കഥകള്‍ കേട്ടു. 25 ഓളം എഴുത്തുകാര്‍ വന്ന് കഥകള്‍ പറഞ്ഞു. അതില്‍ നിന്ന് ഇഷ്ടപ്പെട്ട കഥകള്‍ തെരഞ്ഞെടുക്കുകയും ആര്‍ട്ടിസ്റ്റുകളെ കാണുകയും പ്രോജക്ട് പ്ലാന്‍ ചെയ്യുകയുമൊക്കെ അന്ന് ചെയ്തിരുന്നു.
പല പ്രോജക്ടുകളും നടക്കുമെന്ന ഘട്ടം വന്നിട്ടാണ് മാറിപ്പോയത്. അങ്ങനെ വരുമ്പോള്‍ നമ്മുടെ വര്‍ഷങ്ങള്‍ കഴിഞ്ഞു പോകുന്നു. എങ്കിലും ഞാന്‍ എവിടേയ്ക്കും പോയിട്ടില്ല. അന്നും ഞാന്‍ സിനിമകളുടെ പുറകേയായിരുന്നു. അങ്ങനെ തയാറാക്കി വച്ച പല കഥകളും അടുത്ത പ്രോജക്ടുകളായി ഇപ്പോള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്
ഐസിയുവിനെക്കുറിച്ച്
ഒരു ആശുപത്രിയിലെ ഐസിയു തന്നെയാണ് പ്രധാന പശ്ചാത്തലമായി എത്തുന്നത്. നായകന്റെയും നായികയുടെയും ജീവിതവുമായി ബന്ധപ്പെട്ട് പുറംലോകത്ത് നടക്കുന്ന കാര്യങ്ങളും സിനിമയുടെ ഭാഗമാണ്. മനസില്‍ പ്രണയം സൂക്ഷിക്കുന്ന നായകന് ആ വികാരത്തിന്മേല് നല്കുന്ന ഇന്റന്‍സായ കെയറും, ചിത്രത്തിലെ വില്ലന്‍ കഥാപാത്രം അയാളുടെ വികാരത്തിന് നല്കുന്ന ഇന്റന്‍സായ കെയറുമാണ് സിനിമയുടെ പ്രധാന പ്രമേയം. രണ്ടുപേരുടെയും ഈ സ്വഭാവ സവിശേഷതകളില്‍ നിന്ന് ഉടലെടുക്കുന്ന പകയാണ് സിനിമ പറയുന്നത്.
ചിത്രം കണ്ടവര്‍ നല്ല അഭിപ്രായമാണ് പറഞ്ഞത്. ഏതുതരം പ്രേക്ഷകര്‍ക്കും അതായത്്, ത്രില്ലര്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ഫാമിലി പ്രേക്ഷകര്‍ക്കും വളരെയധികം ഇഷ്ടപ്പെടുന്ന സിനിമയാണിത്. കഥ കേട്ട് പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ കഥാപാത്രമായി ബിബിന്‍ ജോര്‍ജ് തന്നെയായിരുന്നു മനസില്‍.
യാതൊരു ഹീറോയിസവുമില്ലാത്ത വളരെ സാധാരണക്കാരനായ ഒരു മനുഷ്യനാണ് ഇതിലെ നായകന്. അങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ബിബിന്‍ ജോര്‍ജ് തികച്ചും അനുയോജ്യനാണ്. അദ്ദേഹം നല്ലൊരു നടനാണ്. ശാരീരിക പരിമിതികളെ അതിജീവിച്ച് സിനിമാമേഖലയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ബിബിന്‍ ജോര്‍ജ്.
പന്ത്രണ്ടിലധികം സിനിമകളില്‍ നായകനായി അഭിനയിച്ച അദ്ദേഹം ധാരാളം സിനിമകളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും തിരക്കഥകള്‍ എഴുതുകയും ടെലിവിഷന്‍ മേഖലയില്‍ സജീവമായി നില്‍ക്കുകയും ചെയ്യുന്നു. ബിബിന്റെ കഴിവും അര്‍പ്പണ മനോഭാവവും കൊണ്ടു മാത്രമാണ് അദ്ദേഹം ഇതുവരെ എത്തിയത്്. നര്‍മം മാത്രമല്ല വൈകാരികമായ കഥാപാത്രങ്ങള്‍ കൂടി അനായാസേന കൈകാര്യം ചെയ്യാനാകുമെന്ന് ബിബിന്‍ ജോര്‍ജ് ഈ ചിത്രത്തിലൂടെ തെളിയിച്ചു.
കൂട്ടായി കുടുംബം
എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലെ ഡയറ്റീഷനായ ഭാര്യ സിസിമോളും മക്കളും വിദ്യാര്‍ഥികളുമായ ആബേല്‍ ആല്‍ബര്‍ട്ടോയും ജുവാനി മരിയയും പിന്തുണയുമായി എപ്പോഴും കൂടെയുണ്ട്.
സീമ മോഹൻലാൽ
