സര്‍ക്കാര്‍ ജോലിയ്ക്കുള്ള സംവരണം എടുത്ത് കളഞ്ഞ് ബംഗ്ലാദേശ്; ഇനി വിദ്യാര്‍ഥികളെ നിരാശപ്പെടുത്താനില്ലെന്ന് പ്രധാനമന്ത്രി; തീരുമാനം വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന്…

ധാക്ക: സംവരണം നിര്‍ത്തലാക്കുന്ന നിര്‍ണായക തീരുമാനവുമായി ബംഗ്ലാദേശ് സര്‍ക്കാര്‍. സര്‍ക്കാര്‍ ജോലിയ്ക്കുള്ള സംവരണമാണ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിദ്യാര്‍ത്ഥികളുടെ ആഗ്രഹപ്രകാരമാണ് ഇത്തരമൊരു തീരുമാനമെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു.

സംവരണം എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുന്നത്. ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തിയ വിവാദനയമാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. ധാക്കയില്‍ പ്രക്ഷോഭം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കു നേരെ പോലീസ് നടപടിയുമുണ്ടായിരുന്നു. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് അന്ന് പരുക്കേറ്റത്. ഞായറാഴ്ച മുതലാണ് ബംഗ്ലാദേശ് വിദ്യാര്‍ത്ഥി സമരത്തില്‍ വലഞ്ഞത്.

രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സര്‍വീസുകളിലും സംവരണം ഇല്ലാതാക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമില്ലാത്ത സംവരണ തത്വം തുടരേണ്ടതില്ലെന്നാണ് അവരുടെ നിലപാട്. കൂടുതല്‍ പ്രക്ഷോഭത്തിന് മുതിരാതെ വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങട്ടെയെന്നും അവര്‍ പറഞ്ഞു. സംവരണത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ തെരുവിലേക്ക് ഇറങ്ങിയതോടെ രാജ്യത്തെ മുഴുവന്‍ സര്‍വകലാശാലകളുടെയും പ്രവര്‍ത്തനങ്ങള്‍ തകരാറിലായിരുന്നു ക്ലാസുകളും പരീക്ഷകളും മുടങ്ങി. സംവരണത്തില്‍ അവര്‍ എത്രമാത്രം സഹിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ഈ പ്രക്ഷോഭമെന്നും ഷേയ്ഖ് ഹസീന പറഞ്ഞു.

 

Related posts