കമ്മീഷന്‍ 30 ശതമാനം! ദുബായ് കേന്ദ്രമാക്കിയ ‘നോട്ടുമാറ്റല്‍’ മാഫിയ കേരളത്തില്‍ സജീവം; ഒരു കോടിയുടെ പഴയ നോട്ടിന് തിരികെ നല്കുക 70 ലക്ഷം

blackmoneyഅക്കണ്ടൗില്‍ പണമുണ്ടായിട്ടും എടുക്കാനാവാതെ അത്യാവശ്യ ചെലവുകള്‍ക്കായി ജനം ബാങ്കുകള്‍ക്ക് മുന്‍പില്‍ ക്യൂ നിന്ന് തളരുമ്പോള്‍, കോടികളുടെ കള്ളപ്പണം  വെളുപ്പിക്കാമെന്ന വാഗ്ദാനവുമായി ദുബൈ കേന്ദ്രമാക്കിയ നോട്ടുമാഫിയ രംഗത്ത്. പഴയ 500, 1000 രൂപ നോട്ടുകള്‍ എത്ര വേണമെങ്കിലും മാറ്റി, പകരം 2000 ന്റെ പുതുപുത്തന്‍ നോട്ടുകള്‍ നല്‍കുന്ന സംഘം കേരളത്തിലടക്കം സജീവമായി. മുപ്പത് ശതമാനം കമ്മീഷന്‍ കഴിച്ചുള്ള തുക 2000 ന്റെ നോട്ടുകളായി വീടുകളില്‍ എത്തിച്ചുനല്‍കുമെന്നാണ് വാഗ്ദാനം. ചില ന്യൂ ജനറേഷന്‍ ബാങ്കുകളിലെ മാനേജര്‍മാരും, ചില ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുമാണ് ‘കച്ചവട’ത്തിലെ  ഇടനിലക്കാര്‍. വലിയ തുകയുടെ നോട്ടുകള്‍ പിന്‍വലിക്കാനുള്ള പ്രധാനമന്ത്രിയുടെ രഹസ്യനീക്കം മുന്‍കൂട്ടി ചോര്‍ത്തിയെന്ന ആരോപണം ശരിവെക്കും വിധമാണ് കാര്യങ്ങള്‍.

ആവശ്യക്കാരുടെ മൊബൈല്‍ നമ്പര്‍ ഏജന്റിനു നല്‍കിയാല്‍ മാഫിയയുടെ പ്രതിനിധി നേരില്‍ സമീപിക്കും. ഒരു കോടിയുടെ പഴയ നോട്ടുകള്‍ നല്‍കിയാല്‍ 70 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പറയുന്നിടത്ത് എത്തിച്ചു നല്‍കുമെന്നാണ് വാഗ്ദാനം. ഡീല്‍ ഉറപ്പിച്ചുകഴിഞ്ഞാല്‍ രഹസ്യമായി കൈമാറ്റം നടക്കും. തിരുവനന്തപുരം,പത്തനംതിട്ട,കോട്ടയം, എറണാകുളം,തൃശൂര്‍,  മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങി ജില്ലകളിലെ നഗരങ്ങള്‍ കേന്ദീകരിച്ചാണ് ഏജന്റുമാരുടെ പ്രവര്‍ത്തനം.

സുഹൃത്തായ ഒരു ന്യൂജെന്‍ ബാങ്ക് മാനേജരില്‍ നിന്നു ലഭിച്ച മൊബൈല്‍ നമ്പറില്‍ രാഷ്ട്രദീപികഡോട്ട്‌കോം പ്രതിനിധി ആവശ്യക്കാരനെന്ന വ്യാജേന ബന്ധപ്പെട്ടു. നമ്പര്‍ തന്ന ആളുടെ വിശദാംശം ചോദിച്ചറിഞ്ഞശേഷം, തിരിച്ചു വിളിക്കാമെന്നായിരുന്നു മറുപടി. ബാങ്ക് മാനേജരോട് ബന്ധപ്പെട്ട് സുരക്ഷിതത്വം ഉറപ്പുവരുത്തിയശേഷം ഏജന്റിന്റെ വിളി വന്നു. എത്ര കോടിയുെങ്കിലും കുഴപ്പമില്ല, 30 ശതമാനം കമ്മീഷന്‍ കഴിച്ചുള്ള തുക രണ്ടായിരത്തിന്റെ നോട്ടുകെട്ടുകളായി പറയുന്നിടത്ത് എത്തിച്ചു നല്‍കുമെന്ന് ഏജന്റ് ഉറപ്പു നല്‍കി. ഇത്രയധികം 2000 ന്റെ നോട്ടുകള്‍ ലഭ്യമാണോ എന്ന ചോദ്യത്തിന്, അതൊന്നും നിങ്ങള്‍ അറിയേണ്ട, ദുബായില്‍ നിന്നാണ് ഇടപാടുകള്‍ എന്നായിരുന്നു മറുപടി. കമ്മീഷന്‍ കുറയുമോ എന്ന ചോദ്യത്തിന് തുകയുടെ 25 ശതമാനം ഇടപാടുകാര്‍ക്ക് നല്‍കണമെന്നും, തങ്ങള്‍ക്ക് വെറും അഞ്ച് ശതമാനം മാത്രമെ ഉള്ളുവെന്നും മറുപടി ലഭിച്ചു. ആവശ്യക്കാരന്റെ നമ്പര്‍ ഏജന്റിനു കൈമാറിയാല്‍ ‘കമ്പനി’ യുടെ പ്രതിനിധി ആളെ നേരിട്ടു സമീപിക്കുമെന്നും ഡീല്‍ ഉറപ്പിച്ചാല്‍ ദിവസത്തിനകം കൈമാറ്റം നടക്കുമെന്നും ഏജന്റ് ഉറപ്പുനല്‍കി. വിഷയം ഇരുചെവി അറിയരുതെന്ന മുന്നറിയിപ്പോടെയാണ് സംഭാഷണം അവസാനിപ്പിച്ചത്.

നിലവിലുളള നിയമമനുസരിച്ച് കള്ളപ്പണം വെളുപ്പിക്കണമെങ്കില്‍ 30 ശതമാനം ആദായ നികുതിയും, അതിന്റെ 200 ശതമാനം പിഴയും ഒടുക്കണം. ഒരു കോടിക്ക് 30 ലക്ഷം രൂപയാണ് ആദായനികുതി. ഇതിന്റെ 200 ശതമാനം 60 ലക്ഷം രൂപവരും. ഇതനുസരിച്ച് ഒരു കോടിയുടെ  ഉറവിടം വെളുപ്പെടുത്തിയാല്‍ നികുതിയും പിഴയും കഴിച്ച് 10 ലക്ഷം രൂപ മാത്രമെ കൈയില്‍ കിട്ടൂ. ഇത് മുതലെടുത്താണ് ‘ ഒരു കോടിക്ക് 70 ലക്ഷം’ നല്‍കുന്ന മാഫിയ രംഗത്തിറങ്ങിയത്. എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ ഇത്തരത്തിലുള്ള നിരവധി ഇടപാടുകള്‍ നടന്നതായി അറിയുന്നു.

Related posts