2015 ലെ ചെന്നൈ പ്രളയത്തില്‍ സിങ്കപ്പൂരില്‍ നിന്ന് സ്വീകരിച്ചത് 75,000 അമേരിക്കന്‍ ഡോളര്‍! അന്നും ഇന്നും പ്രധാനമന്ത്രി ഒരാള്‍ തന്നെ; എന്തുകൊണ്ട് കേരളത്തോട് മാത്രം ചിറ്റമ്മ നയമെന്ന ചോദ്യമുയരുന്നു

സംസ്ഥാനത്തെ വിഴുങ്ങിയ പ്രളയമുണ്ടാക്കിയതിന്റെ കൃത്യമായ നഷ്ടക്കണക്ക് ഇതുവരെ പുറത്ത് വന്നിട്ടില്ല. യഥാര്‍ത്ഥ കണക്ക്, പുറത്തു വന്നതിനേക്കാള്‍ ഗുരുതരമായിരക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേന്ദ്രം അനുവദിച്ച തുക ഒന്നിനും തികയാത്ത അവസ്ഥ നിലനില്‍ക്കേ, യുഎഇ ഭാരണകൂടം നല്‍കിയ 700 കോടിയുടെ സഹായം കേരളം സ്വീകരിക്കേണ്ടതില്ലെന്നാണ് കേന്ദ്രം അറിയിച്ചത്.

വിദേശ സഹായം സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്രത്തിന്റെ നയമാണ് സഹായം നിരസിച്ചതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ഇതേത്തുടര്‍ന്ന് വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുകയും കേരളത്തെ സഹായിക്കുന്നില്‍ നിന്ന് പിന്മാറില്ലെന്ന് യുഎഇ അറിയിക്കുകയും ചെയ്‌തെങ്കിലും സഹായം സ്വീകരിക്കുന്നതിനോട് കേന്ദ്രത്തിന് ഇപ്പോഴും വിമുഖത തന്നെയാണുള്ളത്.

2015 ല്‍ ചെന്നൈയില്‍ പ്രളയമുണ്ടായപ്പോള്‍ പുറത്തു വന്ന ഒരു വാര്‍ത്തയാണ് ഈയവസരത്തില്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. പ്രളയത്തില്‍ വലഞ്ഞ ചെന്നൈയ്ക്ക് സഹായമായി സിങ്കപ്പൂര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച 75000 യുഎസ് ഡോളര്‍ കേന്ദ്രം സ്വീകരിച്ചു എന്നുള്ളതാണത്. സിങ്കപ്പൂര്‍ വിദേശകാര്യ മന്ത്രി വിവിയന്‍ ബാലകൃഷ്ണന്‍ അന്നത്തെ മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തിലൂടെയാണ് സഹായം വാഗ്ദാനം ചെയ്തത്.

ചെന്നൈയ്ക്കുവേണ്ടി സിങ്കപ്പൂര്‍ വാഗ്ദാനം ചെയ്ത തുക സ്വീകരിച്ച സമയത്തും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് കേരളത്തിനുവേണ്ടി യുഎഇ സഹായം നിരസിച്ചപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വൈരുദ്ധ്യമാണ് മനസിലാവാത്തത് എന്നാണ് ഇപ്പോള്‍ ആളുകള്‍ ഇതേക്കുറിച്ച് പ്രതികരിക്കുന്നത്. എന്തുകൊണ്ട് പ്രധാനമന്ത്രി കേരളത്തോട് മാത്രം ഇത്തരം ചിറ്റമ്മ നയം സ്വീകരിക്കുന്നു എന്നത് ഇനിയെങ്കിലും വ്യക്തമാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

Related posts