ഗിയറിന് താഴെയാണ് കുഞ്ഞ് കിടന്നിരുന്നത്, സീറ്റില്‍ ഗുരുതരമായ പരിക്കുകളോടെ ചുരുണ്ട് കിടക്കുകയായിരുന്നു ലക്ഷ്മി; നിസ്സഹായനായി ഞങ്ങളെ നോക്കുകയായിരുന്നു ബാലഭാസ്‌കര്‍; രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജി പറയുന്നു

പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം ഉള്‍ക്കൊള്ളാന്‍ ഉതുവരെയും അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് സാധിച്ചിട്ടില്ല. അത്രയ്ക്കും ആകസ്മികമായിരുന്നു ആ വേര്‍പാട്. ബാലഭാസ്‌കറിന്റെ വിയോഗത്തിനൊപ്പം മകള്‍ തേജസ്വിനിയ.ുടെ ജീവനും ആ അപകടത്തെതുടര്‍ന്ന് പറന്നകന്നിരുന്നു. അപകട സമയത്ത് ബാലഭാസ്‌കറാണ് വാഹനം ഓടിച്ചിരുന്നതെന്ന് ഡ്രൈവര്‍ പറയുമ്പോള്‍, ബാലുവിന്റെ ഭാര്യ ലക്ഷ്മി ആവര്‍ത്തിച്ചത് ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നതെന്നാണ്.

എന്നാല്‍ ബാലുവിന്റെ ഡ്രൈവറുടെ മൊഴിയ്ക്ക് സമാനമാണ് അപകടം നടന്ന സമയത്ത് ആദ്യം രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സി. അജിയുടെ മൊഴിയും. കേസന്വേഷണത്തില്‍ അജിയുടെ മൊഴി നിര്‍ണായകവുമാണ്.

അപകടം നടന്ന സമയത്ത് ബാലഭാസ്‌കറിന്റെ കാറിന്റെ തൊട്ടുപിന്നിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറായിരുന്നു പൊന്നാനി സ്വദേശിയായ അജി. അപകടസ്ഥലത്ത് ആദ്യമെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത് അജിയായിരുന്നു. കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ തന്നെയാണെന്ന് ഇദ്ദേഹും സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനം നടത്തുന്ന സമയത്ത് ബാലഭാസ്‌കറിന് ബോധം ഉണ്ടായിരുന്നുവെന്നും നിസ്സഹായനായി നോക്കിയിരുന്നുവെന്നും അജിയുടെ മൊഴിയില്‍ പറയുന്നു.

‘ആറ്റിങ്ങല്‍ മുതല്‍ ബാലഭാസ്‌കറിന്റെ കാര്‍ ബസിന്റെ മുന്‍പിലുണ്ടായിരുന്നു. പള്ളിപ്പുറം സിഗ്നല്‍ കഴിഞ്ഞുളള വളവ് കഴിഞ്ഞപ്പോള്‍ കാര്‍ അമിത വേഗത്തിലായി. ഉടന്‍ തന്നെ നിയന്ത്രണംവിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ചു. ബസ് റോഡരികില്‍ ഒതുക്കി വേഗം തന്നെ കാറിനടുത്തേക്ക് ഓടി. മുന്‍പില്‍ ഡ്രൈവര്‍ സീറ്റിലായിരുന്ന ബാലഭാസ്‌കര്‍ ഡോര്‍ തുറക്കാന്‍ ആവശ്യപ്പെടുന്നതുപോലെ തലയനക്കി,’അജിയുടെ മൊഴി ഇങ്ങിനെ.

ഗിയര്‍ ലിവറിനടിയിലായിട്ടായിരുന്നു ബാലഭാസ്‌കറിന്റെ കുഞ്ഞ് തേജസ്വിനി കിടന്നിരുന്നത്. കാറിന്റെ ചില്ല് പൊട്ടിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഈ സമയത്ത് സീറ്റില്‍ ഗുരുതരമായ പരിക്കുകളോടെ ചുരുണ്ടുകിടക്കുകയായിരുന്നു ലക്ഷ്മി. ഓടിക്കൂടിയവര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്, മുന്‍ സീറ്റില്‍ നിസ്സഹായനായി ഇരുന്നു നോക്കുന്നുണ്ടായിരുന്നു ബാലഭാസ്‌കര്‍. അപ്പോഴും അദ്ദേഹത്തിനു ബോധം മറഞ്ഞിട്ടുണ്ടായിരുന്നില്ല, എന്നും അജി പറഞ്ഞു.

Related posts