കൊച്ചി: പഴയ ബജാജ് സ്കൂട്ടറും സൈക്കിളും ചേര്‍ത്തു പെരുമ്പാവൂരിലെ പ്ലസ് ടു വിദ്യാര്‍ഥി മുഹമ്മദ് ബാദുഷ രൂപപ്പെടുത്തിയ “ബജാക്കിള്’ ജനത്തിനു കൗതുകമാണെങ്കിലും ഇതൊരു പ്രതിഷേധമാണ്.
ഇന്ധനവില റോക്കറ്റുപോലെ കുതിച്ചുയർന്നതിനെതിരേയുള്ള വേറിട്ട പ്രതിഷേധം. സ്കൂട്ടറിന്റെ മുഖവും സൈക്കിളിന്റെ ശരീരവുമുള്ള ബജാക്കിള്, ബാദുഷ ആഞ്ഞുചവുട്ടി പോകുന്പോൾ നാട്ടുകാർ കൈവീശി പ്രതിഷേധത്തിൽപങ്കുചേരുന്നു.
“ഇന്ധനവില വര്‍ധന ബാധിക്കാത്ത ആരുമില്ല. നാടെങ്ങും ഇതിനെതിരേ എതിർപ്പുയരുന്പോൾ ഞാനും എന്റെ പങ്ക് വഹിക്കുന്നു. സൈക്കിള്‍ ചവിട്ടി പോയാല്‍ അതു പ്രതിഷേധമാകില്ല.
അതിനാലാണ് ഇത്തരമൊരു വിചിത്ര വാഹനം രൂപപ്പെടുത്തി അതിൽ സഞ്ചരിക്കുന്നത്’ -മുഹമ്മദ് ബാദുഷ പറയുന്നു. മാരമ്പള്ളി എന്‍ഐ വിഎച്ച്എസ്എസ് വിദ്യാര്‍ഥിയായ ബാദുഷ, മുത്തനാംകുളം എം.ബി. ഹഫീസ്-സുലൈഖ ദന്പതികളുടെ മകനാണ്.
പഴയ ബജാജ് സ്കൂട്ടറിന്റെ മുൻഭാഗം സൈക്കിളിൽ പിടിപ്പിച്ചാണു “ബജാക്കിള്’ ഉണ്ടാക്കിയിരിക്കുന്നത്. പരസ്യബോര്‍ഡുകള്‍ തയാറാക്കുന്ന ജോലിയുളള അച്ഛന്റെ സഹായവും മുഹമ്മദിനു ലഭിച്ചു.
സ്കൂട്ടർ വാങ്ങാൻ നൽകിയ 3,500 രൂപ ഉൾപ്പെടെ 7,200 രൂപയോളം ആകെ ചെലവായി. എംവി മച്ചന് എന്ന യൂട്യൂബ് ചാനലിന്റെ ഉടമകൂടിയായ ബാദുഷ സോഷ്യല്‍മീഡിയയിൽ സജീവമാണ്. ബജാക്കിളില് പുതിയ മാറ്റങ്ങള്‍ വരുത്തി ആവശ്യക്കാര്‍ക്കു നിര്‍മിച്ചുകൊടുക്കാനും മുഹമ്മദ് ബാദുഷ തയാർ. ഫാത്തിമയാണ് സഹോദരി.