മുഖ്യമന്ത്രിക്ക് വധഭീഷണി അയച്ച രണ്ടു പേർ പിടിയിൽ; അയൽവാസിയോടുള്ള വൈരാഗ്യം തീർക്കാൻ അവരുടെ ഫോൺ മോഷ്ടിച്ചെടുത്ത് സന്ദേശം അയയ്ക്കുകയായിരുന്നുവെന്ന് പ്രതികൾ

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണി സന്ദേശം തൃശൂർ ഈസ്റ്റ് പോലീസിന് ലഭിക്കുന്നത്. തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചിരുന്നു. വധഭീഷണി വന്ന ഫോണ്‍ സന്ദേശത്തെക്കുറിച്ച് വെള്ളിയാഴ്ച തന്നെ അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പാലക്കാട്ട് നിന്നും രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്.

ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോൾ അയൽവാസിയോടുള്ള വിദ്വേഷം തീർക്കാൻ അയാളുടെ ഫോണെടുത്ത് ഭീഷണി സന്ദേശം അയച്ചുവെന്നായിരുന്നു മൊഴി. എന്നാൽ ഈ മൊഴി പോലീസ് കാര്യമായി എടുത്തിട്ടില്ല. പിന്നീടാണ് ഇരുവരെയും തൃശൂർ ഈസ്റ്റ് പോലീസിന് കൈമാറിയത്. ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ച ഇരുവരെയും വിശദമായ ചോദ്യം ചെയ്യലിന് വിധേയരാക്കിയിരിക്കുകയാണ്.

Related posts