തൊട്ടിലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന, ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം! കുറ്റം സമ്മതിച്ച്, കുഞ്ഞിന്റെ പിതൃസഹോദര ഭാര്യ; പൈശാചിക കൃത്യം നടത്താന്‍ കാരണമായി യുവതി പറഞ്ഞതിങ്ങനെ

അതിക്രൂരവും പൈശാചികവുമായ രീതിയില്‍ ഏഴ് മാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത് പിതൃസഹോദരന്റെ ഭാര്യയെന്ന് തെളിഞ്ഞു. പ്രേരണയായത് കുഞ്ഞിന്റെ മാതാവിനോടുള്ള വിദ്വേഷമെന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്.

സംഭവത്തില്‍ കോഴിക്കോട് കാരാടി സ്വദേശിനി ജസീലയെ താമരശേരി ഡി.വൈ.എസ്.പിയും സംഘവും അറസ്റ്റ് ചെയ്തു. തൊട്ടിലില്‍ കിടത്തിയ കുഞ്ഞിനെ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ കാണപ്പെടുകയായിരുന്നു. ആരോ ബോധപൂര്‍വം കുഞ്ഞിനെ കിണറ്റിലിട്ടെന്ന് വ്യക്തം. സംഭവസമയം വീട്ടിലുണ്ടായിരുന്ന ജസീലയോടും കുഞ്ഞിന്റെ മാതാവിനോടും പോലീസ് വിവരങ്ങളാരാഞ്ഞു.

ആദ്യഘട്ടത്തില്‍ പോലീസിന്റെ സംശയങ്ങളെ ബലപ്പെടുത്തുന്നതൊന്നും തെളിവായി കിട്ടിയില്ല. സംഭവം നടന്ന് ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ കൃത്യം നടത്തിയ ആളുതന്നെ കുറ്റം സമ്മതിച്ചു. കാരണമറിഞ്ഞപ്പോള്‍ പോലീസും അമ്പരന്നു. കുഞ്ഞിന്റെ മാതാവിന് മറ്റുള്ളവര്‍ക്കിടയില്‍ കിട്ടുന്ന പരിഗണനയില്‍ പിതൃസഹോദര ഭാര്യയ്ക്കുണ്ടായ വിദ്വേഷം. കഴിഞ്ഞദിവസം ഉച്ചയോടെയാണ് കാരാടി സ്വദേശി മുഹമ്മദലിയുടെ ഏഴ് മാസം പ്രായമുള്ള മകള്‍ ഫാത്തിമയെ വീടിന് മുറ്റത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

കുഞ്ഞിനെ ഉറക്കിയ ശേഷം മാതാവ് ഷമീന കുളിക്കുന്നതിനിടെയാണ് ജസീല കുഞ്ഞിനെയെടുത്ത് കിണറ്റിലിട്ടത്. കുഞ്ഞിനെ കാണാനില്ലെന്ന് ഷമീന നിലവിളിച്ച് പറയുമ്പോഴും അതേ വ്യഗ്രതയില്‍ തെരച്ചിലിന് ജസീലയും കൂടി. ഇരുവരുടെയും കരച്ചില്‍ കേട്ട് ഓടിയെത്തിയ സമീപവാസിയാണ് കുഞ്ഞിനെ കിണറ്റില്‍ കണ്ടതും മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചതും.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമെന്ന് വ്യക്തമായിരുന്നു. വീട്ടിലുണ്ടായിരുന്നവരുടെ അറിവില്ലാതെ കുഞ്ഞിന് മരണം സംഭവിക്കില്ലെന്ന് പോലീസും ഉറപ്പിച്ചു. ആദ്യഘട്ടത്തില്‍ പിടിച്ചുനിന്ന ജസീലയുടെ മൊഴിയില്‍ പലപ്പോഴും പൊരുത്തക്കേടും കണ്ടു. പിന്നീട് കരഞ്ഞുകൊണ്ട് കുറ്റമേല്‍ക്കുകയായിരുന്നു. പലപ്പോഴായി ഷമീനയോട് തോന്നിയ ചെറിയ വിദ്വേഷമാണ് ദാരുണ കൃത്യത്തിലേക്ക് നയിച്ചതെന്നാണ് അവര്‍ മൊഴിയില്‍ പറഞ്ഞിരിക്കുന്നത്.

Related posts