50,000 രൂപ മാത്രമാണ് വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടതെന്ന് ബിജെപി എംപി! 1.14 കോടി രൂപ അടങ്ങിയ സ്യൂട്ട് കേസും ലഭിച്ചെന്ന് മോഷ്ടാവ്; ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി

അഴിമതി പൂര്‍ണമായും ഒഴിപ്പിച്ച് കള്ളപ്പണം പിടിച്ചെടുക്കും എന്ന് വാദിച്ചുകൊണ്ട് അധികാരത്തിലെത്തിയവരാണ് ബിജെപി സര്‍ക്കാര്‍. അതിന്റെ ഭാഗമായിരുന്നു നോട്ട് നിരോധനം. എന്നാല്‍ നിരോധിച്ച നോട്ടില്‍ 99.3 ശതമാനവും തിരിച്ചു വന്നു എന്ന ആര്‍ബിഐയുടെ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ നോട്ടുനിരോധനത്തിന് പിന്നില്‍ പൊതുജനമറിയാത്ത ഉദ്ദേശലക്ഷ്യങ്ങളുണ്ടായിരുന്നു എന്നത് വ്യക്തമാവുകയായിരുന്നു. എന്നാല്‍ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും തകൃതിയായി അധികാരികളുടെ നിശബ്ദ സമ്മതത്തോടെ നടക്കുന്നുണ്ടെന്നതിന് തെളിവാകുകയാണ് ഇപ്പോള്‍ പുറത്തു വരുന്ന ഒരു വാര്‍ത്ത.

ബി.ജെ.പി എം.പി ഗിരിരാജ് സിംഗിന്റെ വീട്ടിലെ മോഷണത്തെ തുടര്‍ന്ന് അരങ്ങേറിയ രസകരമായ സംഭവങ്ങളാണത്. സംഭവുമായി ബന്ധപ്പെട്ട് പോലീസ് ഒരു യുവാവിനെ അറസ്റ്റ് ചെയ്തു. 50,000 രൂപയും ഏതാനും സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടുവെന്നായിരുന്നു എം.പിയുടെ പരാതി. എന്നാല്‍ തനിക്ക് 1.14 കോടി രൂപ അടങ്ങിയ സ്യുട്ട് കേസ് ലഭിച്ചുവെന്നായിരുന്നു മോഷ്ടാവിന്റെ വെളിപ്പെടുത്തല്‍.

ഇതിന് പുറമെ രണ്ട് സ്വര്‍ണ മാലകളും ഒരു ജോടി സ്വര്‍ണ കമ്മലും 14 വെള്ളി നാണയങ്ങളും ഏഴ് ആഡംബര വാച്ചുകളും ലഭിച്ചതായി മോഷ്ടാവ് വെളിപ്പെടുത്തി. ഗിരിരാജ് സിംഗിന്റെ പടിഞ്ഞാറന്‍ പാറ്റ്നയിലെ വസതിയിലാണ് മോഷണം നടന്നത്. ഒരു കോടി രൂപ അടങ്ങിയ സ്യുട്ട്കേസ് ലഭിച്ചുവെന്ന് കള്ളന്‍ വെളിപ്പെടുത്തിയിട്ടും 50,000 രൂപയാണ് നഷ്ടപ്പെട്ടതെന്നാണ് എം.പി പരാതി നല്‍കിയിരിക്കുന്നത്. ആഡംബര വാച്ച് അടക്കമുള്ള വസ്തുക്കള്‍ പരിശോധിക്കാന്‍ പോലും എം.പിയോ കുടുംബാംഗങ്ങളോ പോലീസ് സ്‌റ്റേഷനില്‍ എത്തിയിട്ടില്ല.

എം.പിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഒരു കോടി രൂപ കിട്ടിയെന്ന മോഷ്ടാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ആദായ നികുതി വകുപ്പ് പ്രാഥമികാന്വേഷണം തുടങ്ങി. മോഷ്ടാവിന് ലഭിച്ചുവെന്ന് പറയുന്ന പണത്തിന്റെ ഉടമയെ കണ്ടെത്തേണ്ടത് പോലീസാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മംഗള്‍ പാണ്ഡെ പറഞ്ഞു. മോഷ്ടാവിന്റെ വാക്ക് വിശ്വസിക്കരുതെന്നും ബി.ജെ.പി അധ്യക്ഷന്‍ പറഞ്ഞു.

Related posts