യുവതിയുടെ കണ്ണീര്‍ കുടിച്ച് തേനീച്ചകള്‍ ! ഈച്ചകള്‍ കണ്ണില്‍ കയറിയത് ബന്ധുവിന്റെ കല്ലറയില്‍ നിന്ന്; ആശുപത്രിയിലെത്തിയ യുവതിയുടെ കണ്ണു പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി…

തായ്‌വാന്‍: കണ്ണുനീര്‍ കുടിക്കുന്ന തേനീച്ച, സംഗതികേട്ടാല്‍ വിശ്വസിക്കാന്‍ അല്‍പം പാടുപെടുമെങ്കിലും സത്യമാണ്. കണ്ണുകളില്‍ വേദന അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിയ യുവതിയുടെ കണ്ണ് പരിശോധിച്ചപ്പോഴാണ് ഡോക്ടര്‍മാരെപ്പോലും ഞെട്ടിച്ച കണ്ടെത്തല്‍ ഉണ്ടായത്. തേനീച്ച വിഭാഗത്തില്‍പ്പെട്ട ഇവ സാധാരണയായി ശവകുടീരങ്ങളിലും പര്‍വതപ്രദേശത്തും കാണുന്ന ചെറിയ ഇനം ഈച്ചകളാണ്. തേനീച്ചകള്‍ ദിവസങ്ങള്‍ക്കു മുമ്പുതന്നെ കണ്ണില്‍ കയറിപ്പറ്റിയെന്നാണ് കരുതുന്നത്. ഇവ കണ്ണീര്‍ ഭക്ഷണമാക്കി ജീവിച്ചു വരികയായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയത്. ലോകത്തുതന്നെ ആദ്യമായാണ് ഇത്തരം ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

തായ്‌വാനിലെ ഫോയിന്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് യുവതിയുടെ കണ്ണില്‍ നിന്ന് ഈച്ചകളെ പുറത്തെടുത്തത്. കണ്ണ് വീര്‍ത്തിരിക്കുന്നതെ തുടര്‍ന്നാണ് യുവതി ആശുപത്രിയിലെത്തിയത്. തുടര്‍ന്നുള്ള പരിശോധനയിലാണ് കണ്‍പോളകള്‍ക്കിടയില്‍ തേനീച്ചക്കൂട്ടത്തെ കണ്ടതെന്ന് ഈച്ചകളെ പുറത്തെടുത്തതെന്ന് ഡോക്ടര്‍ ഹാംഗ് ടി.ചിന്‍ പറഞ്ഞു.പരിശോധനയ്ക്കിടെ ഷഡ്പദങ്ങളുടെത് പോലുള്ള കാലുകളാണ് കണ്‍പോളയില്‍ ആദ്യം കണ്ടത്. തുടര്‍ന്നാണ് മൈക്രോസ്‌കോപ് വഴി പരിശോധന നടത്തി. അപ്പോഴാണ് പോളയ്ക്കടിയില്‍ ഒളിച്ചിരിക്കുന്ന നിലയില്‍ നാല് തേനീച്ചകളെ കണ്ടത്. ലോകത്ത് ആദ്യമായാണ് ഇങ്ങനെയൊരു സംഭവമെന്ന് ഡോക്ടര്‍ ഹാംഗ് ടി.ചിന്‍ പറഞ്ഞു.

അടുത്തിടെ ബന്ധുവിന്റെ ശവക്കല്ലറ വൃത്തിയാക്കുന്നതിനിടെ എന്തോ കണ്ണില്‍ പോയതായി യുവതിക്ക് തോന്നിയിരുന്നു. എന്നാല്‍ ആ സമയത്ത് ശ്രദ്ധിച്ചിരുന്നില്ലെന്നും യുവതി പിന്നീട് അഴുക്ക് വെള്ളത്തില്‍ കണ്ണ് കഴുകിയതായും അവര്‍ പറഞ്ഞു. പിന്നീട് കണ്ണില്‍ കടുത്ത വേദന അനുഭവപ്പെടുകയും പോളകള്‍ വീര്‍ക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് ചികിത്സ തേടിയത്. അഞ്ച് ദിവസം ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷമാണ് 80% കാഴ്ച ശക്തി തിരികെ ലഭിച്ചതെന്നും യുവതി കണ്ണ് തിരുമ്മാത്തതിനാലാണ് കാഴ്ച നഷ്ടപ്പെടാതിരുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ചെറു തേനീച്ചകള്‍ അഥവാ ഹല്‍ക്കിറ്റിഡെ തേനീച്ചകളാണ് ഇവ. മനുഷ്യന്റെ വിയര്‍പ്പില്‍ ഇവ ആകൃഷ്ടരാകുമെന്നും കണ്ടെത്തിയിട്ടുണ്ട്. പര്‍വത പ്രദേശത്തും ശവ കുടീരങ്ങള്‍ക്കടുത്തുമാണ് ഇത്തരം ഈച്ചകളെ പൊതുവെ കാണാറെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അതിനാല്‍ തന്നെ ശവക്കല്ലറ വൃത്തിയാക്കുന്നതിനിടെ ആകാം ഇവ യുവതിയുടെ കണ്ണില്‍ കയറിപ്പറ്റിയതെന്നാണ് സംശയിക്കുന്നത്.

Related posts