മോദി പ്രഭാവത്തില്‍ വന്‍ മുന്നേറ്റം നടത്തി ബിജെപി ! നിതീഷ് മുഖ്യമന്ത്രി ആയാലും ഭരണചക്രം തിരിക്കുക ബിജെപി തന്നെ; തെരഞ്ഞെടുപ്പിനു മുമ്പുള്ള സര്‍വേകള്‍ ശരിയാകുമ്പോള്‍…

ഒട്ടുമിക്ക എക്‌സിറ്റ് പോളുകളും ബിഹാറില്‍ മഹാസഖ്യത്തിന്റെ മുന്നേറ്റം പ്രവചിച്ചിട്ടും നേട്ടമുണ്ടാക്കിയത് എന്‍ഡിഎ.

സഖ്യത്തില്‍ നിതീഷ് കുമാറിന് കോട്ടം വന്നപ്പോള്‍ നേട്ടമായത് ബിജെപിയ്ക്കും. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിച്ചത് ക്ഷീണം ചെയ്തതാവട്ടെ നിതീഷിനും ജെഡിയുവിനും മാത്രവും.

എക്‌സിറ്റ് പോളുകള്‍ മഹാസഖ്യത്തിന്റെ മുന്നേറ്റം പ്രവചിച്ചുവെങ്കിലും തെരഞ്ഞെടുപ്പിനു മുമ്പു നടത്തിയ ചില സര്‍വേകള്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്നുമായിരുന്നു പ്രവചിച്ചത്.

ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ ഫലം. 70 സീറ്റില്‍ വിജയം ലക്ഷ്യമിട്ടാണ് ബിജെപി മത്സരത്തിന് എത്തിയത്. ആ ലക്ഷ്യം അവര്‍ കൈവരിക്കുകയും ചെയ്തു. നിതീഷിനോടെതിര്‍പ്പുള്ള ചിരാഗ് പാസ്വാന്റെ എല്‍ജെപി വിരലില്‍ എണ്ണാവുന്ന സീറ്റുകളില്‍ മാത്രമേ ബിജെപിയ്‌ക്കെതിരേ മത്സരിച്ചുള്ളൂ.

മാത്രമല്ല നരേന്ദ്രമോദിയോടും ബിജെപിയോടും എതിര്‍പ്പൊന്നുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ബിജെപി പാര്‍ട്ടികളില്‍ ഒന്നാമനായാലും നിതീഷ് തന്നെയാകും മുഖ്യനെന്ന് ബിജെപി മുമ്പേ തന്നെ പ്രഖ്യാപിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതിന്റെ സൂചന നല്‍കി. ബീഹാറില്‍ മോദി പ്രഭാവമാണ് ബിജെപിയെ ഒന്നാമനാക്കുന്നത്. ഇത് തന്നെയാണ് ബിജെപിക്ക് കൂടുതല്‍ ആശ്വാസം നല്‍കുന്നതും. കോവിഡിന് ശേഷം നടന്ന പ്രധാന ഇലക്ഷനാണ് ഇത്. അതുകൊണ്ട് തന്നെ ബിജെപിക്ക് ഈ വിജയം അതിനിര്‍ണ്ണായകമാണ്.

മോദിപ്രഭാവത്തിന് ഇപ്പോഴും മങ്ങലേറ്റിട്ടില്ലെന്ന് തെളിയിക്കുന്നാണ് ഈ തെരഞ്ഞെടുപ്പിന്റെ ഫലം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന നിതീഷ് തേജസ്വി യാദവുമായി പിണങ്ങി സഖ്യം വിടുകയും പിന്നീട് ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയാകുകയുമായിരുന്നു.

അതുവരെ മോദിയെ തള്ളിപ്പറഞ്ഞ നിതീഷ് അതെല്ലാം മാറ്റി പറഞ്ഞു. എന്‍ഡിഎയ്ക്കൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ചു. എന്നാല്‍ കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും ഒപ്പം നിര്‍ത്തി തേജസ്വി രണ്ടും കല്‍പ്പിച്ചെത്തിയതോടെ നിതീഷ് തളര്‍ന്നു. എന്നാല്‍ സഖ്യകക്ഷിയായ ബിജെപിയുടെ അവസ്ഥ അതല്ലായിരുന്നു.

മോദിയുടെ പ്രചരണം ബിജെപിയ്ക്ക് ആവേശമായി. മോദിപ്രഭാവത്തില്‍ അവര്‍ ലക്ഷ്യമിട്ടത് നേടുകയും ചെയ്തു. ചിരാഗ് പാസ്വാന്‍ വീണ്ടും എന്‍ഡിഎയുടെ ഭാഗമാകുമെന്നു തന്നെയാണ് സൂചന. ബിജെപിയുടെ അപ്രമാദിത്വത്തില്‍ ചിരാഗിനെതിരേ മുന്നണിയില്‍ നിതീഷിന്റെ ശബ്ദമുയരാനും സാധ്യതയില്ല.

മുഖ്യമന്ത്രി കസേര ജെഡിയുവിന് ആണെങ്കിലും പിന്നണിയില്‍ ഭരണചക്രം തിരിക്കുന്നത് ബിജെപി ആകാനാണ് സാധ്യത. ഏകകക്ഷി ഭരണത്തിലേക്ക് ബീഹാറിനെ മാറ്റാനുള്ള പരീക്ഷണം കഴിഞ്ഞ തവണ ബിജെപി നടത്തിയിരുന്നു. അത് വിഫലമായി.

ആര്‍ജെഡിയ്ക്കാവട്ടെ കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് കുറയുകയും ചെയ്തു. അത് തേജസ്വി യാദവിനെ നിരാശനാക്കും. എങ്കിലും എന്‍ഡിഎയിലെ പ്രശ്‌നങ്ങള്‍ അറിയാവുന്നതിനാല്‍ കരുതലോടെ നീങ്ങാനാവും തേജസ്വി ശ്രമിക്കുന്നത്.

കഴിഞ്ഞ നിയമസഭയില്‍ 54 സീറ്റുകളാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. ഇതാണ് ഉയരുന്നത്. തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ ലീഡ് നിലനിര്‍ത്താനും കഴിഞ്ഞതാണ് ബിജെപിയ്ക്ക് നേട്ടമായത്.

Related posts

Leave a Comment