‘നീ പോയി രക്ഷപ്പെട്ടോ ഞാന്‍ വശക്കേടായി’ ! മുങ്ങിത്താഴുമ്പോള്‍ ശരവണന്‍ ബിജുവിനോടു പറഞ്ഞു; ആ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാവാതെ ബിജു…

ഉറ്റ സുഹൃത്തായ ശരവണന്റെ മരണം ഉള്‍ക്കൊള്ളാന്‍ ഇനിയും ബിജുവിന് കഴിഞ്ഞിട്ടില്ല. ഇരുവരുമൊന്നിച്ച് മത്സ്യബന്ധനത്തിനു പോയപ്പോഴാണ് ശരവണന്‍ ബോധക്ഷയം വന്ന് വെള്ളത്തിലേക്ക് വീഴുന്നതും മരിക്കുന്നതും. നീ പോയി രക്ഷപ്പെട്ടോ ഞാന്‍ വശക്കേടായി’ മുങ്ങിത്താഴുമ്പോള്‍ ശരവണന്‍ പറഞ്ഞിങ്ങനെയായിരുന്നു. എങ്കിലും ബിജുവിന് ഒരു നേരിയ പ്രതീക്ഷ ഉണ്ടായിരുന്നു തന്റെ ഉറ്റ സുഹൃത്തായ ശരവണനെ രക്ഷപ്പടുത്താമെന്ന്…

”ചേട്ടന്‍ ടെന്‍ഷനടിക്കാതെ ഇരി നമുക്ക് രക്ഷപ്പെടാം” എന്ന് ബിജു പറഞ്ഞെങ്കിലും ശരവണനെ കരയ്ക്ക് എത്തിക്കുക അത്ര എളുപ്പമായിരുന്നില്ല. ഏകദേശം 15 മിനിറ്റ് ശരവണനനുമായി നിലയില്ലാ കയത്തില്‍ നിന്നെന്നു ബിജു പറയുന്നു. പിന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ ശരവണന്‍ വീണ്ടും താഴേക്ക് പോയി. 25 വര്‍ഷമായി തന്റെയൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഇനിയില്ല എന്ന സത്യം ഉള്‍ക്കൊള്ളാന്‍ ബിജുവിനാകുന്നില്ല. ശനി വൈകിട്ട് 6.30നാണു ശരവണനും ബിജുവും കൂടി മത്സ്യബന്ധനത്തിന് പോയത്. മീന്‍ പിടിക്കാന്‍ പോകുന്നതിനിടെ ശരവണന്‍ ബോധം മറഞ്ഞു താഴേക്ക് പോവുകയായിരുന്നു എന്ന് ബിജു പറഞ്ഞു. എന്‍ജിന്‍ ഘടിപ്പിച്ച വഞ്ചി ആയതിനാല്‍ എന്‍ജിന്‍ നിര്‍ത്തുമ്പോഴേക്കും വഞ്ചി കുറച്ചു ദൂരം മുന്‍പോട്ട് പോയി. തുടര്‍ന്ന് പങ്കായം വലിച്ചു ശരവണന്‍ വീണ സ്ഥലത്തു പോയി.

മുങ്ങിത്താണുക്കൊണ്ടിരുന്ന ശരവണനെ വഞ്ചിയില്‍ നിന്നു ചാടിയ ശേഷം പിടിച്ചു കയറ്റാന്‍ നോക്കി. എന്നാല്‍ അപ്പോഴേക്കും വഞ്ചി ദൂരേക്ക് നീങ്ങി പോയിരുന്നു എന്ന് ബിജു പറയുന്നു. തുടര്‍ന്ന് ഉറക്കെ നിലവിളിച്ചു. ഈ സമയം ശരവണന്‍ ബിജുവിന്റെ കൈയില്‍ നിന്നു താഴേക്ക് പോവുകയായിരുന്നു…. കരച്ചില്‍ കേട്ടു ഈ ഭാഗത്ത് വള്ളവുമായെത്തിയ രഘുവരന്‍ മുങ്ങിത്താഴാന്‍ തുടങ്ങിയ ബിജുവിനെ വഞ്ചിയില്‍ പിടിച്ചു കയറ്റി രക്ഷപ്പെടുത്തിയെങ്കിലും കൂടെയുണ്ടായിരുന്ന ശരവണനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

ചികിത്സക്കായി ബിജുവിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.വേമ്പനാട്ടു കായലില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച അഗ്‌നിരക്ഷാസേനയുടെ ഒരു വിഭാഗത്തെ സ്ഥിരമായി നിയമിക്കണമെന്ന ആവശ്യം ഇതോടൊപ്പം ഉയരുകയാണ്. എല്ലാ വര്‍ഷവും ഇവിടെ അപകടം ഉണ്ടാകാറുണ്ട്. അപകടം ഉണ്ടാകുമ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുകയാണെങ്കില്‍ മരണ നിരക്കും കുറയ്ക്കാമെന്നു സമീപവാസികള്‍ പറയുന്നു.

Related posts