കുഞ്ഞുങ്ങളെ നോക്കുന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. കണ്ണൊന്ന് തെറ്റിയാൽ അവർ ഒപ്പിച്ചു വയ്ക്കുന്ന പണി നമുക്ക് പറഞ്ഞറിയിക്കാൻ സാധിക്കില്ല. അത്രയ്ക്കും കുരുത്തക്കേടുകൾ അവർ ചെയ്യാറുണ്ട്. പലപ്പോഴും ഇവരുടെ കുസൃതികൾക്ക് മുന്നിൽ മാതാപിതാക്കൾക്ക് അടിയറവ് പറയേണ്ടി വരാറുണ്ട്. മടുത്തു പോകാറുമുണ്ട് അമ്മമാർ. അത് ചിലപ്പോൾ ചില അമ്മമാരെ ഡിപ്രഷനിലേക്ക് എത്തിക്കാറുണ്ട്. അത്തരമൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ജഷിത് സിംഗ് നരൂല എന്ന അമ്മയാണ് ഇതിനെക്കുറിച്ച് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ ഇവർ തന്റെ അനുഭവം പങ്കുവച്ചു. തന്റെ കുട്ടി ഒരു നിമിഷം പോലും തന്നെ വിട്ടുമാറാൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ പറയുന്നു.
സമാധാനമായി ഒരിടത്തിരുന്ന് ഒരു കപ്പ് ചായ കുടിക്കാൻ പോലും തനിക്ക് സാധിക്കുന്നില്ല. എപ്പോഴും ‘മമ്മാ, ലാപ്പ്’ (അമ്മേ, മടിയിൽ ഇരുത്തൂ) എന്ന് കുട്ടി കരഞ്ഞുകൊണ്ടിരിക്കും. ഈ വിളി എപ്പോഴും കാതുകളിൽ മുഴങ്ങിക്കൊണ്ടിരിക്കുകയാണെന്നും, അമിതമായ തളർച്ച കാരണം താൻ എപ്പോൾ വേണമെങ്കിലും തകർന്നുപോയേക്കാം എന്ന് തോന്നാറുണ്ടെന്നും അവർ പറഞ്ഞു.
ജഷിത് സിംഗ് നരൂല വളരെ വികാരാധീനയായാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പെട്ടെന്ന്തന്നെ വൈറലായി. നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. മറ്റുള്ളവർ നിസാരമെന്ന് കരുതുന്ന കാര്യങ്ങൾ ചിലർക്ക് വളരെ വലിയ ട്രോമ പോലും നൽകുന്നു എന്നാണ് മിക്കവരും കമന്റ് ചെയ്യുന്നത്.
