കൊച്ചി: ആണ്‍സുഹൃത്തിനെ കത്തി കാണിച്ചു ഭയപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. നിരവധി കേസുകളില്‍ പ്രതികളായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി രാഹുല്‍ (39), തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് (28)എന്നിവരാണ് എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ ബുധനാഴ്ച എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് എതിര്‍വശമുള്ള കാടുപിടിച്ചു കിടക്കുന്ന ഹോട്ടല്‍ സമുച്ചയത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പതോടെ സൗത്ത് റെയില്‍വേ സ്റ്റേഷന് റോഡില്‍ എത്തിയ സുഹൃത്തുക്കളായ യുവാവും യുവതിയും മഴ നനയാതിരിക്കാന്‍ ഈ കെട്ടിടത്തിനുള്ളില്‍ കയറി നിന്നു. മഴ ശക്തമായപ്പോള്‍ അവര്‍ മുകളിലത്തെ നിലയിലേക്കു കയറി.
ആ സമയം പ്രതികള്‍ ഈ കെട്ടിടത്തില്‍ മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു. മുകളിലേക്കു പോയ സുഹൃത്തുക്കള്‍ ഇവര്‍ ഇരിക്കുന്നത് കണ്ടില്ലായിരുന്നു. ഇവര്‍ പോയതിനെ പിന്നാലെ പ്രതികളും മുകളിലേക്ക് എത്തി. അവിടെ വച്ചാണ് സുഹൃത്തിനെ മര്‍ദിക്കുകയും കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് പരാതിക്കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത്.
തുടര്‍ന്ന് യുവതി പ്രതികളില്‍ ഒരാളുടെ കൈയില്‍ കടിച്ചതിനുശേഷം അവിടെനിന്ന് ആണ്‍സുഹൃത്തുമായി ഓടി രക്ഷപ്പെടുകയായിരുന്നു. ആ സമയംതന്നെ അവര്‍ പോലീസ് കണ്ട്രോള് റൂമില്‍ വിവരം അറിയിച്ചു. ഉടന്‍തന്നെ പോലീസ് അവിടെ സ്ഥലത്തെത്തി. അപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു.
സംഭവത്തിനുശേഷം കടുത്ത മാനസിക സംഘര്‍ഷത്തിലായ യുവതി പരാതി നല്കാന് വിമുഖത കാണിച്ചുവെങ്കിലും എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പ്രേമാനന്ദ കൃഷ്ണ മുന്‍കൈയെടുത്ത് പ്രത്യേക കൗണ്‍സലിംഗ് നല്‍കുകയും തുടര്‍ന്ന് പിറ്റേന്ന് ഉച്ചയോടെ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ജിജോയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. കുറ്റകൃത്യം നടന്ന കെട്ടിടത്തില്‍ സിസിടിവി കാമറ ഉണ്ടായിരുന്നില്ല. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളില്‍ ഒരാള്‍ സഞ്ചരിച്ച ബൈക്കില്നിന്നാണു കേസിന്റെ നിര്‍ണായക വിവരം ലഭിക്കുന്നത്. ആ ബൈക്കിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പോലീസിനെ പ്രതികളിലേക്ക് എത്തിച്ചത്.
പിടിയിലായ രണ്ടു പ്രതികള്‍ക്കുമെതിരേ പത്തിലേറെ കേസുകളുണ്ട്. മുഖ്യപ്രതിയായ ഡാനിഷ് പോലീസിനെ ആക്രമിച്ചു രക്ഷപ്പെട്ട് ഓടി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപമുള്ള തോട്ടിലേക്ക് എടുത്തുചാടിയെങ്കിലും പിന്നാലെ എത്തിയ പോലീസ് ഇയാളെ പിടികൂടി.
