വീണ്ടും വിസ്മയിപ്പിച്ച് ഭൂമിക

bhoomikaഭ്രമരം, ബഡി എന്നീ രണ്ടു മലയാള ചിത്രങ്ങളില്‍ മാത്രമാണ് ഭൂമിക ചൗള എന്ന നായികയെ നമ്മള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ അന്യഭാഷാ ചിത്രങ്ങളിലൂടെ ഒന്നര പതിറ്റാണ്ടായി ഭൂമികയുടെ നാട്യ മികവ് പ്രേക്ഷകര്‍ ആസ്വദിച്ചറിഞ്ഞതാണ്. ഭ്രമരത്തിലെ ജയയ്ക്കും ബഡിയിലെ പദ്മയ്ക്കുമൊപ്പം തമിഴ് ചിത്രം സില്ലനൊരു കാതലിലെ ഐശ്വര്യയും ബദ്രിയിലെ ജാനകിയും പ്രേക്ഷക മനസില്‍ ഇടം പിടിച്ച ഭൂമികയുടെ കഥാപാത്രങ്ങളാണ്. ഭാഷാ വ്യത്യാസമില്ലാതെ ഇന്ത്യന്‍ സിനിമകളില്‍ നിറ സാന്നിധ്യമായി നില്‍ക്കുന്ന ഭൂമികയെ പ്രേക്ഷകര്‍ വീണ്ടും കാണുന്നത് ക്രിക്കറ്റ് ക്യാപ്റ്റന്‍ ധോണിയുടെ കഥ പറഞ്ഞെത്തിയ ധോണി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി യിലൂടെയാണ്. ധോണിയുടെ സഹോദരി ജയന്തിയുടെ വേഷത്തിലൂടെ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുന്നു ഈ പ്രതിഭ. ഭൂമിക ചൗള പറയുകയാണ്… തന്റെ തിരിച്ചു വരവിനെപ്പറ്റി…

സൂപ്പര്‍ഹിറ്റായ ധോണി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറിയിലൂടെ ബോളിവുഡില്‍ സജീവമാവുകയാണല്ലൊ?
കാസ്റ്റിംഗ് ഡയറക്ടര്‍ മുഖേനയാണ് ഞാന്‍ ധോണി:ദി അണ്‍ടോള്‍ഡ് സ്‌റ്റോറിയിലെത്തുന്നത്. ബോളിവുഡില്‍ ഒരു സിനിമ ചെയ്യണമെന്ന് എന്റയും മനസിലുണ്ടായിരുന്നു. അപ്പോഴാണ് ധോണി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറിയിലേക്കു വിളിക്കുന്നത്. നീരജ് പാണ്ഡെ പോലൊരു മികച്ചസംവിധായകനൊപ്പം ഒരു ബ്രില്ല്യന്റ് സിനിമയില്‍ വര്‍ക്കു ചെയ്യാന്‍ എപ്പോഴും സാധിച്ചെന്നു വരില്ല. പ്രേക്ഷകര്‍ക്ക് ഈ സിനിമ ഇഷ്ടപ്പെടുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഇരുപതു വര്‍ഷത്തിനു ശേഷമെത്തുന്ന തലമുറ പോലും ഇങ്ങനെ ഒരു സിനിമ ഉണ്ടായിരുന്നതായി പറയും. ആ ഒരു തോന്നല്‍ ഉണ്ടായതു കൊണ്ടാണ് ഞാന്‍ ഈ സിനിമയിലേക്കെത്തിയത്.

ഹിറ്റ് മേക്കര്‍ നീരജ് പാണ്ഡെയോടൊപ്പമുള്ള അനുഭവം?

അതിസമര്‍ത്ഥനായ ഒരു ഫിലിം മേക്കറാണ് അദ്ദേഹം. നീരജ് പാണ്ഡെയോടൊപ്പം ഒരു സിനിമയില്‍ വര്‍ക്കു ചെയ്യണമെന്നു ഞാന്‍ ആഗ്രഹിച്ചിട്ടുള്ളതാണ്. അതു ഒരു സ്വപ്നം സാധ്യമായതുപോലെയാണ് എനിക്കു തോന്നിയത്.

ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ വളര്‍ന്നിട്ടും സൗത്തിന്ത്യന്‍ സിനിമകളിലൂടെയാണല്ലോ ഭൂമിക ബോളിവുഡിലെത്തുന്നത്?

സിനിമയില്‍ അഭിനയിച്ചു തുടങ്ങിയതിനു ശേഷം ബോളിവുഡില്‍ ഒരു സിനിമ ചെയ്യണമെന്നു തോന്നിയപ്പോഴാണ് ഞാന്‍ അവിടേക്കെത്തിയത്. സിനിമകള്‍ ഓരോന്നും സംഭവിക്കുകയാണ്. നമ്മള്‍ എത്രയൊക്കെ ശ്രമിച്ചാലും ഓരോന്നിനും അതിന്റേതായ സമയമുണ്ട്. അതിലേക്കു നമ്മള്‍ എത്തുക മാത്രമാണ്.

