ബ്ലഡ് ബാങ്കുകളും ആശുപത്രികളും തമ്മില്‍ ധാരണയില്ല! അഞ്ച് വര്‍ഷത്തിനിടയില്‍ രാജ്യത്ത് പാഴാക്കി കളഞ്ഞത് ആറുലക്ഷം ലിറ്റര്‍ രക്തം; പ്രശസ്തിക്കുവേണ്ടി മാത്രം ദാനം ചെയ്യുന്നതും രക്തം പാഴാവാന്‍ കാരണമാവുന്നു

Blood Transfusion bagsമനുഷ്യരായി ജനിച്ചവര്‍ക്കെല്ലാം സ്വന്തമായുള്ളതും എന്നാല്‍ അത്യാവശ്യഘട്ടങ്ങളില്‍ തീരെ ലഭിക്കാത്തതുമായ ഒന്നാണ് രക്തം. എന്നാല്‍ അടുത്തകാലത്തായി രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ച് ബോധവത്കരണ പരിപാടികള്‍ നടന്നുവരുകയാണ്. ഇക്കാരണത്താല്‍ തന്നെ നിരവധിയാളുകള്‍ ഇന്ന് രക്തം ദാനം ചെയ്യാന്‍ തയാറാവുന്നവരുമാണ്. എന്നാല്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ഇതുസംബന്ധിച്ച് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അഞ്ച് വര്‍ഷത്തിനിടയില്‍ രാജ്യത്തെ രക്ത ബാങ്കുകളില്‍ പാഴാക്കി കളഞ്ഞത് 28 ലക്ഷം യൂണിറ്റ് രക്തംമാണെന്നാണ് വെളിവായിരിക്കുന്നത്.

ഇത് ആറ് ലക്ഷം ലിറ്റര്‍ രക്തത്തിനടുത്ത് വരും. വാഹനാപകടങ്ങള്‍ പെരുകുന്ന ഈ കാലഘട്ടത്തില്‍ രക്തം ലഭിക്കാതെ അപകടങ്ങളിലും മറ്റും പെട്ട് ദിനം പ്രതി നിരവധി ആളുകള്‍ നെട്ടോട്ടമോടുന്ന സമയത്താണ് രാജ്യത്തെ ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്ത് വരുന്നത്. ആശുപത്രികളും രക്തബാങ്കുകളും തമ്മില്‍ കൃത്യമായ ക്രമീകരണ സംവിധാനമില്ലാത്തതാണ് ഇത്രയധികം യൂണിറ്റ് രക്തം പാഴായി പോകാന്‍ കാരണമായി പറയുന്നത്. 2016-17 വര്‍ഷത്തില്‍ മാത്രം 6.57 ലക്ഷം യൂണിറ്റ് രക്തം രാജ്യത്ത് പാഴാക്കി കളഞ്ഞിട്ടുണ്ടത്രേ. ഒരു വര്‍ഷം വരെ ഉപയോഗിക്കാവുന്ന രക്തത്തിലെ പ്ലാസ്മയാണ് പാഴാക്കി കളഞ്ഞതില്‍ 50 ശതമാനവും. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രക്തം പാഴാക്കുന്നത്.

രക്തത്തിലെ പ്ലാസ്മയും അരുണ രക്താണുക്കളും ഉപയോഗപ്പെടുത്തുന്നില്ല. ആവശ്യത്തിന് സൗകര്യങ്ങളോ സുരക്ഷയോ ഇല്ലാതെ പ്രശസ്തിക്ക് വേണ്ടി മാത്രം രക്തദാന ക്യാമ്പുകള്‍ നടത്തുന്നതും രക്തം പാഴായി പോകാന്‍ കാരണമാകാറുണ്ടെന്ന് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയിലെ ഡോക്ടര്‍ സറൈന്‍ ബറൂച പറഞ്ഞു. അഞ്ഞൂറ് യൂണിറ്റ് രക്തം മാത്രം സൂക്ഷിക്കാന്‍ ശേഷിയുള്ളിടത്ത് ഇത്തരം ക്യാമ്പുകളിലൂടെ ആയിരം മൂതല്‍ മൂവായിരം ലിറ്റര്‍ രക്തമാണ് ശേഖരിക്കുന്നത്. രക്തം പാഴായി പോകാതിരിക്കാനും അര്‍ഹരായവരിലേക്ക് ആവശ്യ സമയത്ത് എത്താനും രക്തബാങ്കുകളില്‍ ചെന്ന് ജനങ്ങള്‍ നേരിട്ട് രക്തദാനം നടത്തുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related posts