സിനിമ ജീവിതത്തിനിടയില്‍ ഒരു വ്യക്തി എന്ന നിലയില്‍ തിരിഞ്ഞു നോക്കുമ്പോള്‍ എന്തു തോന്നുന്നു?

ഓരോ ദിവസവും നമ്മള്‍ വളരുകയാണ്. അതു ശാരീരിക വളര്‍ച്ചയേക്കാള്‍ മാനസികമായാണ് സംഭവിക്കുന്നത്. ജീവിതത്തെ തിരിച്ചറിയാനും മനസിലാക്കുവാനുമുള്ളതാണ് ആ വളര്‍ച്ച. പത്തു വര്‍ഷം മുമ്പുള്ള ഭൂമികയും ഇപ്പോഴുള്ള ഭൂമികയും വ്യത്യസ്തരാണ്. എന്റെ വിവാഹ ജീവിതം പോലും എനിക്കു ശരി എന്നു തോന്നിയിട്ടുള്ള തീരുമാനമായിരുന്നു. ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ ജീവിതത്തിലുണ്ടായ ഉയര്‍ച്ച താഴ്ചകളെ ബാലന്‍സ് ചെയ്തു മുന്നോട്ടു കൊണ്ടുപോകാന്‍ എനിക്കു സാധിച്ചിട്ടുണ്ട്. എല്ലാവരുടെയും ജീവിതത്തിലങ്ങനെയാണ്. ഒരേ വിഷയത്തില്‍ ഇപ്പോള്‍ മനസിലാക്കുന്നതായിരുന്നില്ല ഒരു പത്തു വര്‍ഷം മുന്നിലെത്തെ ജീവിതം പഠിപ്പിക്കുന്നത്.

ഒമ്പതു വര്‍ഷത്തിനു ശേഷമാണ് ഒരു ഹിന്ദി സിനിമയിലെത്തുന്നത്. വലിയൊരു ഇടവേളയായി എന്നു തോന്നിയിരുന്നോ?

സിനിമ അഭിനയത്തില്‍ നിന്നും ഒരിക്കലും ഞാന്‍ മാറി നിന്നിട്ടില്ല. ബോളിവുഡില്‍ നിന്നു മാറി നില്‍ക്കുമ്പോഴും മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ ഞാന്‍ സജീവമായിരുന്നു. ഗാന്ധി മൈ ഫാദറായിരുന്നു ഞാന്‍ അവസാനം ചെയ്ത ബോളിവുഡ് ചിത്രം. കഴിഞ്ഞ വര്‍ഷമാണ് ധോണി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറിയിലേക്ക് എത്തുന്നത്. ഓരോ ചിത്രവും സംഭവിക്കുന്നതാണ്. മുമ്പ് രണ്ട് ദേശീയ പുരസ്കാരം നേടിയ ഒരു ചിത്രം മാധവനൊപ്പം ഞാന്‍ കമ്മിറ്റു ചെയ്തിരുന്ന ചിത്രമാണ്. പക്ഷെ, ആ ചിത്രത്തില്‍ മൂന്നു മുതിര്‍ന്ന കുട്ടികളുടെ അമ്മ വേഷത്തില്‍ എന്നെ കാണാന്‍ മണിരത്‌നം സാറിന് ആത്മ വിശ്വാസം തോന്നിയില്ല.

അങ്ങനെയാണ് ആ ചിത്രം നഷ്ടമായത്. അതുപോലെ ഒമ്പതു പുരസ്കാരങ്ങള്‍ നേടിയ മറ്റൊരു ചിത്രം, ഞാന്‍ ഡേറ്റു നല്‍കിയെങ്കിലും പ്രീപ്രൊഡക്ഷന്‍ ജോലികള്‍ താമസിച്ചതിനാല്‍ ആ സിനിമയില്‍ നിന്നും എനിക്കു പിന്‍മാറേണ്ടി വന്നിട്ടുണ്ട്. ആ ചിത്രം തുടങ്ങിയ സമയത്തിനുള്ളില്‍ ഞാന്‍ മറ്റു നാലു തെലുങ്കു സിനിമകള്‍ പൂര്‍ത്തിയാക്കിയിരുന്നു. അപ്പോഴേക്കും എന്റെ കല്യാണവും കഴിഞ്ഞു. ഒരു സിനിമ നമ്മള്‍ ചെയ്യുമ്പോള്‍ അതിലേക്ക് 100 ശതമാനവും ഇറങ്ങിച്ചെല്ലാനാകണം. അല്ലാത്ത പക്ഷം അതു ചെയ്യില്ല. എന്റെ ഓരോ ചിത്രവും അങ്ങനെയാണ് ചെയ്തിരിക്കുന്നത്. മലയാളത്തിലെ ഭ്രമരവും ബഡ്ഡിയുമൊക്കെ അങ്ങനെ ചെയ്ത ചിത്രങ്ങളാണ്. അതുകൊണ്ടു തന്നെ ഇടവേള മനസില്‍ തോന്നിയിട്ടില്ല എന്നതാണ് സത്യം.

ഇതുവരെയുള്ള സിനിമ ജീവിതത്തില്‍ ബോളിവുഡും സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളും തുലനം ചെയ്തു പോകാന്‍ സാധിച്ചിട്ടുണ്ട്. ഏതിനാണ് മുന്‍ഗണന?

എല്ലാ സിനിമ മേഖലയും എനിക്കു കംഫര്‍ട്ടബിളാണ്. എന്റേതായ വിശാലത കിട്ടുന്ന സിനിമകളെ ഭാഷയ്ക്കതീതമായി ഞാന്‍ ആസ്വദിക്കാന്‍ ശ്രമിക്കുന്നുണ്ട്. സിനിമകളെ തെരഞ്ഞടുക്കുമ്പോള്‍ അതാണ് ശ്രദ്ധിക്കാറുള്ളത്. പിന്നെ എന്റെ മാത്യഭാഷയിലുള്ള സിനിമയാണ് ബോളിവുഡ്. അതു മനസിനോട് കൂടുതല്‍ ചേര്‍ന്നിരിക്കാറുണ്ട്.

ജീവചരിത്രപരമായ സിനിമകള്‍ ഇപ്പോള്‍ നിരവധി എത്തുന്നത് ശ്രദ്ധിച്ചിരുന്നോ?

ഓരോ ചിത്രങ്ങളും മികച്ച സിനിമയായിട്ടാണ് ഒരുക്കുന്നത്. ബാഗ് മില്‍ക്ക ബാഗ്, മേരി കോം ചിത്രങ്ങളൊക്കെ എനിക്കും ഏറെ ഇഷ്ടപ്പെട്ടതാണ്. ഇന്നത്തെ തലമുറ ഒരു വ്യക്തിയെ അറിയാന്‍ ശ്രമിക്കുന്നത് ഗൂഗിളില്‍ മാത്രമാണ്. അപ്പോള്‍ നമുക്കിടയില്‍ നിന്നും വന്ന മഹത് വ്യക്തികളെ പറ്റി അറിയാന്‍ ഇത്തരം ചിത്രങ്ങള്‍ കാരണമാകുന്നത് നല്ലകാര്യമാണ്.

നായിക എന്ന ലേബലിനപ്പുറം സിനിമയില്‍ ചെറിയ വേഷത്തില്‍ എത്താനും ധൈര്യപ്പെടുമോ?

ഓരോ സിനിമയിലും എന്റെ കഥാപാത്രത്തിന്റെ ദൈര്‍ഘ്യം എനിക്കു ഒരു പ്രശ്‌നമുള്ളതല്ല. മറ്റുള്ളവരുടെ മനസില്‍ എനിക്കു സ്ഥാപിച്ചു വച്ചിരിക്കുന്ന അതിരുകള്‍ക്കപ്പുറം പോകാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍. അതുകൊണ്ടു തന്നെ അത്തരം നിയന്ത്രണങ്ങള്‍ക്കും അപ്പുറം കടന്ന് മറ്റുള്ളവരെ അമ്പരപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അതിന് ഒരു കഥാപാത്രത്തിന്റെ ദൈര്‍ഘ്യമല്ല കാരണമാകുന്നത്. ഒരു ചെറിയ വേഷം കൊണ്ടു പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതാണ് കാര്യം. ഒരു മികച്ച സംവിധായകന്റെ, ഒരു മികച്ച ടീമിനൊപ്പം ഒരു നല്ല സിനിമ ചെയ്യാന്‍ സാധിക്കുന്നു എന്നതിനാണ് അവിടെ പ്രാധാന്യം.

ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുന്നത്?

ഒരു കഥ പറയുമ്പോള്‍ അത് എത്രത്തോളം പ്രേക്ഷകരില്‍ മതിപ്പുണ്ടാക്കാന്‍ ശ്രമിക്കും എന്നത് ചിന്തിക്കാറുണ്ട്. പ്രേക്ഷകര്‍ സിനിമ കാണാന്‍ ഇരിക്കുമ്പോള്‍ അവരുടെ ചിന്ത കഥയില്‍ നിന്നും വഴിമാറാന്‍ പാടില്ല. അങ്ങനെ സിനിമ ഒരുക്കുന്നത് പ്രശംസനീയമായ കാര്യമാണ്. പ്രേക്ഷകന്റെ കണ്ണ് ആ സൃഷ്ടിയിലേക്കു പതിക്കുമ്പോള്‍ അവരെ പിടിച്ചിരുത്തുന്നതായിരിക്കണം സിനിമ. അത്തരം സിനിമയോടൊപ്പം സഞ്ചരിക്കാനാണ് ശ്രമിക്കാറുള്ളത്.

സ്റ്റാഫ് പ്രതിനിധി

Related posts